'ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾക്ക് താങ്ങാൻ കഴിയില്ല, ഇതൊരു ഭീഷണിയല്ല'; ബിജെപിക്ക് മുന്നറിയിപ്പുമായി സ്റ്റാലിൻ
ചെന്നൈ; മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ ബി ജെ പിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭയപ്പെടുത്താനാണ് ശ്രമമെങ്കിൽ പ്രത്യാഘാതം ബി ജെ പിക്ക് താങ്ങാൻ സാധിക്കില്ലെന്നും ഇതൊരു ഭീഷണിയല്ല മുന്നറിയിപ്പാണെന്നും സ്റ്റാലിൻ പറഞ്ഞു. ഇഡിയെ ഉപയോഗിച്ച് ഡി എം കെയെ നേരിടാനാണ് ശ്രമമെങ്കിൽ ബി ജെ പി അനുഭവിക്കേണ്ടി വരുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
'ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കിൽ ഭയക്കില്ല, തല ഉയർത്തി തന്നെ അതിനെ നേരിടും. എല്ലാ തരത്തിലുള്ള രാഷ്ട്രീയവും ഞങ്ങൾക്ക് അറിയാം. ഇതൊരു ഭീഷണിയല്ല മുന്നറിയിപ്പാണ്. ബി ജെ പി ഇനി മുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. തങ്ങളുടെ 'സ്വേച്ഛാധിപത്യ നടപടികൾ അവസാനിപ്പിക്കണം', സ്റ്റാലിൻ പറഞ്ഞു. സെന്തിൽ ബാലാജിക്കെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്നതിൽ ഒരു തരി പോലും സംശയമില്ലെന്നും സ്റ്റാലിൻ ആവർത്തിച്ചു.

'രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും നേരിടാൻ കഴിയാത്ത രാഷ്ട്രീയ എതിരാളികളെ സി ബി ഐയേയും ഇഡിയേയും ആദായനികുതി വകുപ്പിനേയും ഇറക്കി നേരിടുന്നതാണ് ബി ജെ പിയുടെ രീതി. തമിഴ്നാട്ടിലും അവർ ഇതേ രീതിയാണ് പ്രയോഗിച്ചത്. അണ്ണാ ഡി എം കെയെ അടിമയാക്കിയത് ഇത്തരം റെയ്ഡുകളിലൂടെയാണ്. എന്നാൽ ഡി എം കെയ്ക്കെതിരേയും ഇതേ രീതിയാണ് അവർ പ്രയോഗിക്കാൻ ശ്രമിക്കുന്നതെങ്കിൽ ബി ജെ പിക്ക് വളരെ അധികം നിരാശപ്പെടേണ്ടി വരും',സ്റ്റാലിൻ പറഞ്ഞു.
എ ഐ എ ഡി എം കെ നേതാക്കൾക്കെതിരായ അഴിമതി പരാതികളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. 'എ ഐ എ ഡി എം കെ നേതാക്കളുടെ അഴിമതിക്ക് ഞങ്ങൾ തെളിവ് നൽകാം. ഇവരുടെ സ്ഥലങ്ങളിലും ഇഡി പരിശോധന നടത്തുമോ? 2021 വരെ എ ഐ എ ഡി എം കെയായിരുന്നു തമിഴ്നാട്ടിൽ അധികാരത്തിൽ ഉണ്ടായിരുന്നത്. അവർ എന്തുകൊണ്ടാണ് സെന്തിലിനെതിരെ നടപടിയെടുക്കാതിരുന്നത്? ഡി എം കെ മുൻകാലങ്ങളിലും കടുത്ത വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ഈ സാഹചര്യത്തേയും ഞങ്ങൾ മറികടക്കും, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റിൽ വിജയിക്കുകയും ചെയ്യും', സ്റ്റാലിൻ പറഞ്ഞു.
ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് തമിഴ്‌നാട് വൈദ്യുതി- എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തത്. ജയലളിതയുടെ ഭരണകാലത്ത് 2011 മുതല്‍ 2015 വരെ ഗതാഗതമന്ത്രിയായിരുന്ന സെന്തില്‍ ബാലാജി പിന്നീട് ഡി എം കെ യില്‍ ചേരുകയായിരുന്നു.












Click it and Unblock the Notifications