78 ബാങ്ക് അക്കൗണ്ടുകള്‍, 100 കോടിയുടെ സ്വത്ത്; സാക്കിര്‍ നായിക്ക് കുടുങ്ങും!! എന്‍ഐഎ പിന്നാലെ..
മുംബൈയിലും പരിസരങ്ങളിലും സാക്കിര്‍ നായികിനും കൂട്ടാളികള്‍ക്കും 100 കോടിയുടെ സ്വത്തുണ്ടെന്നാണ് കണക്കാക്കുന്നത്.
ദില്ലി: വിവാദത്തിലായ ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായികിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്‌തേക്കും. ഇദ്ദേഹത്തിന്റെ 78 ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഐഎ പരിശോധിച്ചുവരികയാണ്. മുംബൈയിലും പരിസരങ്ങളിലും സാക്കിര്‍ നായികിനും കൂട്ടാളികള്‍ക്കും 100 കോടിയുടെ സ്വത്തുണ്ടെന്നാണ് കണക്കാക്കുന്നത്.

സാക്കിര്‍ നായിക്കിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരേ കഴിഞ്ഞ നവംബറില്‍ ദേശീയ അന്വേഷണ ഏജന്‍സി യുഎപിഎ പ്രകാരം കേസെടുത്തിരുന്നു. വര്‍ഗീയത വളര്‍ത്തുകയും മതസൗഹാര്‍ദം തകര്‍ക്കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു ഇത്.
സാക്കിര്‍ നായിക്കുമായി ബന്ധമുള്ള 20 ഓളം പേരെ എന്‍ഐഎ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരി നൈല നൗഷാദ് നൂറാനിയടക്കമുള്ളവരെയാണ് ചോദ്യം ചെയ്തത്. ഇനി ആദായ നികുതി വകുപ്പിന്റെ കൈവശമുള്ള ചില രേഖകള്‍ കൂടി കിട്ടാനുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.
78 അക്കൗണ്ടുകളും വിവിധ ബാങ്കുകളുടേതാണ്. ഇതെല്ലാം വിശദമായി പരിശോധിച്ച് വരികയാണ്. ഇനി വിദേശത്തുള്ള സാക്കിര്‍ നായിക്കിനെ ചോദ്യം ചെയ്യുന്നതിന് വിളിപ്പിക്കാനാണ് തീരുമാനം. ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘം ചോദിച്ചിട്ടുണ്ട്. ഭൂമി വാങ്ങുന്നതിന് സാക്കിര്‍ നായിക് 100 കോടി രൂപ നിക്ഷേപിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കേസിലെ പ്രതികള്‍ ദുരൂഹമായ രീതിയില്‍ പണമിടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മതകാര്യങ്ങളും വിദ്യാഭ്യാസ പരവുമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ നിര്‍മിക്കുന്ന മുംബൈ കേന്ദ്രമായുള്ള ഹാര്‍മണി പ്രൈവറ്റ് ലിമിറ്റഡിന് കേസില്‍ ബന്ധമുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.
നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ യുഎപിഎ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഭീകരത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന പ്രവര്‍ത്തിച്ചത് എന്നാരോപിച്ചാണ് നിരോധനം. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ബ്രിട്ടന്‍, കാനഡ, മലേഷ്യ എന്നീ രാജ്യങ്ങള്‍ നിരോധിച്ചിരിക്കുകയാണ്.












Click it and Unblock the Notifications