മധ്യപ്രദേശില്‍ നിലപാട് വ്യക്തമാക്കി കോടതി; വിശ്വാസ വോട്ടില്‍ ഇടപെടില്ല
ദില്ലി: മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും വിശ്വാസ വോട്ട് തേടാന്‍ ആവശ്യപ്പെടണമെന്നും കാണിച്ച് ബിജെപി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. സഭയില്‍ ആര്‍ക്കാണ് വിശ്വാസമെന്ന കാര്യത്തില്‍ സുപ്രീംകോടതി ഇടപെടില്ല. നിയമവശം പരിശോധിക്കുക എന്ന തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാണ് ചെയ്യുകയെന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്. ഹേമന്ദ് ഗുപ്ത എന്നിവരങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Recommended Video

22 എംഎല്‍എമാര്‍ രാജിവച്ച പശ്ചാത്തലത്തില്‍ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി എന്നാണ് ബിജെപിയുടെ വാദം. കമല്‍നാഥ് സര്‍ക്കാര്‍ സഭയില്‍ വിശ്വാസം തേടണമെന്നും ബിജെപി വാദിക്കുന്നു. എന്നാല്‍ ഇതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ബിജെപി തടവില്‍ വച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.
രാജിവച്ച 22 പേരില്‍ ആറ് പേരുടെ രാജി മാത്രമാണ് സ്പീക്കര്‍ സ്വീകരിച്ചത്. ബാക്കി എല്ലാവരും വിശ്വാസ വോട്ടെടുപ്പിന് മുമ്പ് സഭയില്‍ ഹാജരാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. എംഎല്‍എമാരെ തടവില്‍ വയ്ക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 16 എംഎല്‍എമാര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ അവരെ തടഞ്ഞുവയ്ക്കാന്‍ ഒരിക്കലും പാടില്ലെന്നും കോടതി വ്യക്തമാക്കി.
എംഎല്‍എമാരെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നും വേണമെങ്കില്‍ കോടതിയില്‍ അവര്‍ ഹാജരാകുമെന്നും ബിജെപിക്ക് വേണ്ടി വാദം നടത്തിയ മുകുള്‍ റോത്തഗി അറിയിച്ചു. എന്നാല്‍ കോടതി ഇക്കാര്യം തള്ളി. ഹര്‍ജികളില്‍ വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ വാദം തുടരും.
അതേസമയം, വിമതരെ കാണാന്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ബെംഗളൂരുവിലാണ്. ഇദ്ദേഹം കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. വിമതരെ കാണാന്‍ അനുമതി തേടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി ഇദ്ദേഹത്തിന്റെ ഹര്‍ജി തള്ളി.
അതിനിടെ ബെംഗളൂരുവിലെ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാര്‍ കര്‍ണാടക ഡിജിപിക്ക് കത്തെഴുതി. ഒരു കോണ്‍ഗ്രസ് നേതാവിനെയും തങ്ങളെ കാണാന്‍ അനുവദിക്കരുതെന്നാണ് അവരുടെ ആവശ്യം. കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ കാണുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവര്‍ കത്തില്‍ പറയുന്നു. വിമതരെ കാണാനെത്തിയ ദിഗ്‌വിജയ് സിങിനെയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.












Click it and Unblock the Notifications