17 കുത്തേറ്റ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു
കോയമ്പത്തൂര്‍: കുടുംബവഴക്കിനിടെ ഭര്‍ത്താവ് 17 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച സ്ത്രീ അത്ഭുതകമായി രക്ഷപ്പെട്ടു. കോയമ്പത്തൂരിലെ സെല്‍വപുരത്തെ എല്‍.ഐ.സി കോളനിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. പൂക്കച്ചവടം നടത്തി ജീവിതം മുന്നോട്ടു പോകുന്ന കദീജയെ(39), ഭര്‍ത്താവ് ശക്തിദാസ് (32) ആണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ് ശക്തിദാസ്.
സംഭവത്തെക്കുറിച്ച് പോലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ആദ്യഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് അഞ്ചുവര്‍ഷം മുന്‍പാണ് കദീജ തന്നെക്കാള്‍ പ്രായക്കുറവുള്ള ശക്തിദാസുമായി പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. തികഞ്ഞ മദ്യപാനികളായ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതും ലഹരിമൂക്കുമ്പോള്‍ വഴിക്കിടുന്നതും പതിവാണെന്ന് പോലീസ് പറഞ്ഞു.

സംഭവദിവസവും ഇവര്‍ ഒരുമിച്ചിരുന്നു മദ്യപിച്ചശേഷമുണ്ടായ വഴക്കാണ് അക്രമത്തില്‍ കലാശിച്ചത്. നേരത്തെ ഒരു വഴക്കിനെ തുടര്‍ന്ന് കദീജ ശക്തിദാസിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്‍വലിക്കണമെന്നായിരുന്നു ശക്തിദാസിന്റെ ആവശ്യം. എന്നാല്‍ ആവശ്യം കദീജ നിരസിച്ചതോടെ ഇവര്‍തമ്മില്‍ കയ്യാങ്കളിയാകുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.
കഴുത്തിലും കയ്യിലുമായി 17 കുത്തുകളാണ് കദീജയ്‌ക്കേറ്റത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. കദീജയെ മുറിവേല്‍പ്പിച്ചശേഷം ശക്തിദാസ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മുന്നു പെണ്‍മക്കളാണ് കദീജയ്ക്കുള്ളത്. ഇവരില്‍ രണ്ടുപേരുടെ വിവാഹം കഴിഞ്ഞു.












Click it and Unblock the Notifications