ഗുജറാത്തിലെ രണ്ടാം നരേന്ദ്ര മോദി.. ആരാണ് മുഖ്യമന്ത്രി വിജയ് രുപാനി?
അഹമ്മദാബാദ്: സമുദായ സമവാക്യമല്ല മോദി മോഡല്‍ രാഷ്ട്രീയത്തിന്റെ കാതല്‍. അത് ഭരണമികവാണ്. നരേന്ദ്ര മോദി ദില്ലിയിലേക്ക് പോയപ്പോള്‍ ഉണ്ടായ വിടവ് നികത്തനാണ് ബി ജെ പി ഗുജറാത്തില്‍ വിജയ് രുപാനിയെ മുഖ്യമന്ത്രി കസേരയില്‍ എത്തിക്കുന്നതെന്ന് വ്യക്തം. ഗുജറാത്തിലെ ശക്തരായ പട്ടേല്‍ സമുദായത്തിലെ നിതിന്‍ പട്ടേലിനെ തള്ളിയാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് കൂടിയായ വിജയ് രുപാനി മുഖ്യമന്ത്രിയാകുന്നത്.
നരേന്ദ്ര മോദിയുടെയും പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷായുടെയും അടുപ്പക്കാരന്‍ എന്നത് മാത്രമല്ല 60 കാരനായ രുപാനിയുടെ കരുത്ത്. വിവാദങ്ങളില്ലാത്ത ഒരു ഇമേജ് രൂപാനിക്കുണ്ട്. ലളിതമായ ജീവിതശൈലിയും പെരുമാറ്റവും. അടുത്തിടെ ന്യൂനപക്ഷ പദവി ലഭിച്ച ജെയിന്‍ സമുദായത്തില്‍ നിന്നാണ് രുപാനി വരുന്നത്. അടിയുറച്ച ആര്‍ എസ് എസ് പ്രവര്‍ത്തകനായ രുപാനി മുഖ്യമന്ത്രിയാകുമ്പോള്‍ ബി ജെ പിയുടെ പ്രതീക്ഷകള്‍ ഇങ്ങനെ.. രുപാനിയെക്കുറിച്ചും കൂടുതല്‍ വായിക്കാം.

തീര്‍ത്തും അപ്രതീക്ഷിതമല്ല
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരക്കെ പരിഗണിക്കപ്പെട്ടിരുന്നത് നിതിന്‍ പട്ടേലിന്റെ പേരാണെങ്കിലും തികച്ചും അപ്രതീക്ഷിതമായിട്ടല്ല വിജയ് രുപാനി ഗുജറാത്തിലെ മുഖ്യമന്ത്രിയാകുന്നത്. പാര്‍ട്ടി പ്രസിഡണ്ട് കസേരയില്‍ താന്‍ തൃപ്തനാണ് എന്ന് രുപാനി പറഞ്ഞിരുന്നെങ്കിലും പാര്‍ട്ടിയുടെ തീരുമാനം മറിച്ചായിരുന്നു.

തുണയായത് മോദി - ഷാ ബന്ധം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷായുടെയും വിശ്വസ്തനാണ് രുപാനി. കഴിഞ്ഞില്ല, പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്ന ആര്‍ എസ് എസിന്റെ പൂര്‍ണപിന്തുണയും രുപാനിക്ക് ഉണ്ട്.

ആദ്യമായി എംഎല്‍എ
ആദ്യമായി എം എല്‍ എ ആയ അവസരത്തില്‍ തന്നെ മുഖ്യമന്ത്രിയാകാനും രുപാനിക്ക് അവസരം കിട്ടി. 2014 ലാണ് രുപാനി ഗുജറാത്ത് അസംബ്ലിയിലെത്തുന്നത്. മന്ത്രിയുമായി. ട്രാന്‍സ്‌പോര്‍ട്ട്, തൊഴില്‍, ജലം എന്നീ വകുപ്പുകളാണ് രുപാനിക്ക് ഉണ്ടായിരുന്നത്.

തുടക്കം എബിവിപിയില്‍
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രുപാനിയുടെ തുടക്കം. എ ബി വി പിയിലൂടെ. 1971 ല്‍ ആര്‍ എസ് എസിലും പിന്നാലെ ജനസംഘത്തിലും ചേര്‍ന്നു. തുടക്കം മുതല്‍ ബി ജെ പിയിലുണ്ട്. രാജ്‌കോട്ട് മേയറും രാജ്യസഭ എം പിയുമായി.

മോദിയോടൊപ്പം
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ രുപാനി ബി ജെ പി ഗുജറാത്ത് ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഗുജറാത്ത് ഫിനാന്‍സ് ബോര്‍ഡ് ചെയര്‍മാനുമായി. വാജുഭായ് വാല രാജിവെച്ച ഒഴിവില്‍ 2014 ല്‍ രാജ്‌കോട്ടില്‍ നിന്നും മത്സരിച്ച് മന്ത്രിയായി.

രുപാനി വന്ന വഴി
നിതിന്‍ പട്ടേല്‍ മുഖ്യമന്ത്രിയായാല്‍ പട്ടേല്‍ വിഭാഗത്തെ ഒരുമിപ്പിച്ച് നിര്‍ത്താം എന്നായിരുന്നു പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ താല്‍പര്യം. എന്നാല്‍ ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായിട്ടും അത് കഴിഞ്ഞില്ല എന്നത് നിതിന്‍ പട്ടേലിന്റെ സാധ്യതകള്‍ മങ്ങാന്‍ കാരണമായി.

നിതിന്‍ പട്ടേല്‍
മുഖ്യമന്ത്രിയാകും എന്ന് കരുതിയ നിതിന്‍ പട്ടേലിനെ തള്ളിയാണ് ജെയിന്‍ സമുദായക്കാരനായ രുപാനി മുഖ്യമന്ത്രിയായത്. നിതിന്‍ പട്ടേലിനെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിട്ടുണ്ട്.












Click it and Unblock the Notifications