ഇനി തെലങ്കാന, നിർണായക നീക്കത്തിന് കോൺഗ്രസ്; വൈഎസ് ശർമ്മിളയുടെ പാർട്ടി കോൺഗ്രസിൽ ലയിക്കും?
ഹൈദരാബാദ്: ഈ വർഷം അവസാനമാണ് തെലങ്കാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. കർണാടകയിലെ വിജയം ഊർജമാക്കി ഇക്കുറി തെലങ്കാനയിൽ അട്ടിമറി ഉണ്ടാക്കാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇതിനോടകം തന്നെ കോൺഗ്രസ് ആവിഷ്കരിച്ച് കഴിഞ്ഞു. ചന്ദ്രശേഖര റാവുവിന്റെ ബി ആർ എസ് അടക്കമുള്ള പാർട്ടികളിൽ നിന്നും പ്രമുഖരെയടക്കം കോൺഗ്രസിൽ എത്തിക്കുകയും ചെയ്തു.
ഇപ്പോഴിതാ മറ്റൊരു നിർണായക നീക്കത്തിന് കോൺഗ്രസ് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി വൈഎസ് ശർമ്മിളയുടെ വൈ എസ് ആർ ടി പി കോൺഗ്രസിൽ ലയിച്ചേക്കുമെന്നാണ് വാർത്ത. വിശദമായി വായിക്കാം

തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ ബി ആർ എസിനെ വീഴ്ത്താൻ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് അടുത്തിടെ ശർമ്മിള വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈ എസ് ആർ ടി പി-കോൺഗ്രസ് ലയന ചർച്ചകൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ വരുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് ശർമ്മിളയുമായി ചർച്ചകൾ ആരംഭിച്ചതായി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കൂറ്റൻ വിജയത്തിന് പിന്നാലെയാണ് ചർച്ചകൾ ചൂട് പിടിച്ചതത്രേ. കഴിഞ്ഞ 10 ദിവസമായി ഇത് സംബന്ധിച്ചകൾ പുരോഗമിക്കുകയാണ്. പാർട്ടിയെ ലയിപ്പിച്ചാൽ ശർമ്മിളയ്ക്ക് രാജ്യസഭ സീറ്റാണ് കോൺഗ്രസിന്റെ വാഗ്ദാനം. മാത്രമല്ല കോൺഗ്രസിന് കാര്യമായ റോൾ ഇല്ലാത്ത ആന്ധ്രയിൽ സഹോദരൻ ജഗൻമോഹൻ റെഡ്ഡിയ്ക്കെതിരെ കോൺഗ്രസിനെ നയിക്കാനുള്ള ഉത്തരവാദിത്തവും ശർമ്മിളയ്ക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
'തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യം രൂപീകരിക്കാൻ കോൺഗ്രസിന് താത്പര്യമുണ്ട്. വോട്ട് ഭിന്നിക്കുന്നത് തടയുകയെന്നതാണ് പ്രധാന ലക്ഷ്യം. അതുവഴി കെസിആറിന്റെ ഭരണത്തിന് അവസാനം കുറിക്കാൻ സാധിക്കും', കോൺഗ്രസ് നേതാവ് പറഞ്ഞു.
ആന്ധ്രയിലെ കോൺഗ്രസ് മുഖമായിരുന്ന അന്തരിച്ച വൈ എസ് ആർ രാജശേഖര റെഡ്ഡിയുടെ മകളായ ശർമ്മിളയുടെ പാർട്ടിയുടെ സാന്നിധ്യം തങ്ങളുടെ വോട്ടിൽ വലിയ വിള്ളൽ വരുത്താൻ കാരണമായേക്കുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. തെലങ്കാനയിൽ ഇതിനോടകം ചെറു ചലനങ്ങൾ സൃഷ്ടിക്കാൻ ശർമ്മിളയ്ക്കും പാർട്ടിക്കും സാധിച്ചിട്ടുണ്ട്. സാധാരണ നിലയിൽ തെലങ്കാനയ്ക്ക് പുറത്തുള്ള നേതാക്കൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വരവേൽപ്പ് ലഭിക്കാറില്ല. മാത്രമല്ല തെലങ്കാന രൂപീകരണത്തെ എക്കാലത്തും എതിർത്ത നേതാക്കളിൽ ഒരാളും കൂടിയാണ് ശർമ്മിള. എന്നിരുന്നാലും ശർമ്മിളയുടെ സാന്നിധ്യത്തെ തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്.. അതുകൊണ്ട് തന്നെ ശർമ്മിളയെ ഒപ്പം കൂട്ടി കെ സി ആറിനെതിരെ പൊരുതുകയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.
അതേസമയം കോൺഗ്രസുമായി കടുത്ത വൈരാഗ്യമുള്ള ശർമ്മിള സഖ്യത്തിനെങ്കിലും തയ്യാറാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ തെലങ്കാനയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും അതുകൊണ്ട് തന്നെ തന്നെ ആരുമായി കൈകോർക്കണമന്നതെല്ലാം ശർമ്മിളയുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം കോൺഗ്രസുമായി ലയനത്തിന് യാതൊരു സാധ്യതയും ഇല്ലെന്നാണ് ശർമ്മിളയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
'ശർമ്മിളയ്ക്ക് ശക്തമായ പ്രവർത്തക പിന്തുണയുണ്ടെന്നിരിക്കെ വൈ എസ് ആർ ടി പിയിലെ കോൺഗ്രസിൽ ലയിപ്പിക്കാൻ യാതൊരു സാധ്യതയുമില്ല. കോൺഗ്രസ് ഹൈക്കമാൻഡ് വിവിധ നിർദ്ദേശങ്ങളുമായി ഞങ്ങളെ സമീപിച്ചുവെന്നത് സത്യമാണ്, അത് പക്ഷേ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല, ചർച്ചകൾ ഇപ്പോൾ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്',വൈ എസ് ആർ ടി പി നേതാവ് പറഞ്ഞു.












Click it and Unblock the Notifications