ബസിൽ മക്കൾക്ക് മുൻപിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; കർണാടകയിൽ 3 പേർ അറസ്റ്റിൽ
ബെംഗളൂരു: കർണാടകയിൽ ബസിൽ ആൺമക്കൾക്ക് മുൻപിൽ വെച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ബസിലെ ഡ്രൈവറായ പ്രകാശ് മഡിവളര, കണ്ടക്ടർ സുരേഷ്, സഹായി രാജശേഖര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാർച്ച് 31 ന് ദേവനാഗരെ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
ഹാരപ്പനഹള്ളിയിലെ ഉച്ചംഗിദുർഗ ക്ഷേത്രം സന്ദർശിച്ച് മടങ്ങുകയായിരുന്നു യുവതിയും കുട്ടികളും. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയപ്പോൾ വൈകിപ്പോയതിനാൽ ദേവഗരി സിറ്റിയിലുള്ള അവസാന ബസാണ് ഇവർക്ക് ലഭിച്ചത്. ബസ് അവിടെ നിന്ന് പുറപ്പെട്ടപ്പോൾ ഏഴോ എട്ടോ യാത്രക്കാർ ബസിലുണ്ടായിരുന്നു. യാത്രക്കാരെല്ലെ ഇറങ്ങിയതിന് ശേഷമാണ് പ്രതികൾ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ചന്നപ്പുരയിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബസ് ഒതുക്കി നിർത്തി. ശേഷം കുട്ടികളുടെ വായിൽ തുണി തിരുകി വെക്കുകയും ഇരുവരുടേയും കൈകൾ കെട്ടി വെയ്ക്കുകയും ചെയ്തു. തുടർന്നാണ് അമ്മയായ യുവതിയെ മൂവരും ചേർന്ന് ബലാത്സംഗം ചെയ്തത്. ബഹളം കേട്ട് സമീപത്തുള്ള കർഷകരും പ്രദേശത്ത് ഉണ്ടായിരുന്നവരും എത്തി യുവതിയെ രക്ഷിക്കുകയായിരുന്നു.
പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറിയെങ്കിലും ആദ്യഘട്ടത്തിൽ ഇവർക്കെതിരെ കേസെടുക്കാൻ അരസിക്കരെ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം. കേസ് രജിസ്റ്റർ ചെയ്യാതെ ഒരു പേപ്പറിൽ യുവതിയുടെ ഒപ്പ് മാത്രം വാങ്ങി വെയ്ക്കുകയായിരുന്നത്രേ പോലീസ് ചെയ്തത്. വസ്ത്രങ്ങൾ കീറിയതിനാൽ പുതിയ വസ്ത്രം വാങ്ങാൻ 2000 രൂപയും ഇവർ നൽകി. പരാതിയുമായി മുന്നോട്ട് പോയാൽ ജീവിക്കാൻ പോലും കഴിയാത്ത അവസ്ഥ വരുമെന്നും പോലീസ് യുവതിയെ 'ഉപദേശിച്ചു'.
പോലീസുകാർ തന്നെ യുവതിയെ ഉച്ചംഗിദുർഗ ക്ഷേത്രത്തിൽ തിരികെ കൊണ്ടുവിട്ടു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിപ്പിക്കാമെന്നായിരുന്നത്രേ പോലീസ് പറഞ്ഞു. ആ രാത്രി മുഴുവൻ യുവതിയും മക്കളും അമ്പലത്തിൽ കഴിച്ചുകൂട്ടി. പ്രതികളെ പോലീസ് പോകാൻ അനുവദിച്ചെന്നും ആരോപണം ഉണ്ട്.
യുവതി ദിവസങ്ങളോളം ക്ഷേത്രത്തിൽ തുടർന്നത് ശ്രദ്ധയിൽ പെട്ടതോടെ പ്രദേശത്തെ ദളിത് നേതാക്കൾ യുവതിയോട് കാര്യം തിരക്കുകയായിരുന്നു. ഇതോടെയാണ് സംഭവിച്ചതെന്തെന്ന് പുറംലോകം അറിയുന്നത്. തുടർന്ന് നേതാക്കൾ വിജയനഗര എസ്പി ശ്രീഹരി ബാബുവിനെ വിവരം അറിയിച്ചു. തുടർന്ന് അദ്ദേഹം നേരിട്ടെത്തി അരസികരെ പോലീസിനോട് കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു. എസ്പിയുടെ നിർദേശ പ്രകാരം പോലീസുകാർ യുവതിയുടെ മൊഴിയെടുക്കുകയും മൂന്ന് പേരേയും അറസ്റ്റ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications