2021 ലെ പ്രതിഷേധങ്ങള്‍: ദ്വീപ് ജനതയ്ക്ക് മേല്‍ അസ്വസ്ഥത വിതറിയ പ്രഫുല്‍ പട്ടേലും സംഘപരിവാർ അജണ്ടയും
ഈ വർഷം രാജ്യം കണ്ട പ്രധാന പ്രതിഷേധങ്ങളിലൊന്ന് അരങ്ങേറിയത് ലക്ഷദ്വീപിലായിരുന്നു. പൊതുവെ സമാധാനപരമായി ജീവിക്കുന്ന ദ്വീപ് നിവാസികളെ പ്രതിഷേധച്ചൂടിലേക്ക് കടത്തി വിട്ടത് പുതിയ അഡ്മിനിസ്ട്രേറ്ററായി എത്തിയ പ്രഫുൽ കെ പട്ടേൽ നടത്തിയ പരിഷ്കാരങ്ങളായിരുന്നു. ബി ജെ പി നേതാവും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ സംഘപരിവാർ നിലപാടുകള്‍ ദ്വീപ് ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നതായിരുന്നു പ്രധാന ആരോപണം. ദ്വീപിലെ ജനങ്ങള്‍ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നു. വോട്ടിങ്ങിലൂടെ അധികാരത്തിൽ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നാതിയിരുന്നു പ്രധാന ഭരണ പരിഷ്കരണം.
വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം അടക്കമുള്ളവ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കിയിതിന് പിന്നാലെ സർക്കാർ സർവ്വീസിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടു. തീരദേശത്തെ സുരക്ഷ വർധിപ്പിക്കാനെന്ന പേരില്‍ മത്സ്യ തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കുകയും ചെയ്തു. ദ്വീപിലെ ടൂറിസം പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മദ്യശാലകൾ തുറക്കുകയും ചെയ്തു.
മോദി പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷം വിറച്ചോ? 570 കേസുകള്‍, കോണ്‍ഗ്രസ് ചെയ്തത്...

ഇതിന് പുറമെ ദേശീയ തലത്തില്‍ നിരവധി തവണ എതിർപ്പുകള്‍ക്ക് ഇടയാക്കിയ ഗോവധവും ഗോ മാംസാഹാരവും ദ്വീപിലും നിരോധിച്ചു. ദ്വീപിലെ ഡയറി ഫാമുകള്‍ അടച്ച് പൂട്ടുകയും വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫ് വിഭവങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ദ്വീപിലെ ഡയറി ഫാമുകള്‍ അടച്ച് പൂട്ടി പകരം ഗുജറാത്തില്‍ നിന്നും അമുല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കാനായിരുന്നു തീരുമാനം. കൂടാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കൂട്ടികള്‍ പാടില്ല, കുറ്റകൃത്യങ്ങൾ താരതമ്യേന വളരെ കുറഞ്ഞ ദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ദ്വീപ് നിവാസികള്‍ക്ക് പരമ്പരാഗതമായി ബന്ധമുണ്ടായിരുന്ന ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം അവസാനിപ്പിച്ച് മംഗലാപുരം തുറമുഖവുമായി ബന്ധം സ്ഥാപിക്കാനുള്ള സമ്മർദ്ദങ്ങളും ദ്വീപ് നിവാസികളുടെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയായിരുന്നു.

പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റെടുത്തതോടെ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെ അതുവരെ കോവിഡ് മുക്തമായിരുന്ന ദ്വീപില്‍ വന്‍ തോതില്‍ രോഗികളുടെ എണ്ണം ഉയരാന്‍ തുടങ്ങി. പ്രതിഷേധങ്ങളെ ശക്തമായ രീതിയിലായിരുന്നു ദ്വീപ് അഡ്മിനിസ്ട്രേറ്റർ നേരിട്ടത്. കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയതിനെതിരെ പ്രതിഷേധിച്ചവരെ പകർച്ചവ്യാധി നിയമം ലഘിച്ചെന്ന പേരില്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു. ലക്ഷദ്വീപിൽ നിന്നുള്ള വാർത്താ മാധ്യമമായ 'ദ്വീപ് ഡയറിക്ക്' കേന്ദ്രസർക്കാരിന്റെ താല്‍ക്കാലിക വിലക്കുണ്ടായി.

സിഎഎ, എന്‍ആർസിയുമായി ബന്ധപ്പെട്ട പ്രക്ഷോഭ ബോർഡുകളെല്ലാം നീക്കം ചെയ്യുകുയും ഇതിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലക്ഷദ്വീപ് ടൌണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് റഗുലേഷന്‍ 2021, ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റിക്ക് വികസന പ്രവർത്തനങ്ങളുടെ പേരില്‍ ഏത് സ്ഥലവും ഏറ്റെടുക്കുന്നതിന് പൂർണ്ണ അധികാരം നല്‍കുന്നതാണ്. ഇത് തങ്ങളുടെ ഭൂമി നഷ്ടപ്പെടുമോയെന്ന ദ്വീപ് നിവാസികളുടെ ആശങ്കയ്ക്ക് ഇടയാക്കി. വീട് ഉള്‍പ്പടേയുള്ള കെട്ടിടങ്ങള്‍ക്ക് 3 വർഷത്തിലൊരിക്കല്‍ കാലാവധി പുതുക്കി വാങ്ങാനും, പുതുക്കി നല്‍കിയില്ലെങ്കില്‍ പൊളിച്ചു മാറ്റണമെന്നും നിർദേശമുണ്ടായിരുന്നു.

ദ്വീപ് നിവാസികള്‍ ആരംഭിച്ച സേവ് ലക്ഷദ്വീപ് ക്യാമ്പയിന്‍ അന്തർദേശീയ തലത്തില്‍ തന്നെ ചർച്ചാ വിഷയമായതോടെ ചില കടുത്ത നിലപാടുകളില്‍ നിന്നും പ്രഫുല്‍ പട്ടേല്‍ പിന്നോട്ട് പോയത്. അതേസമയം പല നിലപാടുകളിലും അഡ്മിനിസ്ട്രേറ്റർ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. ലക്ഷദ്വീപിനെ ജനങ്ങള്‍ക്ക് മേല്‍ നടത്തിയ കടന്ന് കയറ്റങ്ങള്‍ക്കെതിരെ കേരളത്തിലും വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു നടന്നത്. ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.

ലക്ഷദ്വീപിന് പിന്തുണ അറിയിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു. ദ്വീപിൽ നടക്കുന്ന കാവി വത്കരണ ശ്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രതിഷേധ പ്രമേയത്തിൽ വ്യക്തമാക്കിയത്. സംഘപരിവാര്‍ അജണ്ടക്കൊപ്പം കോര്‍പറേറ്റ് താൽപര്യങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഗോ വധ നിരോധനം എന്ന സംഘപരിവാർ അജണ്ട പിൻ വാതിലിലൂടെ ദ്വീപിൽ നടപ്പാക്കുന്നു. ഇത് അനുവദിക്കാനാകില്ലെന്നും നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷവും പ്രമേയത്തിന് പൂർണ്ണ പിന്തുണ നല്‍കി.

പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നെങ്കിലും പല വിഷയത്തിലും അഡ്മിനിസ്ട്രേറ്ററും ദ്വീപ് നിവാസികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ലക്ഷദ്വീപില്‍ സ്കൂളവധി വെള്ളിയാഴ്ചയില്‍ നിന്ന് ഞായറാഴ്ചയിലേക്ക് മാറ്റിക്കൊണ്ട് കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേഷന്‍ ഇറക്കിയ പുതിയ ഉത്തരവിനെതിരെ വലിയ പ്രതിഷേധം ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. മുസ്‌ലിം വിഭാഗം തിങ്ങിപാര്‍ക്കുന്ന ദ്വീപില്‍ അവധി ദിവസം മാറ്റിയതിന് പിന്നിലും സംഘപരിവാർ അജണ്ടയാണെന്നാണ് ദ്വീപ് വാസികള്‍ ആരോപിക്കുന്നത്. ലക്ഷദ്വീപിെല സ്കൂളുകള്‍ക്കെല്ലാം ഇതുവരെ വെള്ളിയാഴ്ചകളിലായിരുന്നു അവധി. പുതുക്കിയ ഉത്തരവ് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് കൈമാറിയിട്ടുണ്ട്.