ബഹവല്‍പൂര്‍ മുതല്‍ കോട്‌ലി വരെ; എന്തുകൊണ്ട് സൈന്യം ഈ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തു, കൃത്യം
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഇടങ്ങളിലായിരുന്നു പുലര്‍ച്ചെ തിരിച്ചടി. കര-വ്യോമ-നാവിക സേനാംഗങ്ങളുടെ സംയുക്ത ഓപറേഷന് സിന്ദൂര്‍ എന്നാണ് പേരിട്ടത്. പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ വിധവകള്‍ക്ക് ആശ്വാസമായിട്ടാണ് ഈ പേരിട്ടിരിക്കുന്നത്.
പാകിസ്താനില്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും സൈനിക കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിട്ടില്ല. ഭീകര കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാണ് തിരിച്ചടി നല്‍കിയത്. പഹല്‍ഗാം ആക്രമണത്തിന്റെ 15ാം നാളിലാണ് തിരിച്ചടി എന്നതും എടുത്തുപറയണം. പാകിസ്താന്‍ ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് ഇന്ത്യന്‍ സൈന്യം നിരീക്ഷിച്ചുവരികയാണ്. സുരക്ഷയുടെ ഭാഗമായി നിരവധി വിമാനത്താവളങ്ങള്‍ അടച്ചിട്ടുണ്ട്.

ഒമ്പത് സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത് എന്ന് സൈന്യം അറിയിച്ചു. എന്തുകൊണ്ടാണ് ഈ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത് എന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നവരുടെ സ്ഥലങ്ങളാണിത്. ഇവ കൃത്യമായി മനസിലാക്കിയായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.
ഭീകരരുടെ തട്ടകത്തില്‍ തിരിച്ചടി
പാകിസ്താനിലെ തെക്കന്‍ പഞ്ചാബിലുള്ള ബഹവല്‍പൂര്‍ ആയിരുന്നു സൈന്യം ലക്ഷ്യമിട്ട പ്രധാന കേന്ദ്രം. ജയ്‌ഷെ മുഹമ്മദ് എന്ന സംഘടനയുടെ ആസ്ഥാനം ഇവിടെയാണ്. ഇന്ത്യ ഏറെ കാലമായി തിരയുന്ന മസൂദ് അസര്‍ ആണ് ജയ്ഷിന്റെ നേതാവ്. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2019ലെ പുല്‍വാമ ആക്രമണം എന്നിവയ്ക്ക് പിന്നില്‍ ജയ്‌ഷെ മുഹമ്മദ് ആയിരുന്നു.
ലഷ്‌കറെ ത്വയ്യിബയുടെ സന്നദ്ധ സേവന വിഭാഗമാണ് ജമാഅത്തുദ്ദഅ്‌വ. ഈ രണ്ട് സംഘടനകളുടെയും കേന്ദ്രമാണ് മുരിദ്‌കെ. ഇവിടെയും ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി. ലാഹോറിന്റെ വടക്ക് ഭാഗത്ത് ഏകദേശം 40 കിലോമീറ്റര്‍ അകലെയാണ് മുരിദ്‌കെ. ഇവിടെയുള്ള കേന്ദ്രത്തിലാണ് ഭീകരര്‍ പരിശീലനം നേടുന്നത്. 200 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കേന്ദ്രം ഇവിടെ ഭീകരര്‍ക്കുണ്ട്. 2008ലെ മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പരിശീലനം ലഭിച്ചത് ഇവിടെയാണ്.
പാക് അധീന കശ്മീരിലെ പ്രധാന സ്ഥലമാണ് കോട്‌ലി. ഇവിടെ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ നടക്കുന്നത് ഇന്ത്യ പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരരുടെ പരിശീലന കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. 50 പേര്‍ക്ക് പരിശീലനം നേടാന്‍ സാധിക്കുന്ന കേന്ദ്രമാണ് കോട്‌ലിയിലേത്. കശ്മീരിലെ റജൗരിയിലും പൂഞ്ചിലും ആക്രമണം നടത്തിയ സംഘം പ്രവര്‍ത്തിക്കുന്ന ഗുല്‍പൂരിലും സൈന്യം തിരിച്ചടി നല്‍കിയിട്ടുണ്ട്.
സൗദി അറേബ്യ, യുഎഇ എന്നിവരെ അറിയിച്ചു
സോന്‍മര്‍ഗ്, ഗുല്‍മര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയ സംഘമുള്ള സവായിലും ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കി. നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള സര്‍ജല്‍, ബര്‍ണാല എന്നിവിടങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ട്. ഇതുവഴിയാണ് ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റം നടക്കാറുള്ളത്. ഹിസ്ബുല്‍ മുജാഹിദീന്റെ സിയാല്‍കോട്ടിന് അടുത്തുള്ള മെഹ്മൂന ക്യാംപിലും തിരിച്ചടി നല്‍കി.
ഇന്ന് പുലര്‍ച്ചെ 1.44നാണ് ഇന്ത്യന്‍ സൈന്യം ഒരേ സമയം ഒമ്പത് ഇടങ്ങളില്‍ ആക്രമണം നടത്തിയത്. ഇത്രയും സ്ഥലങ്ങളില്‍ ആക്രമണം നടക്കുമെന്ന് പാകിസ്താനും പ്രതീക്ഷിച്ചിരിക്കില്ല. പാകിസ്താനില്‍ ആക്രമണം നടത്തുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമാണ്. സാധാരണ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം പാക് അധീന കശ്മീരിലാണ് നടക്കാറുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണത്തെ സൈന്യത്തിന്റെ നീക്കം.
കരസേന, നാവിക സേന, വ്യോമ സേന എന്നീ മൂന്ന് വിഭാഗവും ഒരുമിച്ച് ചേര്‍ന്ന് ആക്രമണം നടത്തുന്നത് 1971ന് ശേഷം ആദ്യമാണ്. പാകിസ്താന്‍ സൈന്യത്തിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ല എന്ന് ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളുമായും പങ്കുവച്ചിട്ടുണ്ട്. യുഎസ്, ബ്രിട്ടന്‍, റഷ്യ, സൗദി അറേബ്യ, യുഎഇ എന്നിവര്‍ക്കെല്ലാം വിവരം കൈമാറി.












Click it and Unblock the Notifications