''വനിതാ സംവരണ ബിൽ ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ'', ഉടനടി നടപ്പിലാക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂ ഡല്‍ഹി: യുപിഎ സര്‍ക്കാരിന് വനിതാ സംവരണ ബില്‍ പാസ്സാക്കാനാകാതെ പോയതില്‍ ഖേദമുണ്ടെന്ന് രാഹുല്‍ ഗാന്ധി എംപി. ഒബിസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും സംവരണം ഉറപ്പാക്കി ബില്‍ പാസ്സാക്കാന്‍ സാധിക്കാത്തതില്‍ കുറ്റബോധമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടത്തുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സെന്‍സസ് നടത്താനോ മണ്ഡല പുനര്‍നിര്‍ണയത്തിനോ കാത്ത് നില്‍ക്കാതെ വനിതാ സംവരണം ഉടനടി നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വനിതാ സംവരണ നിയമം നടപ്പിലാക്കാന്‍ പത്ത് വര്‍ഷമോ അതില്‍ കൂടുതലോ എടുത്തേക്കാം. എന്നാല്‍ തന്നെയും നടപ്പിലാക്കുമോ എന്നുറപ്പില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വലിയ സന്നാഹത്തോടെ വിളിച്ച് ചേര്‍ത്തു. പഴയ കെട്ടിടത്തില്‍ നിന്ന് പുതിയതിലേക്ക് മാറി. നല്ല കാര്യം. ആദ്യം അജണ്ട എന്താണെന്ന് വ്യക്തമായിരുന്നില്ല. പിന്നെയാണ് അറിഞ്ഞത് വനിതാ സംവരണ ബില്‍ ഉണ്ടെന്ന്, രാഹുല്‍ ഗാന്ധി പറഞ്ഞു.

ജാതി സെന്‍സസ് നടത്തണം എന്നുളള ആവശ്യത്തില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാനുളള ശ്രമം ആണ് വനിതാ സംവരണ ബില്ലെന്ന് രാഹുല്‍ ആരോപിച്ചു. താന്‍ ഒബിസിക്കാരനായ നേതാവ് ആണെന്നാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറയാറുളളത്. അങ്ങനെയെങ്കില്‍ ഉന്നത സെക്രട്ടറി തലത്തില്‍ മൂന്ന് ഒബിസി ഓഫീസര്‍മാര്‍ മാത്രമുളളത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിക്കട്ടെ. ജാതി സെന്‍സസ് വഴി ഒബിസിക്കാരെ കണ്ടെത്തുക എന്നതാണ് ആദ്യപടി, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ബജറ്റില്‍ 5 ശതമാനം മാത്രമാണ് ഒബിസി അടക്കമുളള വിഭാഗത്തിന് വേണ്ടിയുളളത്. തങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ജാതി സെന്‍സസ് നടത്തും. അതുവഴി ഒബിസി വിഭാഗം ശാക്തീകരിക്കപ്പെടുകയും ഭരണത്തില്‍ അവര്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭിക്കുകയും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications