യൂത്ത് കോണ്‍ഗ്രസില്‍ ഇനി തിരഞ്ഞെടുപ്പില്ല, രാഹുലിന്റെ ഇടപെടല്‍, ജയിക്കാന്‍ ഇനി ഈ മാര്‍ഗങ്ങള്‍!!
ദില്ലി: കോണ്‍ഗ്രസില്‍ ജനുവരിയോടെ മാറ്റങ്ങള്‍ ഉറപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്റെ രീതികളും മാറുന്നു. തിരഞ്ഞെടുപ്പ് തന്നെ യൂത്ത് കോണ്‍ഗ്രസില്‍ ഒഴിവാക്കുകയാണ്. പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പ് രീതിയില്‍ വലിയ പിഴവുകളുണ്ടെന്നാണ് യുവ നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്. അര്‍ഹതപ്പെട്ടവരൊക്കെ പാര്‍ട്ടിയില്‍ നിന്ന് കാര്യമായ പദവികളൊന്നും ലഭിക്കാതെ പിന്തള്ളപ്പെട്ട് പോവുകയാണ്. ഈ സാഹചര്യത്തിലാണ് മാറ്റങ്ങള്‍.

ഇനി തിരഞ്ഞെടുപ്പില്ല
2008 മുതലാണ് യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ തുടങ്ങിയത്. രാഹുല്‍ ഗാന്ധിയാണ് ഇത് അവതരിപ്പിച്ചത്. സംഘടനയ്ക്കുള്ളില്‍ ജനാധിപത്യം കൊണ്ടുവരാനായിരുന്നു ഈ രീതി കൊണ്ടുവന്നത്. എന്നാല്‍ അതിപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. ഇലക്ട്രല്‍ കോളേജ്-രഹസ്യ ബാലറ്റ് രീതികളും ഇനിയുണ്ടാവില്ല. അതേസമയം പുതിയ തീരുമാന പ്രകാരം എല്ലാ നേതാക്കളും പാര്‍ട്ടിക്കുള്ളില്‍ പദവിക്കായി നന്നായി തന്നെ പ്രവര്‍ത്തിക്കേണ്ടി വരും.

ഹിമാചലില്‍ തുടക്കം
ഹിമാചല്‍ പ്രദേശിലാണ് പുതിയ രീതി ആദ്യം പരീക്ഷിച്ചത്. ഏറ്റവും കൂടുതല്‍ അംഗങ്ങളെ സംഘടനയില്‍ ചേര്‍ത്തുന്നവര്‍ക്കാണ് ഇനി സംസ്ഥാന അധ്യക്ഷ പദവി ലഭിക്കുക. ഏറ്റവും കൂടുതല്‍ പേരെ ചേര്‍ത്ത മൂന്ന് പേരെ അഭിമുഖത്തിനായി വിളിക്കും. അതില്‍ നിന്നാണ് നിയമനം ഉണ്ടാവുക. പ്രത്യയശാസ്ത്രവും സംഘടനാ പ്രവര്‍ത്തനവും ഇതോടൊപ്പം പരിഗണിക്കും. അതില്‍ യോഗ്യത നേടുന്നയാളെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കും.

നിയമിച്ചത് ഇങ്ങനെ
സംഘടനയിലെ ബാക്കിയുള്ള അംഗങ്ങളെ എത്ര പേരെ പാര്‍ട്ടിയില്‍ എത്തിച്ചു എന്ന് നോക്കിയാണ് മറ്റ് സ്ഥാനങ്ങളിലേക്ക് നിയമിക്കുക. ഹിമാചല്‍ പ്രദേശില്‍ നിഗം ഭണ്ഡാരി, യദോപതി താക്കൂര്‍, അമിത് പത്താനിയ, എന്നിവരാണ് അവസാന റൗണ്ടില്‍ മത്സരിച്ചത്. ഭണ്ഡാരി 39,796 അംഗങ്ങളെയാണ് സംഘടനയില്‍ അംഗങ്ങളാക്കിയത്. അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി. താക്കൂറിനെ വര്‍ക്കിംഗ് പ്രസിഡന്റായും പത്താനിയയെ സംസ്ഥാന ഉപാധ്യക്ഷനായും നിയമിച്ചു. 37665 പേരെയാണ് സംഘടനയില്‍ താക്കൂര്‍ എത്തിച്ചത്. പത്താനിയ 5968 പേരെയും നിയമിച്ചു.

