ചെന്നൈയിൽ യുവതിയെ കെട്ടിയിട്ട് ബ്ലേഡ് കൊണ്ട് മുറിച്ചു, ജീവനോടെ കത്തിച്ചു; ബാല്യകാല സുഹൃത്ത് പിടിയിൽ..
ചെന്നൈ: നഗരത്തെ നടുക്കി വനിതാ ടെക്കിയുടെ ക്രൂര കൊലപാതകം. 24കാരിയായ ഐടി പ്രൊഫഷണലിനെ അവളുടെ ബാല്യകാല സുഹൃത്തായ ട്രാൻസ് വ്യക്തിയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ചങ്ങല ഉപയോഗിച്ച് മുറുക്കി ബ്ലേഡ് കൊണ്ട് ശരീരത്തിൽ മുറിവുണ്ടാക്കുകയും, അതിന് ശേഷം ജീവനോടെ കത്തിക്കുകയും ആയിരുന്നെന്ന് പോലീസ് പറയുന്നു.
ഇരയായ നന്ദിനിയെ ചങ്ങലയിൽ ബന്ധിപ്പിച്ച് അവളുടെ കൈത്തണ്ട, കാലുകൾ, കഴുത്ത് എന്നിവ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചശേഷമാണ് ബാല്യകാല സുഹൃത്ത് കൂടിയായ വെട്രിമാരൻ എന്ന പാണ്ടി മഹേശ്വരി ജീവനോടെ തീകൊളുത്തിയത്. കേസിൽ പ്രതിയെ അറസ്‌റ്റ് ചെയ്‌ത് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരിക്കുകയാണ്.

നന്ദിനി തന്നിൽ നിന്ന് അകന്നുപോകുന്നതും മറ്റുള്ളവരുമായി അടുത്തിടപഴകുന്നതും വെട്രിമാരൻ ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നും, അതിൽ കുപ്പത്തിനായിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടർന്ന് ജന്മദിനത്തിന് സർപ്രൈസ് നൽകാനെന്ന വ്യാജേന വെട്രിമാരൻ നന്ദിനിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
നന്ദിനിയുടെ പാതി കത്തിക്കരിഞ്ഞ ശരീരം കണ്ട നാട്ടുകാർ ഉടൻ പോലീസിൽ വിവരമറിയിച്ചു. ഇതിന് പിന്നാലെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും നന്ദിനിയുടെ മരണം സംഭവിച്ചിരുന്നു. മധുരയിൽ ഇരുവരും അയൽവാസികൾ ആയിരുന്നെന്നും, പത്താം ക്ലാസ് വരെ ഇരുവരും ഒരുമിച്ച് പഠിച്ചിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
ഇരുവരും സൗഹൃദത്തിലായിരുന്നു. സ്‌കൂൾ പഠനത്തിനു ശേഷം ഇരുവരും വ്യത്യസ്‌ത കോളജുകളിലാണ് ഉപരിപഠനത്തിനായി ചേർന്നത്. അതിനിടെയാണ് പാണ്ടി മഹേശ്വരിക്ക് തന്റെ ലിംഗസ്വത്വം വെളിപ്പെടുന്നതും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വെട്രിമാരനായി മാറിയതും. എന്നാൽ ഇതിന് ശേഷവും നന്ദിനി സൗഹൃദം തുടർന്നു പോന്നിരുന്നു.
വെട്രിമാരനെ കുടുംബം ഉപേക്ഷിച്ചപ്പോഴും നന്ദിനി സൗഹൃദം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. നന്ദിനിയുടെ കുടുംബവും ഇയാളെ ചേർത്തുപിടിച്ചു. ഇരുവരും കഴിഞ്ഞ എട്ട് മാസമായി തൊറൈപ്പാക്കത്തെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.












Click it and Unblock the Notifications