അമരീന്ദറിനെ സോണിയ കൈവിട്ടതിന് കാരണം ഇതാണ്; ദയനീയ പടിയിറക്കം, 3 തവണ അപമാനിതനായി
ന്യൂഡല്‍ഹി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കാന്‍ ഏറെ സഹായിച്ചത് അമരീന്ദര്‍ സിങ് എന്ന ക്യാപ്റ്റന്റെ പ്രതിഛായയായിരുന്നു. നാല് വര്‍ഷം പിന്നിടുമ്പോള്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രി പദത്തില്‍ നിന്ന് തലതാഴ്ത്തി ഇറങ്ങിപ്പോന്നിരിക്കുന്നു. എംഎല്‍എമാരുടെ വിമത നീക്കവും അടുത്തിടെ പുറത്തുവന്ന സര്‍വ്വെ ഫലവും നവജ്യോത് സിങ് സിദ്ദുവിന്റെ നീക്കങ്ങളുമാണ് അമരീന്ദറിന് പുറത്തേക്കുള്ള വഴി തെളിച്ചത്.
അമരീന്ദറിനെ മാറ്റിയില്ലെങ്കില്‍ 30ലധധികം കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് എഎപിയില്‍ ചേരുമെന്ന് ഭീഷണിപ്പെടുത്തിയ വേളയിലാണ് സോണിയ ഗാന്ധി ഇടപെട്ടതും അമരീന്ദറിനോട് രാജി ആവശ്യപ്പെട്ടതും. താന്‍ അപമാനിതനായിട്ടാണ് ഇറങ്ങുന്നതെന്ന് അമരീന്ദര്‍ സിങ് സോണിയ ഗാന്ധിയെ അറിയിച്ചു എന്നാണ് വാര്‍ത്തകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

വിമത നീക്കങ്ങളാണ് കോണ്‍ഗ്രസിന്റെ ശാപമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പഞ്ചാബിലും അതുതന്നെയാണ് പ്രതിസന്ധിക്ക് കാരണം. കര്‍ണാടകത്തിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് ഭരണം പോയത് വിമത നീക്കം കാരണമാണ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് മുള്‍മുനയില്‍ ഭരണം നടത്തുന്നതും അതുകൊണ്ടുതന്നെ.

അമരീന്ദറിനെതിരെ സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കരുനീക്കം തുടങ്ങിയിട്ട് മാസങ്ങളായി. ഒട്ടേറെ എംഎല്‍എമാര്‍ അമരീന്ദറിനെതിരെ തിരിഞ്ഞു. അമരീന്ദര്‍ ഒഴിഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ രാജിവയ്ക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, എഎപിയില്‍ ചേരുമെന്നും ഇവര്‍ ഭീഷണി മുഴക്കിയത്രെ. ഈ ഘട്ടത്തിലാണ് സോണിയ ഗാന്ധി ഇടപെട്ടത്.

അമരീന്ദറിനെ മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്നും അടുത്തിടെ പുറത്തുവന്ന സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു. എഎപി മുന്നേറാനുള്ള സാധ്യതയും സര്‍വ്വെകളിലുണ്ട്. ഇതും കോണ്‍ഗ്രസ് ഹൈക്കമാന്റിനെ മാറ്റിചിന്തിപ്പിച്ചു. ഒടുവില്‍ കമല്‍നാഥ്, സോണിയ ഗാന്ധി എന്നിവര്‍ അമരീന്ദറുമായി സംസാരിക്കുകയും രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

സോണിയയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് രാജിവയ്ക്കുകയാണെന്ന് അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചത്. ഇതോടെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായിരിക്കുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് മാസം മാത്രമാണ് ബാക്കിയുള്ളത്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത് കൈവിട്ട കളിയാണ്. കാരണം അമരീന്ദറിനെ പിന്തുണയ്ക്കുന്ന ഒട്ടേറെ പേര്‍ കോണ്‍ഗ്രസിലുണ്ട്. ഇവരുടെ നിലപാട് നിര്‍ണായകമാണ്.

അപമാനിതനായി എന്ന് അമരീന്ദര്‍ സിങ് രാജിവച്ച ശേഷം പറഞ്ഞു. കോണ്‍ഗ്രസിന് അവര്‍ക്ക് വിശ്വാസമുള്ള വ്യക്തിയെ മുഖ്യമന്ത്രിയാക്കാം. തന്റെ ഭാവി കാര്യങ്ങള്‍ സമയം വരുമ്പോള്‍ ആലോചിച്ച് എടുക്കുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. നിര്‍ണായകമായ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുന്നതിന് തൊട്ടുമുന്നോടിയായിട്ടാണ് അമരീന്ദര്‍ രാജ്ഭവനിലെത്തി രാജിക്കത്ത് നല്‍കിയത്.

ഇന്ന് രാവിലെയാണ് അമരീന്ദര്‍ സിങ് സോണിയ ഗാന്ധിയുമായി സംസാരിച്ചത്. താന്‍ അപമാനിക്കപ്പെട്ടുവെന്ന് അദ്ദേഹം സോണിയയോട് പറഞ്ഞു. ഇത്രയും അപമാനം സഹിക്കാന്‍ വയ്യ. മൂന്നാം തവണയാണ് അപമാനിക്കപ്പെടുന്നത്. ഇനിയും പാര്‍ട്ടിയില്‍ തുടരാന്‍ വയ്യെന്നും അമരീന്ദര്‍ സോണിയയോട് തുറന്നുപറഞ്ഞു എന്നാണ് വാര്‍ത്തകള്‍. അദ്ദേഹം മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
വിഘ്‌നേശിന് നയന്‍താര ഒരുക്കിയ സര്‍പ്രൈസ് കണ്ടോ? കലക്കന്‍ എന്ന് ആരാധകര്‍

അടുത്ത പഞ്ചാബ് മുഖ്യമന്ത്രി ആര് എന്ന ചോദ്യമാണ് ഇനി ഉയരുന്നത്. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ സുനില്‍ ജഖര്‍, പ്രതാപ് സിങ് ബജ്‌വ, ബിയാന്ത് സിങിന്റെ ചെറുമകന്‍ രവ്‌നീത് സിങ് ബിട്ടു എന്നിവരില്‍ ആരെങ്കിലും മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. സിദ്ദു മുഖ്യമന്ത്രിയാകുമെന്നു വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രി പദത്തിലെത്തിയാല്‍ വിമത നീക്കം ശക്തപ്പെട്ടേക്കാമെന്നും കോണ്‍ഗ്രസ് ഭയപ്പെടുന്നു.












Click it and Unblock the Notifications