ലോക നേതാക്കൾ ഡൽഹിയിലെത്തി; ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം..ഡൽഹിയിൽ കനത്ത സുരക്ഷ
ഡൽഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള ലോകനേതാക്കള്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. യൂറോപ്യൻ യൂണിയനിലെയും ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ലധികം രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്ട്ര സംഘടനാ മേധാവികളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
നൈജീരിയ, അർജന്റീന, ഇറ്റലി, എയു, ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശ്, യുകെ, ജപ്പാൻ സൗദി അറേബ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, ഈജിപ്ത്, ഓസ്ട്രേലിയ, അമേരിക്ക, കാനഡ, ചൈന, യു.എ.ഇ, ബ്രസീൽ, ഇന്തോനേഷ്യ, തുർക്കി സ്പെയിൻ, ജർമ്മനി, ഫ്രാൻസ്, മൗറീഷ്യസ്, യൂറോപ്യൻ യൂണിയൻ, സിംഗപ്പൂർ. എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയുടെ ഭാഗമാകുക. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ തുടങ്ങിയ നേതാക്കൾ ഇന്ത്യയിൽ എത്തിക്കഴിഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. ചൈനയെ പ്രതിനിധീകരിച്ച് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങും റഷ്യയെ പ്രതിനിധീകരിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമാവും പങ്കെടുക്കുക.

ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളായിരിക്കും ഉച്ചകോടിയിൽ ചർച്ചയാകുക. ആഫ്രിക്കൻ യൂണിയനെ ജി20 അംഗമായി കൂട്ടിച്ചേർക്കുക, ഉച്ചകോടിയിൽ യുക്രൈനിലെ യുദ്ധവുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവനയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുക എന്നീ വിഷയങ്ങൾ ഉച്ചകോടിയിൽ ഇന്ത്യ അവതരിപ്പിക്കും. ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ഏകദേശ ധാരണ രൂപപ്പെട്ടെന്നാണ് സൂചന.
ഉച്ചകോടിയുടെ ആദ്യ സെഷനായ 'ഒരു ഭൂമി' (വൺ എർത്ത്) രാവിലെ 10.30 ഓടെയാണ് ആരംഭിക്കുക. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള ചർച്ചകളാണ് സെഷനിൽ നടക്കുക. ഉച്ചഭക്ഷണത്തിന് ശേഷമായിരിക്കും രണ്ടാമത്തെ സെഷൻ. 'ഒരു കുടുംബം' എന്ന സെഷന് മൂന്ന് മണിയോടെ തുടക്കമാകും. വൈകീട്ട് ഏഴിന് വിശിഷ്ടാതിഥികള്‍ക്കായി രാഷ്ട്രപതി ദ്രൗപദി മുര്‍മു അത്താഴവിരുന്ന് നല്‍കും.
അതേസമയം ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. കനത്ത പോലീസ് വിന്യാസവും ആകാശ നിരീക്ഷണവുമുണ്ട്. സെൻട്രൽ ഡൽഹിയിൽ റോഡ് മാർഗം പൊതുഗതാഗതം നിരോധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications