ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പെണ്‍കുഞ്ഞിന് ഇന്ത്യക്കാരി ജന്മം നല്‍കി
ബെംഗളൂരു: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പെണ്‍കുഞ്ഞിന് ഇന്ത്യക്കാരിയായ യുവതി ജന്മം നല്‍കി. കര്‍ണാടകയിലെ നന്ദിനി എന്ന യുവതിയാണ് എഴ് കിലോയോളം ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. ലോകത്തില്‍ ഇതുവരെ ജനിച്ചതില്‍ ഏറ്റവും ഭാരം കൂടിയ പെണ്‍കുഞ്ഞ് ഇതാണെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ വെങ്കിടേഷ് രാജ് അഭിപ്രായപ്പെട്ടു.
സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. അരമണിക്കൂറോളം നീണ്ട ശസ്ത്രക്രിയ സുഗമമായിരുന്നെന്നും കുട്ടി വലുതും സുന്ദരിയുമാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. പൂര്‍ണിമ മനു പറഞ്ഞു. ഇത് തങ്ങള്‍ക്ക് അത്ഭുതമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.

കര്‍ണാടകയിലെ ഹസനിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രസവം നടന്നത്. നന്ദിനിക്ക് 94 കിലോ ഭാരവും അഞ്ച് അടി 9 ഇഞ്ച് നീളവുമാണ് ഉണ്ടായിരുന്നത്. 2014ല്‍ മസാച്യുസെറ്റ്‌സില്‍ ജനിച്ച് 6.7 കിലോ ഭാരമുള്ള കുട്ടിയായിരുന്നു ലോകത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഭാരം കൂടിയ നവജാത പെണ്‍ശിശു. ഇതാണ് ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നത്.
സാധാരണ നവജാത ശിശുക്കളേക്കാള്‍ ഇരട്ടി തൂക്കമാണ് കുട്ടിക്കുള്ളത്. സാധാരണ ഗതിയില്‍ ആറ് മാസം പ്രായമെത്തുന്ന ഒരു കുട്ടിയുടെ ശരീര ഭാരമാണ് ഏഴ് കിലോ. എങ്കിലും കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications