പ്രധാനമന്ത്രിയുടെ ഫോട്ടോ വാക്സിൻ സർട്ടിഫിക്കറ്റിൽ വെയ്ക്കുന്നതിന് എന്തിന് ലജ്ജിക്കണം?;ഹർജിക്കാരനോട് ഹൈക്കോടതി
ദില്ലി; വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹർജിക്കാരനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.മോദി മറ്റ് രാജ്യത്തെ അല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ എന്തിനാണ് പ്രധാനമന്ത്രിയുടെ ഫോട്ടോ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നതിന് ലജ്ജിക്കുന്നതെന്ന് ജഡ്ഡി പി വി കുഞ്ഞികൃഷ്ണൻ ചോദിച്ചു. മറ്റ് രാജ്യങ്ങൾ നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ അതത് പ്രധാനമന്ത്രിമാരുടെ ഫോട്ടോ ഇല്ലെന്നും വാക്സിൻ സർട്ടിഫിക്കേറ്റ് പൗരൻമാരുടെ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടാണ് കോടതി പ്രതികരിച്ചത്.

അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്, മറ്റൊരു രാജ്യത്തിന്റെയും പ്രധാനമന്ത്രിയല്ല. നമ്മൾ നടത്തിയ ജനവിധിയിലൂടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. നിങ്ങൾക്ക് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നത് കൊണ്ട് ഇതിനെ വെല്ലുവിളിക്കാൻ കഴിയില്ല.നമ്മുടെ പ്രധാനമന്ത്രിയെ ഓർത്ത് നിങ്ങൾ എന്തിനാണ് ലജ്ജിക്കുന്നത്? 100 കോടി ജനങ്ങൾക്ക് ഇതിൽ ഒരു പ്രശ്നവുമില്ല, പിന്നെ നിങ്ങൾക്ക് എന്താണ് പ്രശ്നം? ഓരോരുത്തർക്കും വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും നമ്മുടെ പ്രധാനമന്ത്രിയാണ്. നിങ്ങൾ ജുഡീഷ്യൽ സമയം പാഴാക്കുകയാണ്, ജഡ്ഡി പി വി കുഞ്ഞികൃഷ്ണൻ ചോദിച്ചു.
മറ്റ് രാജ്യങ്ങൾ തങ്ങളുടെ പ്രധാനമന്ത്രിയെ കുറിച്ച് അഭിമാനിക്കുന്നില്ലായിരിക്കാം, പക്ഷേ നമ്മൾ അഭിമാനിക്കുന്നു. നിങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിങ്ങളുടെ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടെന്നതിൽ നിങ്ങൾ അഭിമാനിക്കണം, കോടതി പറഞ്ഞു. അതേസമയം ഒരാൾ അഭിമാനിക്കണമോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു ഹർജിക്കാരന്റെ അഭിഭാഷകന്റെ വാദം. ഹർജിക്കാരൻ ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംസ്ഥാനതല മാസ്റ്റർ കോച്ചാണ്. അതേസമയം മുൻ പ്രധാനമന്ത്രിയുടെ പേരിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന വ്യക്തിയായിട്ടും എന്താണ് ആ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിക്കാത്തതെന്ന് കോടതി ചോദിച്ചു.
അതിന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് തന്റെ സ്വകാര്യ ഇടമാണെന്നും അതിൽ തനിക്ക് ചില അവകാശങ്ങളുണ്ടെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു,ഹരജിക്കാരൻ വാക്സിനേഷനായി പണം നൽകിയതിനാൽ, അദ്ദേഹത്തിന് നൽകിയ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉൾപ്പെടുത്തി ക്രെഡിറ്റ് അവകാശപ്പെടാൻ സംസ്ഥാനത്തിന് അവകാശമില്ലെന്ന് അദ്ദേഹം വാദിച്ചു. അതേസമയം ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications