ബാങ്ക് ഉദ്യോഗസ്ഥനെ ഒരു വര്‍ഷം മുന്‍പ് കാണാതായ സംഭവത്തില്‍ ഭാര്യ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
മുംബൈ: മുന്‍ ബാങ്ക് ഉദ്യോഗസ്ഥനായ മധ്യവയസ്‌കനെ ഒരുവര്‍ഷം മുന്‍പ് കാണാതായ സംഭവത്തില്‍ ഭാര്യ ഉള്‍പ്പെടെ മൂന്നു പേരെ മുംബൈ ചാര്‍കോപ് പോലീസ് അറസ്റ്റ് ചെയ്തു. അറുപത്തിരണ്ടുകാരനായ പ്രകാശ് വാഖണ്ഡെയുടെ ഭാര്യ ആശ(60), ആശയുടെ സഹോദരി വന്ദന(40), വന്ദനയുടെ കാമുകന്‍ നിലേഷ് സുപാലെ (32) എന്നിവരാണ് പിടിയിലായത്.
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രകാശ് സംശയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നിരന്തരം ചോദിച്ചതോടെ സഹികെട്ടാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ആശ സമ്മതിച്ചു. ഇതിനായി സഹോദരിക്കും കാമുകനും 2 ലക്ഷം രൂപയും നല്‍കിയതായി ആശ പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് പ്രകാശിനെ കാണാതാകുന്നത്. ഏപ്രില്‍ 10ന് ഭാര്യയ്‌ക്കൊപ്പം അഹമ്മദ് നഗറില്‍ ഒരു കുടുംബ വിവാഹത്തിനായാണ് പ്രകാശ് വീട്ടില്‍ നിന്നും പോകുന്നത്. എന്നാല്‍, ഏപ്രില്‍ 12ന് ഭാര്യമാത്രം വീട്ടില്‍ തിരിച്ചെത്തി. ഇതിനുശേഷം ഏപ്രില്‍ 27നാണ് ഭാര്യ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതി നല്‍കുന്നത്.
എന്നാല്‍ ഏപ്രില്‍ 11ന് രാത്രി പ്രകാശിനെ ഭാര്യയും സഹോദരിയും കാമുകനും കൂടി കൊലപ്പെടുത്തുകയായിരുന്നു. ഉറക്കഗുളിക നല്‍കിയശേഷം ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. മുഖം വികൃതമാക്കിയശേഷം പാര്‍നറില്‍ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. മൃതദേഹം പിന്നീട് പോലീസ് കണ്ടെടുത്തെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ മറവു ചെയ്യുകയായിരുന്നു. ഡിറ്റക്ടീവ് ജോലി ചെയ്തിരുന്ന നിലേഷ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതും പിന്നീട് തെളിവുകള്‍ നശിപ്പിച്ചതും. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications