നിങ്ങൾ ഇലക്ഷൻ കമ്മീഷ്ണർ ആയിരുന്നില്ല, മുസ്ലീം കമ്മീഷ്ണർ ആയിരുന്നു'; വൈഎസ് ഖുറേഷിക്കെതിരെ നിഷികാന്ത് ദുബെ
ഡൽഹി: സുപ്രീം കോടതിയെ വിമർശിച്ചത് സംബന്ധിച്ച വിവാദം കത്തുന്നതിനിടെ മുൻ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ എസ് വൈ ഖുറേഷിയേയും വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ. ഖുറേഷി തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ആയിരുന്നില്ല, മറിച്ച് ഒരു മുസ്ലീം കമ്മീഷ്ണറായിരുന്നു എന്നാണ് ദുബെയുടെ ആക്ഷേപം. വഖഫ് നിയമഭേദഗതിയെ ഖുറേഷി വിമർശിച്ചിരുന്നു. നിയമം മുസ്ലീങ്ങളുടെ മുസ്ലീം ഭൂമി തട്ടിയെടുക്കാനുള്ള സർക്കാരിന്റെ വൃത്തികെട്ട പദ്ധതിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതാണ് ദുബെയെ ചൊടിപ്പിച്ചത്.
'മുസ്ലീങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള സർക്കാരിന്റെ വഖഫ് നിയമഭേദഗതി എന്ന കാര്യത്തിൽ സംശയമില്ല. സുപ്രീം കോടതി ഇതിനെ ശക്തമായി എതിർക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. തെറ്റായ പ്രചരണം നടത്തുന്ന യന്ത്രം അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു', എന്നായിരുന്നു എക്സിലൂടെയുള്ള ഖുറേഷിയുടെ വിമർശനം.

'നിങ്ങളൊരു മുസ്ലീം കമ്മീഷ്ണായിരുന്നു അല്ലാതെ ഇലക്ഷൻ കമ്മീഷ്ണർ അല്ല. നിങ്ങളുടെ ഭരണകാലത്ത് ജാർഖണ്ഡിലെ സന്താൽ പർഗാനയിൽ ഏറ്റവും കൂടുതൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടർമാരാക്കി', ദുബെ ആരോപിച്ചു. 712 ലാണ് പ്രവാചകൻ മുഹമ്മദ് നബിയും ഇസ്ലാമും ഇവിടെ വന്നത്. അതിനുമുമ്പ് ഈ ഭൂമി (വഖഫ്) ഹിന്ദുക്കളുടെയോ ഗോത്രക്കാരുടെയോ, ആ വിശ്വാസവുമായി ബന്ധപ്പെട്ട ജൈനരുടെയോ ബുദ്ധമതക്കാരുടെയോ ഒക്കെ ഭൂമിയായിരുന്നു. ഈ രാജ്യത്തെ ഒന്നിപ്പിക്കൂ, ചരിത്രം വായിക്കൂ. പാകിസ്ഥാൻ സൃഷ്ടിക്കപ്പെട്ടത് ഇന്ത്യയെ വിഭജിച്ചാണ്, ആ വിഭജനം ഇനി ഉണ്ടാകില്ല', ദുബെ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സുപ്രീം കോടതിക്കെതിരെ ഝാർഖണ്ഡിൽ നിന്നുള്ള എംപി കൂടിയായ നിഷികാന്ത് ദുബൈ വിവാദ പരാമർശം നടത്തിയത്. വഖഫ് നിയമഭേദഗതിയിൽ സുപ്രീം കോടതി നടത്തിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിമർശനം. സുപ്രീം കോടതിയാണ് രാജ്യത്തെ നിയമം തീരുമാനിക്കുന്നതെങ്കിൽ പാർലമെന്റും നിയമസഭയുമൊക്കെ പൂട്ടിക്കെട്ടട്ടെ എന്നായിരുന്നു ദുബെയുടെ വാക്കുകൾ. രാജ്യത്ത് മതയുദ്ധങ്ങൾ ഉണ്ടാക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണെന്നും ദുബെ വിമർശിച്ചു.
'നിയമം സുപ്രീം കോടതി പാസാക്കുമെങ്കിൽ പാർലമെന്റ് പൂട്ടിക്കെട്ടട്ടെ. രാജ്യത്ത് മതയുദ്ധങ്ങൾക്കെല്ലാം കാരണം സുപ്രീം കോടതിയാണ്. സുപ്രീം കോടതി പരിധികൾ ലംഘിച്ച് പ്രവർത്തിക്കുകയാണ്. എല്ലാത്തിനും സുപ്രീം കോടതിയിൽ പോകേണ്ടി വന്നാൽ പിന്നെ പാർലമെന്റും നിയമസഭയുമൊക്കെ അടച്ചിടണം', ദുബെ പറഞ്ഞു. അതേസമയം പരാമർശം വിവാദമായതോടെ ബി ജെ പി ദുബെയെ തള്ളിയിരുന്നു. ദുബേയുടേത് വ്യക്തിപരമായ പരാമർശം മാത്രമാണെന്നും ബി ജെ പി അതിനോട് യോജിക്കുന്നില്ലെന്നുമാണ് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞത്. വിവാദ പരാമർശത്തിൽ ബി ജെ പി ദുബെയെ താക്കീതും ചെയ്തു. എന്നാൽ ഇതാദ്യമായല്ല രാജ്യത്തെ പരമോന്നത നിയമസംവിധാനത്തിനെ ബി ജെ പി നേതാക്കൾ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
എംപിയെ തള്ളിക്കൊണ്ടുള്ള ബി ജെ പി നേതൃത്വത്തിന്റെ പ്രതികരണം വെറും 'ഡാമേജ് കൺട്രോൾ' മാത്രമാണെന്നും നേതാക്കൾ വിമർശിച്ചു. അതേസമയം പരാമർശത്തിൽ സുപ്രീം കോടതി ദുബെയ്ക്കെതിരെ സ്വമേധയാ കോടതി അലക്ഷ്യ നടപടി കൈക്കൊള്ളുമോയെന്നാണ് ഉറ്റുനോക്കുന്നത്. ദുബെയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനസ് തന്‍വീർ കഴിഞ്ഞ ദിവസം അറ്റോർണി ജനറലിന് കത്ത് നൽകിയിരുന്നു. ബിജെപി എംപിയുടെ പരസ്യ പരാമർശം അങ്ങേയറ്റം അപമാനകരവും അപകടകരവും പ്രകോപനപരവുമാണെന്നാണ് തൻവീൻ കത്തിൽ ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ സംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നതാണ് പരാമർശമെന്നും അതിനാൽ നടപടി സ്വീകരിക്കണമെന്നും കത്തിൽ പറഞ്ഞു.












Click it and Unblock the Notifications