ലോക്പാല്‍; ഹസാരെ വീണ്ടും നിരാഹാരം തുടങ്ങുന്നു
ദില്ലി: ലോക്പാല്‍ ബില്‍ പാസാക്കാത്ത സാഹചര്യത്തില്‍ മരണം വരെ നിരാഹാരത്തിനൊരുങ്ങി അണ്ണാ ഹസാരെ . ഡിസംബര്‍ 10 ചൊവ്വാഴ്ച മുതലാണ് അണ്ണാ ഹസാരെ നിരാഹാര സമരം ആരംഭിയ്ക്കുന്നത്. ദില്ലിയില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഹസാരെ ഇക്കാര്യം പറഞ്ഞത്. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തെറ്റായ വാഗ്ദാനമാണ് നല്‍കിയെതന്ന് കാട്ടി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയെന്നും ഹസാരെ.
ജനമന്ത്രമോര്‍ച്ചയുടെ കീഴിലാണ് നിരാഹാരം. ജനമന്ത്രമോര്‍ച്ചയ്ക്ക് രാഷ്ട്രീയമില്ലെന്നും ഒരിയ്ക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുകയില്ലെന്നും ഹസാരെ പറഞ്ഞു. ഒരു പാര്‍ട്ടിയ്ക്കും തങ്ങളുടെ പിന്തുണ ഉണ്ടായിരിയ്ക്കില്ലെന്നും ഹസാരെ. 2011 ലാണ് ലോക്പാല്‍ ബില്ലിന് വേണ്ടി ഹസാരെ സമരം ആരംഭിച്ചത്.

അഴിമതി വിരുദ്ധ സമരങ്ങളില്‍ അണ്ണാ ഹസാരെയുടെ വലംകൈ ആയിരുന്ന അരവിന്ദ് കെജ്രിവാള്‍ ഹസാരെയില്‍ നിന്ന് അകന്നതും ഇനിയുള്ള സമരങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ എത്രത്തോളം ഉണ്ടാകുമെന്നതും കാത്തിരുന്നു കാണാം. ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബറില്‍ തന്റെ പേരുപയോഗിച്ച് ആംആദ്മി പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ കെജ്രിവാള്‍ നടത്തുന്നതിനെ ഹസാരെ തടഞ്ഞിരുന്നു.
2011 ല്‍ രാംലീല മൈതാനിയില്‍ 16 ദിവസം അണ്ണാ ഹസാരെ നിരാഹാര സമരം നടത്തി. ലോക്പാല്‍ ബില്‍ ഉടന്‍ പാസാക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തെത്തുടര്‍ന്നാണ് അണ്ണാ ഹസാരെ സമരത്തില്‍ നിന്ന് പിന്മാറിയത്. ലോക്‌സഭ ബില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ബില്‍ ഇതുവരെയും പാസാക്കിയിട്ടില്ല.












Click it and Unblock the Notifications