യുപിയിയിൽ ബിജെപിക്ക് അധികാര തുടർച്ചയോ? വോട്ട് വിഹിതവും സീറ്റുകളും..കണക്കുകൾ പറയുന്നത്
ദില്ലി; 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യത്താകെ ആഞ്ഞടിച്ച മോദി തരംഗത്തിൽ ഉത്തർപ്രദേശും ബിജെപി തൂത്തുവാരി. അന്ന് ആകെയുള്ള 80 സീറ്റുകളിൽ 71 സീറ്റുകളിലായിരുന്നു പാർട്ടി വിജയം. പിന്നീട് 2017 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി സംസ്ഥാനത്ത് കൂറ്റൻ വിജയം ആവർത്തിച്ചു. സമാജ്വാദി പാർട്ടിയുടേയും ബി എസ് പിയേയും പടിക്ക് പുറത്താക്കി ആകെയുള്ള 403 സീറ്റുകളിൽ 312 സീറ്റുകളിലും ബിജെപി വിജയിച്ചു. 2012 ൽ 47 സീറ്റുകളിൽ നിന്നായിരുന്നു ബിജെപിയുടെ വമ്പൻ വിജയം. അതേസമയം 2012 ൽ 227 സീറ്റുമായി അധികരാത്തിലിരുന്നു എസ്പിക്ക് 177 സീറ്റുകളായിരുന്നു നഷ്ടം. ബി എസ് പിയുടെ നഷ്ടം 61 സീറ്റുകളും. കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 7 സീറ്റുകൾ.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുമ്പോൾ അധികാരം നിലനിർത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് ബിജെപി. എന്നാൽ ഇക്കുറിയും 2017 ആവർത്തിക്കാൻ പാർട്ടിക്ക് സാധിക്കുമോ? കണക്കുകളും വോട്ടിംഗ് ശതമാനവും പരിശോധിക്കാം.

2017 ൽ സംസ്ഥാനത്ത് ബിജപി തരംഗം ആഞ്ഞടിക്കുന്നതായിരുന്നു കാഴ്ച. സാധാരണ ഗതിയിൽ കുറഞ്ഞ വോട്ടിംഗ് ശതമാനം റെക്കോഡ് ചെയ്യാറുള്ള സംസ്ഥാനത്ത് അക്കുറി പോൾ ചെയ്യപ്പെട്ടത് 61.1 ശതമാനം വോട്ടായിരുന്നു. അതായത് 2012 ലെ ശരാശരിയേക്കാൾ രണ്ട് ശതമാനം വർധന. അന്ന് 59.4 ആയിരുന്നു വോട്ടിംഗ് ശതമാനം. മറ്റൊരു കൗതുകകരമായ ഘടകം പോളിംഗ് ബൂത്തിലെത്തിയതാകട്ടെ ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരും. ആദ്യമായി വോട്ട് ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ വർധനവ് അത്തവണ രേഖപ്പെടുത്തി. യുവാക്കളെ ആകർഷിക്കാനുള്ള ബിജെപി തന്ത്രങ്ങളും അ തവണ ഫലിച്ചു. 18 നും 25 നും ഇടയിൽ പ്രായമുള്ള ഏകദേശം 34 ശതമാനം പേരുടെ വോട്ടും ലഭിച്ചത് ബിജെപിക്കായിരുന്നു.

കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത് 77.4 ശതമാനം വോട്ടുകൾ ആയിരുന്നു. അതായത് സംസ്ഥാനത്തെ ആകെ വോട്ടിന്റെ 39.7 ശതമാനം. 2012 ൽ ഇത് വെറും 11.7 ശതമാനമായിരുന്നു. വോട്ട് വിഹിതം ആവട്ടെ 15 ശതമാനവും. ശ്രദ്ധേയമായൊരു കാര്യം സീറ്റ് വിഹിതം ഏതാണ്ട് ഏഴ് മടങ്ങ് വർദ്ധിച്ചപ്പോൾ, വോട്ട് വിഹിതം 2.6 മടങ്ങ് മാത്രമാണ് വർദ്ധിച്ചത് എന്നാണ്. അതേസമയം പ്രതിപക്ഷത്തെ കണക്കുകൾ പരിശോധിച്ചാൽ സമാജ്വാദി പാർട്ടിക്ക് ലഭിച്ചത് 11.8 ശതമാനം സീറ്റുകളായിരുന്നു. വോട്ട് ശതമാനം 21. 8 ശതമാനവും. ബിഎസ്രക്ക് ഇത് യഥാക്രമം 4.7 ശതമാനവും 22.2 ശതമാനവുമാണ്.

2012 ൽ ഉത്തർപ്രദേശിൽ 29.1 ശതമാനം വോട്ടുകൾ നേടിയായിരുന്നു സമാജ്വാദി പാർട്ടി അധികാരത്തിലേറിയത്. അന്ന് അവർ 55.6 ശതമാനം സീറ്റുകളിലായിരുന്നു വിജയിച്ചത്. ബിഎസ്പി ആകട്ടെ 25.9% വോട്ടുകളോടെ 19.8% സീറ്റുകളും നേടി. അതായത് സീറ്റ് നഷ്ടം വലിയ രീതിയിൽ സംഭവിച്ചപ്പോഴും ഇരു പാർട്ടികൾക്കും വോട്ട് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് സാരം. അതേസമയം കോൺഗ്രസിനെ സംബന്ധിച്ച് വലിയ സീറ്റുകളുടെ എണ്ണത്തിലും വോട്ട് വിഹിതത്തിലും വലിയ നഷ്ടമാണ് ഉണ്ടായത്. 2012 ൽ 6.9% സീറ്റും 11.6 ശതമാനം വോട്ടും ലഭിച്ചപ്പോൾ 2017 ൽ ഇത് യഥാക്രമം 1.7% സീറ്റും 6.2 ശതമാനം വോട്ടും എന്ന നിലയിലായി.സമാജ് വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്നു 2017 ൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ട് കൂടി ലഭിച്ചത് വെറും 7 സീറ്റുകളായിരുന്നു.

അതേസമയം ഇക്കുറി സംസ്ഥാനത്ത് ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന സൂചന തന്നെയാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് യോഗി സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ട്. കൊവിഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. സംസ്ഥാനത്തെ ബ്രാഹ്മണർ ഉൾപ്പെടെയുള്ള പ്രബല വിഭാഗങ്ങൾ ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ബിജെപിയെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകളും പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. പടിഞ്ഞാറൻ യുപിയിൽ ഉൾപ്പെടെ ശക്തമായ സ്വാധീനമുള്ള കർഷകരുടെ നിലപാട് പാർട്ടിക്ക് വലിയ തിരിച്ചടി സമ്മാനിച്ചേക്കുമെന്നുള്ള വിലയിരുത്തലുകൾ ഉണ്ട്.
എന്നാൽ ഇക്കുറിയും വൻ വിജയം തന്നെ ബിജെപി സംസ്ഥാനത്ത് ആവർത്തിക്കുമെന്ന് അവകാശപ്പെടുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്്. തിരഞ്ഞെടുപ്പിൽ 350 സീറ്റുകൾ വരെ ബിജെപിക്ക് നേടാൻ സാധിക്കുമെന്നാണ് ആദിത്യനാഥ് അവകാശപ്പെട്ടത്.

അതിനിടെ ബിജെപിയെ വീഴ്ത്താനുള്ള സകല തന്ത്രങ്ങളും പുറത്തെടുക്കുകയാണ് മറുവശത്ത് പ്രതിപക്ഷ പാർട്ടികൾ. ദളിത് വോട്ടുകൾ വോട്ടുകൾ ലക്ഷ്യം വെച്ച് വിവിധ പരിപാടികൾ എസ്പി പ്രഖ്യാപിച്ച് കഴിഞ്ഞു. ജാട്ട് വോട്ടുകൾ ഉറപ്പിക്കാൻ ജയന്ത് ചൗധരിയുടെ ആർഎൽഡിയുമായി സഖ്യത്തിലാണ് എസ്പി മത്സരിക്കുന്നത്. മറുവശത്ത് ബിഎസ്പിയാകട്ടെ അധികാരത്തിലെത്താൻ ദളിത് -ബ്രാഹ്മണ ഐക്യത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതേസമയം കോൺഗ്രസ് ആകട്ടെ സംസ്ഥാനത്ത് നഷ്ടപ്രതാപം തിരിച്ച് പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ്. ബിജെപിക്ക് വൻ സ്വാധീനമുള്ള യുപിയിൽ ഭരണത്തിലേറാമെന്ന പ്രതീക്ഷ എന്തായാലും കോൺഗ്രസിനില്ല. എന്നാൽ എസ്പിയെയും ബിഎസ്പിയെയും മറികടന്ന് മുഖ്യ പ്രതിപക്ഷമാകാൻ സാധിച്ചാൽ കോൺഗ്രസിന് പ്രത്യേകിച്ച് പ്രിയങ്ക ഗാന്ധിയ്ക്ക് തല ഉയർത്തി നിൽക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
Recommended Video

ഇതിനായി പ്രിയങ്ക ഗാന്ധിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോൺഗ്രസിന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതേസമയം പ്രിയങ്കയെ മുൻ നിർത്തി കളം പിടിക്കണമെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഹൈക്കമാന്റ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ പ്രിയങ്കയും മനസ് തുറന്നിട്ടില്ല. നേരത്തേ മാധ്യമങ്ങളുടെ ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു അവരുടെ പ്രതികരണം.അതിനിടെ പ്രതിപക്ഷ പാർട്ടികൾ സഖ്യത്തിലെത്താതെ ബിജെപിയെ നേരിടുക എളപ്പമാണോയെന്ന ചോദ്യം പ്രസക്തമാണ്. സഖ്യത്തിനില്ലെന്ന് മൂന്ന് പാർട്ടികളും ഒരുപോലെ ആവർത്തിക്കുന്നു.












Click it and Unblock the Notifications