കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്നമ്മ വന്നിട്ടും തനിപ്പകര്‍പ്പ് മരുമകള്‍ വന്നിട്ടും കാര്യമില്ല; തലൈവര്‍ ഇറങ്ങുന്നു... 'ഐ ലവ് പവർ'

രജനീകാന്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി തമിഴകത്തെ രക്ഷിക്കണം എന്നാണ് പലരും ആവശ്യപ്പെടുന്നത്

Google Oneindia Malayalam News

ചെന്നൈ: തമിഴകത്തിന് ഇപ്പോള്‍ ഒരേയൊരു സൂപ്പര്‍ സ്റ്റാര്‍ മാത്രമേ ഉള്ളൂ. അത് രജനീകാന്ത് ആണ്. പണ്ട് എംജിആര്‍ എങ്ങനെ തമിഴ്മക്കളുടെ ഏഴൈ തോഴന്‍ ആയി മാറിയോ, അതുപോലെ പുതിയ നേതാവായി മാറാന്‍ കരുത്തുള്ള ആളാണ് രജനീകാന്ത്.

പലതവണ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായിരുന്നെങ്കിലും ഇപ്പോള്‍ അതിന്റെ സാധ്യത കൂടിയിരിക്കുകയാണ്. തമിഴകത്തെ രക്ഷിക്കാന്‍ രംഗത്തിറങ്ങാന്‍ വേണ്ടി സ്‌റ്റൈല്‍ മന്നനോട് അപേക്ഷിക്കുകയാണ് പലരും ഇപ്പോള്‍.

ജയലളിതയുടെ തോഴിയായ ശശികല ചിന്നമ്മയായി വന്നാലും, ജയലളിതയുടെ തനിപകര്‍പ്പായ മരുമകള്‍ ദീപ ഇറങ്ങിയാലും രജനീകാന്തിന് മുന്നില്‍ ഒന്നും ആകില്ലെന്ന് ഉറപ്പാണ്. എന്നാല്‍ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങി പുതിയ തമിഴ് ചരിത്രം സൃഷ്ടിക്കുമോ? കഴിഞ്ഞ ദിവസം രജനീകാന്ത് പറഞ്ഞ ആ വാക്കുകള്‍ ആണ് ഞെട്ടിപ്പിക്കുന്നത്- ഐ ലവ് പവ്വര്‍!!!

അന്ന് എംജിആര്‍ ഇന്ന് രജനീകാന്ത്?

അണ്ണാദുരൈയും കരുണാനിധിയും കത്തി നില്‍ക്കുന്ന കാലത്താണ് സിനിമയില്‍ നിന്ന് എംജിആര്‍ ദ്രാവിഡ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. അതിന് ശേഷം സമാനതകളില്ലാത്ത തമിഴ് നേതാവായി എംജിആര്‍ മാറുകയായിരുന്നു. ഇനി അതുപോലെ തന്നെ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തില്‍ ചരിത്രം കുറിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.

തമിഴനല്ലാത്ത തമിഴന് വേണ്ടി

എംജിആര്‍ തമിഴ്‌നാട്ടുകാരന്‍ ആയിരുന്നില്ല, മലയാളി ആയിരുന്നു. ജയലളിത കര്‍ണാടകക്കാരി ആയിരുന്നു. ഇപ്പോഴിതാ രജനീകാന്ത്... കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്ന മറാത്തി. എന്നാല്‍ മൂവരും തമിഴരുടെ ഹൃദയത്തില്‍ തൊട്ടവര്‍.

'ശക്തി ഇഷ്ടപ്പെടുന്നവന്‍'

അടുത്തിടെ ഒരു പുസ്തക പ്രകാശന വേദിയില്‍ രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ തമിഴകത്തെ പ്രധാന ചര്‍ച്ച. താന്‍ (അധികാരം) ശക്തി ഇഷ്ടപ്പെടുന്നവന്‍ ആണെന്നായിരുന്നു സ്റ്റൈല്‍ മന്നന്‍ പറഞ്ഞത്. രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു എന്നതിന്റെ സൂചനയായിട്ടാണ് പലരും ഇതിനെ വിലയിരുത്തുന്നത്.

