'80 വയസായി, ഇനി നിയമസഭയിലേക്കോ ദേശീയ രാഷ്ട്രീയത്തിലേക്കോ ഇല്ല'; യെദ്യൂരപ്പ, ലക്ഷ്യം മറ്റൊന്ന്
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത് മുതൽ നേതൃത്വവുമായി അകൽച്ചയിലാണ് യെദ്യൂരപ്പ. പാർട്ടിയുടെ പരിപാടികളിൽ നിന്നെല്ലാം അദ്ദേഹം വിട്ടുനിന്നിരുന്നു.

ബെംഗളൂരു: അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുൻ ബി ജെ പി മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബി എസ് യെദ്യൂരപ്പ. തനിക്ക് 80 വയസായി. ഇനി നിയമസഭയിലേക്കോ ദേശീയ രാഷ്ട്രീയത്തിലേക്കോ ഇല്ല', യെദ്യൂരപ്പ പറഞ്ഞു.
''എനിക്ക് 80 വയസായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല. എന്നാൽ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കില്ല. സംസ്ഥാനത്ത് ബി ജെ പിക്ക് വേണ്ടി ശക്തമായ പ്രചരണത്തിന് താനിറങ്ങും. ബി ജെ പിയെ വീണ്ടും അധികാരത്തിലേറ്റും. വാജ്പേയി ഉൾപ്പടെയുള്ളവർ ക്ഷണിച്ചിട്ടും ദേശീയരാഷ്ട്രീയത്തിലേക്ക് താൻ പോയിട്ടില്ല. ഇപ്പോഴും താത്പര്യമില്ല', യെദ്യൂരപ്പ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തീരുമാനിച്ചിരുന്നു
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തീരുമാനിച്ചിരുന്നു. ഇനി താൻ ശിക്കാരിപുരയിലേക്ക് ഇല്ല', യെദ്യൂരപ്പ വ്യക്തമാക്കി. പഴയ മൈസൂർ മേഖലയിൽ മകൻ വിജേന്ദ്രയെ മത്സരിപ്പിക്കണമെന്ന് ചില പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഞാൻ ഒഴിയുന്നതിനാൽ വിജേന്ദ്ര ശിക്കാരിപുരയിലായിരിക്കും മത്സരിക്കുക', യെദ്യൂരപ്പ വ്യക്തമാക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയ്ക്കെതിരെ പാർട്ടിയിൽ പടയൊരുക്കം തുടരുന്നതിനിടെയാണ് യെദ്യൂരപ്പയുടെ പ്രഖ്യാപനം. അതുകൊണ്ട് തന്നെ യെദ്യൂരപ്പയുടെ ഇനിയുള്ള നീക്കങ്ങൾ കർണാടക രാഷ്ട്രീയം വളരെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.

ബസവരാജ് ബൊമ്മിയെ മാറ്റി നിർത്തണമെന്ന്
നിരവധി നേതാക്കൾ , പ്രത്യേകിച്ച് യെദ്യൂരപ്പയുടെ വിശ്വസ്തരായിട്ടുള്ള എം എൽ എമാർ ബസവരാജ് ബൊമ്മിയെ മാറ്റി നിർത്തണമെന്ന് ദേശീയ നേതൃത്വത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബൊമ്മിയെ മുന്നിൽ നിർത്തി നയിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. ഭരണ വിരുദ്ധ വികാരം, അഴിമതി തുടങ്ങി നിരവധി വിഷയങ്ങൾ പാർട്ടിക്ക് വെല്ലുവിളി തീർക്കുന്നുണ്ട്. മാത്രമല്ല ലിംഗായത്ത് നേതാവായ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയപ്പോൾ ഇടഞ്ഞ ലിംഗായത്ത് നേതൃത്വവും ബി ജെ പിക്ക് തലവേദനയാണ്.

ലിംഗായത്ത് വോട്ടുകൾ പെട്ടിയിൽ വീഴണമെങ്കിൽ
ലിംഗായത്ത് വോട്ടുകൾ പെട്ടിയിൽ വീഴണമെങ്കിൽ യെദ്യൂരപ്പ ഒപ്പം തന്നെ വേണമെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ വികാരം. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് ഒഴിവാക്കിയതോടെ താൻ ഒതുക്കപ്പെടുകയാണെന്ന തോന്നലിലാണ് യെദ്യൂരപ്പ. പ്രധാനമന്ത്രി ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടികളിൽ പോലും ക്ഷണിക്കാതിരുന്നതിലും യെഡ്ഡി കടുത്ത അതൃപ്തിയിലാണ്. പാർട്ടിക്ക് ഒപ്പമാണെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമാകാൻ അദ്ദേഹം തയ്യാറായിട്ടില്ല.

കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു
ഭീഷണി മണത്ത ദേശീയ നേതൃത്വം യെദ്യൂരപ്പയെ ദില്ലിക്ക് വിളിപ്പിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതോടെ അൽപ്പമൊന്ന് അദ്ദേഹം വഴങ്ങിയെങ്കിലും തന്റെ പ്രധാന ആവശ്യം അംഗീകരിക്കാതെ യെഡ്ഡിയെ മെരുക്കാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. തന്റെ രാഷ്ട്രീയ പിൻഗാമിയായി കാണുന്ന മകൻ വിജേന്ദ്രയ്ക്ക് അടുത്തസർക്കാരിൽ അർഹമായ പദവി, ഇതാണ് യെദ്യൂരപ്പ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്നതാണ് ആവശ്യം.

ആവശ്യം അംഗീകരിക്കുന്നത്
എന്നാൽ യെഡ്ഡിയുടെ ആവശ്യം അംഗീകരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. മാത്രമല്ല യെഡിയുടെ പുറത്താകലിന് തന്നെ വഴിവെച്ചത് സർക്കാരിൽ വിജേന്ദ്രയുടെ അനാവശ്യ ഇടപെടലായിരുന്നു. വിജേന്ദ്ര സൂപ്പർ സിഎം കളിക്കുകയാണെന്നായിരുന്നു അന്ന് യെഡ്ഡിക്കും മകനുമെതിരെ ബി ജെ പി എം എൽ എമാർ ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. അതുകൊണ്ട് തന്നെ വിജേന്ദ്രയ്ക്ക് ഉന്നത പദവികൾ നൽകുന്നത് ബി ജെ പിയിൽ മറ്റൊരു പൊട്ടിത്തെറിക്കും കാരണമായേക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.












Click it and Unblock the Notifications