രാഹുലിന്റെ നിര്‍ദേശം
രാഹുല്‍ പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിലും അടിമുടി പൊളിച്ചെഴുത്ത് വേണമെന്ന് നേരത്തെ പറഞ്ഞതാണ്. പാര്‍ട്ടിയിലെ കെട്ടുറപ്പ് കൊണ്ട് മാത്രമേ നേതാവിന് ജനപ്രീതി നിലനിര്‍ത്താനാവൂ എന്ന് രാഹുല്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ കെട്ടുറപ്പും കൂടുതല്‍ നേതാക്കള്‍ എത്തുന്നതോടെ മാറും. കൂടുതല്‍ നേതാക്കളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനും സംസ്ഥാനത്തും ദേശീയ തലത്തിലും ഉപയോഗിക്കാനും രാഹുലിന് സാധിക്കും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ നേതാക്കളെ രാഹുല്‍ ഇത്തരത്തില്‍ നിയോഗിക്കും.

ഇനി അഞ്ചിടങ്ങള്‍
കോണ്‍ഗ്രസില്‍ ഇനിയും തിരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഗുജറാത്ത്, തെലങ്കാന, മുംബൈ, കര്‍ണാടക, മധ്യപ്രദേശ് എന്നിവയാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍. ഗുജറാത്തിലും തെലങ്കാനയിലും മുംബൈയിലും പുതിയ മോഡലില്‍ തിരഞ്ഞെടുപ്പ് നടക്കും. എന്നാല്‍ കര്‍ണാടകത്തിലും മധ്യപ്രദേശിലും പഴയ ഫോര്‍മാറ്റില്‍ തന്നെ നടക്കും. കര്‍ണാടകത്തിലും മധ്യപ്രദേശിലും യൂത്ത് കോണ്‍ഗ്രസ് ശക്തരായ നേതാക്കള്‍ക്കാണ് സീറ്റ് നല്‍കി വിജയിപ്പിക്കുന്നത്. അതാണ് മാറ്റാതിരിക്കാന്‍ കാരണം.

സോണിയക്ക് മുന്നിലും
യൂത്ത് കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പ് രീതികള്‍ ഒട്ടും നല്ലതല്ലെന്ന് സോണിയക്ക് മുന്നിലും യുവ നേതാക്കള്‍ ഉന്നയിച്ചിരുന്നു. രാഹുലിനെ സീനിയര്‍ നേതാക്കള്‍ തുടര്‍ച്ചയായി ഈ വിഷയത്തില്‍ കണ്ടിരുന്നു. ഇതോടെ പാര്‍ട്ടിയിലെയും യൂത്ത് കോണ്‍ഗ്രസിലെയും തീരുമാനങ്ങള്‍ ഒരുമിച്ച് ഉണ്ടായത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ജനുവരി യൂത്ത് കോണ്‍ഗ്രസിലെ ഈ രീതി പരിശോധിക്കും. അതേസമയം രാഹുലിന്റെ തീരുമാനം ആയത് കൊണ്ട് ഇതിനി മാറാനും സാധ്യതയില്ല.

രാഹുലിനും തിരിച്ചടി
തനിക്ക് ഇഷ്ടപ്പെട്ടവരെ മത്സരിപ്പിക്കുന്ന രാഹുലിന്റെ രീതി ഇനി യൂത്ത് കോണ്‍ഗ്രസില്‍ ഉണ്ടാവില്ല. സംഘടനയിലേക്ക് ജനകീയ പിന്തുണയുള്ള നേതാക്കള്‍ വരുന്നുവെന്ന് ഉറപ്പിക്കാന്‍ പുതിയ നയം കൊണ്ട് സാധിക്കും. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ഒരു നേതാവിനും 40000 നേതാക്കളെ സംസ്ഥാന ഘടകത്തിന്റെ ഭാഗമാക്കാന്‍ കഴിയില്ല. അതുകൊണ്ട് സംഘടനയില്‍ മത്സരിക്കാനുള്ള ലോബിയിംഗും ഇനി നടക്കില്ല. ടീം രാഹുലിനുള്ള ആധിപത്യം പൂര്‍ണമായും ഇവിടെ നഷ്ടമാകും.












Click it and Unblock the Notifications