ലൈംഗികാരോപണം: 'ബ്രിജ് ഭൂഷണെതിരെ നടപടിയില്ലാതെ പിന്നോട്ടില്ല', ഗുസ്തി താരങ്ങൾ വീണ്ടും സമരമുഖത്ത്
ദില്ലി: ലൈംഗികാരോപണങ്ങളില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡണ്ടും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിന് എതിരെ നടപടിയെടുക്കാത്തതിനെതിരെ ഗുസ്തി താരങ്ങള്‍ സമരവുമായി വീണ്ടും രംഗത്ത്. ഞായറാഴ്ച മുതലാണ് ഗുസ്തി താരങ്ങള്‍ രണ്ടാം ഘട്ട സമരം ആരംഭിച്ചത്. ദില്ലിയിലെ ജന്തര്‍ മന്ദിറിലാണ് സമരം. ഇന്നലെ രാത്രി ഫുട്പാത്തിലാണ് ദേശീയ താരങ്ങള്‍ അടക്കമുളളവര്‍ കിടന്നുറങ്ങിയത്.
ബ്രിജ് ഭൂഷണ്‍ ശരണിന് എതിരെ നടപടിയുണ്ടാകുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കുന്നു. ഏഴ് വനിതാ താരങ്ങള്‍ ബ്രിജ് ഭൂഷണിന് എതിരെ പുതുതായി കൊണാട്ട് പ്ലേസ് പോലീസില്‍ ലൈംഗിക പീഡന പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ദേശീയ ഗുസ്തി താരമായ സാക്ഷി മാലിക് ആരോപിച്ചു.

Image: PTI
ബ്രിജ് ഭൂഷണിന് എതിരെയുളള സര്‍ക്കാര്‍ സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിടാത്തതിലും ഗുസ്തി താരങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. വനിതാ ഗുസ്തി താരങ്ങളുടെ മൊഴികള്‍ അടങ്ങിയ ആ റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതൊരു ഗുരുതരമായ വിഷയമാണ്, പരാതിക്കാരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. പരാതിക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത് പോകരുത്, സാക്ഷി മാലിക് പറഞ്ഞു.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ സമരമുഖം വിട്ട് പോകില്ലെന്ന് മറ്റൊരു പ്രമുഖ ഗുസ്തി താരമായ ബജ്രംഗ് പൂനിയ പ്രതികരിച്ചു. നിരന്തരമായ ശ്രമങ്ങള്‍ നടത്തിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുമുളള പ്രതികരണങ്ങളും ഇല്ലെന്ന് വിനേഷ് ഫോഗട്ട് കുറ്റപ്പെടുത്തി. നീതി ലഭിക്കുന്നത് വരെ ഇവിടെ തന്നെ ഇരുന്ന് ഭക്ഷണം കഴിക്കാനും ഉറങ്ങാനും പോവുകയാണ് എന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ഗുസ്തി താരങ്ങള്‍ ഫുട്പാത്തില്‍ കിടന്ന് ഉറങ്ങുന്ന ചിത്രം വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്തിരുന്നു. 'പോഡിയത്തില്‍ നിന്ന് ഫുട്പാത്തിലേക്ക്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ''മൂന്ന് മാസമായി കായിക മന്ത്രി അനുരാഗ് താക്കൂറിനേയും മറ്റ് അധികൃതരേയും ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. എന്നാല്‍ കമ്മിറ്റി അംഗങ്ങള്‍ തങ്ങളോട് പ്രതികരിക്കുന്നില്ല. കായിക മന്ത്രാലയവും മൗനത്തിലാണ്. അവര്‍ ഫോണ്‍ പോലും എടുക്കുന്നില്ല. രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടിയവരാണ് ഞങ്ങള്‍. ഇപ്പോള്‍ ഇതിന് വേണ്ടി ഞങ്ങളുടെ കരിയറുകള്‍ പോലും അപകടത്തിലാക്കിയിരിക്കുകയാണ്'' എന്നും വിനേഷ് ഫോഗട്ട് പ്രതികരിച്ചു.
'ആരെയും തങ്ങള്‍ അന്ധമായി വിശ്വസിക്കില്ല. ഈ കേസില്‍ രാഷ്ട്രീയം കലരേണ്ടതില്ല. അതേസമയം തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും സ്വാഗതം ചെയ്യുന്നു. ബിജെപിയോ കോണ്‍ഗ്രസോ ആപോ ആരായാലും സ്വാഗതം ചെയ്യുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല' എന്നും ഗുസ്തി താരങ്ങള്‍ പറയുന്നു. ആദ്യഘട്ട സമരത്തില്‍ സിപിഎം നേതാവ് വൃന്ദ കാരാട്ട് ഐക്യദാര്‍ഢ്യവുമായി എത്തിയപ്പോള്‍ കായികതാരങ്ങള്‍ സഹകരിച്ചിരുന്നില്ല. കായികതാരങ്ങളുടെ സമരമാണ് ഇതെന്നാണ് അന്ന് ഗുസ്തി താരങ്ങള്‍ പ്രതികരിച്ചിരുന്നത്.












Click it and Unblock the Notifications