ഹിമാചലില്‍ അത്ഭുതം കാട്ടുമോ സിപിഎം: ഒന്നില്‍ നിന്നും കുതിപ്പ് പ്രതീക്ഷിച്ച് നേതൃത്വം
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടാമാണ് ഇതുവരെ നടന്നതെങ്കില്‍ ഇത്തവണ എഎപി കറുത്ത കുതിരകളാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഭരണകക്ഷിയായ ബി ജെ പിയിലും പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിലും വലിയ അസ്വാരസ്യങ്ങളും ഉടലെടുത്തിട്ടുണ്ട്. എഎപിയാവട്ടെ പുതുമുഖങ്ങളേയും പ്രൊഫഷണലുകളേയും അവതരിപ്പിച്ചുകൊണ്ടുള്ള പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. പ്രബലരായ മൂന്ന് കക്ഷികള്‍ക്ക് അപ്പുറം സി പി എമ്മും ഇത്തവണയും സംസ്ഥാനത്ത് ശ്രദ്ധേയമായ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു സീറ്റില്‍ വിജയിക്കാന്‍ സി പി എമ്മിന് സാധിച്ചിരുന്നു. 24 വർഷത്തിന് ശേഷമായിരുന്നു ഹിമാചല്‍ നിയമസഭയിലേക്ക് സി പി എമ്മിന് ഒരു അംഗത്തെ വിജയിപ്പിക്കാന്‍ സാധിച്ചത്. 11 സീറ്റിലാണ് സംസ്ഥാനത്ത് ഇത്തവണ സി പി എം മത്സരിക്കുന്നത്. മുഴുവന്‍ സീറ്റിലേയും സ്ഥാനാർത്ഥികളേയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തവണ ഷിംല ജില്ലയിലെ തിയോഗിൽ രാകേഷ് സിങ്ഹയിലൂടെ സി പി എം വിജയം നേടിയതില്‍ ഈ സീറ്റിലെ കോൺഗ്രസ് ചേരിപ്പോരും പ്രധാന കാരണമായിരുന്നു. ഇത്തവണയും കോൺഗ്രസിലും ബി ജെ പി യിലും വിഭാഗീയതയ്ക്ക് കുറവില്ലാത്തതിനാല്‍ 2017 ലേതിന് സമാനമായ ഫലമാണ് സി പി എം ഇത്തവണയും മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്.

നിയമസഭാ സീറ്റുകളില്‍ അനായാസ വിജയം നേടാന്‍ മാത്രം സംസ്ഥാനത്ത് ഇടതുപക്ഷത്തിന് വേണ്ടത്ര ബഹുജന അടിത്തറയില്ലെങ്കിലും, സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് ഷിംലയിൽ പാർട്ടിക്ക് മോശമില്ലാത്ത കേഡർ സംവിധാനമാണുള്ളത്. 2017-ന് മുമ്പ്, 1993 ലായിരുന്നും സംസ്ഥനത്ത് സി പി എം വിജയിച്ചത്. അന്നും സ്ഥാനാർത്ഥി രാകേഷ് സിങ്ഹയായിരുന്നു.

അന്ന് വിദ്യാർത്ഥിയായിരുന്ന അദ്ദേഹം ഒരു രാഷ്ട്രീയ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ അദ്ദേഹത്തിന് കാലാവധി പൂർത്തിയാക്കാനും കഴിഞ്ഞില്ല. അതിന് ശേഷം നിയമസഭ സീറ്റുകളില്‍ വിജയിച്ചില്ലെങ്കിലും ഷിംല മുനിസിപ്പൽ കോർപ്പറേഷനിൽ ഉൾപ്പെടെ മറ്റ് വിജയങ്ങൾ സിപിഐ(എം) നേടിയിട്ടുണ്ട്. 2012ൽ അതുവരെ കോൺഗ്രസ് ആധിപത്യം പുലർത്തിയിരുന്ന കോർപ്പറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ സി പി എം പിടിച്ചെടുക്കുകയും ചെയ്തു.

തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് ഈ സീറ്റുകളിൽ മത്സരിക്കുമെന്നും അതുപോലെ സി പിഐ സ്ഥാനാർഥികൾ എവിടെ മത്സരിച്ചാലും അവരെ പിന്തുണയ്ക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി ഓങ്കാർ ഷാദ് വ്യക്തമാക്കിയത്. ബാക്കിയുള്ള സീറ്റുകളിൽ ബി ജെ പിക്കെതിരെ ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയെ സി പി ഐ എം പിന്തുണയ്ക്കുമെന്നും ഷാദ് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വീണ്ടും അധികാരത്തിൽ വരാൻ നല്ല സാധ്യതയുണ്ടെന്ന് കോൺഗ്രസ് കരുതുന്ന സമയത്ത്, സിപിഐഎമ്മിന്റെ ശക്തമായ പ്രകടനം കോൺഗ്രസിനെയാവും ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഷാദിന്റെ മറുപടി: "ഞങ്ങൾ കോൺഗ്രസിന് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. ഞങ്ങളുടെ പ്രതിബദ്ധത വർഗ രാഷ്ട്രീയത്തോടാണ്. എന്നിരുന്നാലും, തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള വാതിലുകൾ പൂർണ്ണമായും അടഞ്ഞിച്ചിട്ടില്ലെന്നാണ് പാർട്ടി നേതൃത്വം അറിയിച്ചത്''- എന്നായിരുന്നു.

നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസും ബി ജെ പിയും ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ആദ്യഘട്ടത്തിൽ 46 സ്ഥാനാർത്ഥികളേയും ബി ജെ പി 53 സീറ്റുകളിലുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആകെ 68 സീറ്റുകളാണ് ഹിമാചല്‍ പ്രദേശിലുള്ളത്.












Click it and Unblock the Notifications