ആത്മീയതയെ കുറിച്ച് പറഞ്ഞത്

ഒരു നടന്‍ എന്നതിനേക്കാള്‍ ആത്മീയതയുടെ മാനവന്‍ എന്നാണ് താന്‍ സ്വയം വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു രജനീകാന്ത് പറഞ്ഞത്. ആത്മീയതയില്‍ ആണ് താന്‍ വിശ്വസിക്കുന്നത്. പേരിനേക്കാളും പ്രശസ്തിയേക്കാളും, പണത്തേക്കാളും താന്‍ തിരഞ്ഞെടുക്കുക ആത്മീയതയെ ആയിരിക്കും, കാരണം ആത്മീയത നിങ്ങള്‍ക്ക് ശക്തി നല്‍കും. താന്‍ ശക്തിയെ ഇഷ്ടപ്പെടുന്നു- ഇതിലെ ശക്തിയാണ് പലര്‍ക്കും പ്രതീക്ഷ നല്‍കിയത്.

ജയലളിതയെ താഴെയിറക്കിയ സ്റ്റൈല്‍ മന്നന്‍

1996 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയലളിതയെ തോല്‍പിച്ചത് അഴിമതി ആരോപണങ്ങള്‍ മാത്രം ആയിരുന്നില്ല. രജനീകാന്തിന്റെ ഒരു പ്രസംഗം കൂടി ആയിരുന്നു. ജയലളിത വീണ്ടും അധികാരത്തിലെത്തിയാല്‍ ദൈവം വിചാരിച്ചാല്‍ പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്നായിരുന്നു അന്ന് രജനീകാന്ത് പറഞ്ഞത്. ജയലളിത പരാജയപ്പെടുകയും ചെയ്തു.

ബിജെപി കാതോര്‍ത്തിരിക്കുന്ന നേതാവ്

തമിഴകത്ത് ബിജെപി കാതോര്‍ത്തിരിക്കുന്ന വ്യക്തിയാണ് രജനീകാന്ത്. അദ്ദേഹത്തിന് ബിജെപിയോടുള്ള താത്പര്യം പലതവണ വ്യക്തമായതും ആണ്. എന്നാല്‍ പരസ്യമായി ബിജെപിയെ പിന്തുണക്കാന്‍ രജനി ഇതുവരെ തയ്യാറായിട്ടില്ല.

പാര്‍ട്ടിയുണ്ടാക്കൂ... തമിഴകത്തെ രക്ഷിക്കൂ

രജനീകാന്ത് സ്വന്തം പാര്‍ട്ടിയുണ്ടാക്കാന്‍ ഒരുങ്ങുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങളും ഇതൊടൊപ്പം നടക്കുന്നുണ്ട്. പുതിയ പാര്‍ട്ടിയുണ്ടാക്കി തമിഴകത്തെ രക്ഷിക്കൂ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്ന കാമ്പയിന്‍ രജനീകാന്തിനോട് ആവശ്യപ്പെടുന്നത്.

അടിമത്തത്തില്‍ നിന്ന് രക്ഷിക്കാന്‍

ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്കഗ് വരുന്നതാണ് പലരേയും ചൊടിപ്പിക്കുന്നത്. തമിഴ് ജനതയെ അടിമത്തിത്തില്‍ നിന്ന് സിനിമ സ്‌റ്റൈലില്‍ രക്ഷിക്കാന്‍ രജനീകാന്ത് എത്തുമെന്ന പ്രതീക്ഷയിലാണ് പലരും. ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രമായിരുന്നു എംജിആറിനെ രക്ഷക വേഷം കെട്ടിച്ചത്.

ജയലളിതയെ ദേവതയാക്കിയതും രജനി തന്നെ

ജയലളിത അധികാരത്തിലെത്തിയാല്‍ തമിഴകത്തെ ദൈവത്തിന് പോലും രക്ഷിക്കാനാവില്ലെന്ന് ഒരിക്കല്‍ പറഞ്ഞ രജനീകാന്ത് ആ അഭിപ്രായം പിന്നീട് മാറ്റിയിട്ടുണ്ട്. അഷ്ടലക്ഷ്മിയുടെ അവതാരമാണ് ജയലളിത എന്നാണ് 2006 ല്‍ രജനീകാന്ത് പറഞ്ഞത്.

കാത്തിരുന്ന് കാണാം... എന്ത് സംഭവിക്കും എന്ന്

ശശികല തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കണം. ആ തിരഞ്ഞെടുപ്പിന് അവര്‍ക്ക് മുന്നില്‍ ആറ് മാസത്തെ സമയമുണ്ട്. അതിന് മുമ്പ് രജനീകാന്ത് രാഷ്ട്രീയക്കാരനായി മാറുമോ... തമിഴകത്തിന്റെ രക്ഷകാവതാരം കെട്ടുമോ... കാത്തിരുന്ന് കാണാം.

English summary
As Jayalalithaa’s close aide Sasikala is on her way to become the next Chief Minister of Tamil Nadu, many people have spoken up, wishing for the superstar Rajinikath to enter the political arena and “save” the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X