മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച യുവതി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
ചെന്നൈ: മോഷണ ശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന വീണ യുവതി മരിച്ചു. ചെന്നൈ സ്വദേശിയായ എസ് പ്രീതിയെന്ന 22 കാരിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാ്‌ഴചയാണ് സംഭവം. ചെന്നൈ ഇന്ദിരാ നഗര്‍ സ്റ്റേഷനില്‍ ട്രെയിനിന്റെ ഫുട്ബോര്‍ഡില്‍ നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു പ്രീതി. ഇതിനിടെയാണ് രണ്ട് പേര്‍ വന്ന് ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
ഇത് ചെറുക്കാന്‍ ശ്രമിച്ച പ്രീതി പിടിവലിക്കിടെ പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി തലക്ക് പരിക്കേറ്റ പ്രീതി അബോധാവസ്ഥയിലായി. ഇതിനിടെ പ്രതികള്‍ ഫോണുമായി കടന്ന് കളഞ്ഞു. പ്രീതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ പ്രീതി ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

സൈബര്‍ ക്രൈം യൂണിറ്റിന്റെ സഹായത്തോടെ പ്രീതിയുടെ കോള്‍ റെക്കോര്‍ഡുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് ഇരുവരേയും പൊലീസ് പിടികൂടിയത്. ലൊക്കേഷന്‍ അനുസരിച്ച് പ്രീതിയുടെ ഫോണ്‍ ബസന്ത് നഗറിലെ ഒരു മീന്‍ കടയില്‍ ജോലി ചെയ്യുന്ന രാജു എന്ന ആളുടെ പക്കലുണ്ടെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ 2000 രൂപക്ക് രണ്ട് പേരില്‍ നിന്ന് താന്‍ ഫോണ്‍ വാങ്ങുകയായിരുന്നു എന്ന് രാജു പൊലീസിനോട് പറഞ്ഞു.
പിന്നാലെ പ്രതികളായ മണിമാരന്‍, വിഘ്നേശ് എന്നിവരെ പോലീസ് കണ്ടെത്തി പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രീതിയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചതായി ഇരുവരും സമ്മതിച്ചു. സംഭവത്തില്‍ ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു












Click it and Unblock the Notifications