Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയില്‍ പിആറിന് ഇനി 10 വർഷം?: വിഷമമുണ്ടെങ്കിൽ സർക്കാരിനെ തെറിവിളിക്കുക, അല്ലാതെ അഭയാർത്ഥികളേയല്ല - കുറിപ്പ്

യുകെ സർക്കാർ സ്ഥിര താമസത്തിനുള്ള (പെർമനന്റ് റെസിഡൻസി) അപേക്ഷാ കാലയളവ് വർധിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത ഇന്ത്യക്കാർ അടക്കമുള്ള കുടിയേറ്റക്കാരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ അഞ്ച് വർഷത്തിൽ നിന്ന് 10 വർഷമായി ഈ കാലയളവ് ഉയർത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. 2023-ൽ മാത്രം 2 ലക്ഷത്തിലധികം ഇന്ത്യക്കാർ ജോലി, പഠനം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി യുകെയിലെത്തിയിരിന്നു. വന്നവരില്‍ ബഹുഭൂരിപക്ഷം ലക്ഷ്യം പിആർ ആയിരുന്നു.

യുകെ സർക്കാർ കുടിയേറ്റം കർശനമായി നിയന്ത്രിക്കുന്നതിന് കാരണം അഭയാർത്ഥികളാണെന്ന തെറ്റായ പ്രചരണവും ഇന്ത്യക്കാർ അടക്കമുള്ള കുടിയേറ്റക്കാർക്കിടയിലും ശക്തമാണ്. ഇക്കാരണത്താല്‍ തന്നെ അഭയാർത്ഥികള്‍ക്കെതിരെ വലിയ തോതിലുള്ള വിദ്വേഷ പ്രചരണവും ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുകെയിലെ മലയാള ഡോക്ടർ കുഞ്ഞാലിക്കുട്ടി എഴുതിയ കുറിപ്പ് ശ്രദ്ധേയമായി മാറുന്നത്.

uk

2024 ൽ ചെറുബോട്ടുകളിൽ വന്നത് വെറും 37000 ആൾക്കാരാണെന്നും ഇവരിൽ നല്ലൊരു ശതമാനത്തെയും തിരികെ അയച്ചിട്ടുണ്ടെന്നുമാണ് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഡോക്ടർ എഴുതുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

യുകെ മലയാളി ഗ്രൂപ്പുകളിൽ മൊത്തം വിഷാദ പോസ്റ്റുകൾ ആണ്. കുടിയേറ്റം നിയന്ത്രിക്കാൻ വേണ്ടി ബ്രിട്ടീഷ് സർക്കാർ കൈക്കൊള്ളാൻ ഉദ്ദേശിക്കുന്ന നടപടികളുടെ വൈറ്റ് പേപ്പർ പുറത്തു വന്നു. ഇനി വിദേശികൾക്ക് കെയറർ വിസ ഇല്ല, ഇപ്പോൾ വർക്ക് പെർമിറ്റിലും മറ്റുമുള്ളവർക്ക് പെർമനന്റ് റെസിഡൻസിക്ക് 10 കൊല്ലം ആക്കി, വർക്ക് വിസയ്ക്ക് മിനിമം സാലറി ത്രെഷോൾഡ് വർധിപ്പിച്ചു, ഇംഗ്ലീഷ് നല്ലോണം അറിയാതെ ഇനി വിസ കൊടുക്കില്ല തുടങ്ങിയ കാര്യങ്ങൾ ആണ് പോസ്റ്റുകൾക്ക് നിദാനം. ശരിയാണ്, കുറെ കാശും എഫർട്ടും ഇട്ടിട്ട് നമ്മൾ ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടക്കില്ലെന്ന് വന്നാൽ അത് വിഷമമുണ്ടാക്കുന്ന കാര്യമാണ്.

പക്ഷെ അതിനൊപ്പം കാണുന്ന ഒന്നാണ് അഭയാർത്ഥികളെ തെറിവിളിക്കുന്നത്. പ്രത്യേകിച്ചും ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ ക്രോസ് ചെയ്തു വരുന്ന മനുഷ്യരെ. ഞങ്ങടെ ടാക്സ് എടുത്തു ഇവനെയൊക്കെ തീറ്റിപ്പോറ്റാൻ കാശുണ്ട്, എന്നാൽ മാന്യന്മാരായ ഞങളെ ബഹുമാനിക്കാൻ നിനക്കറിയില്ലേടാ കീയർ സ്റ്റാമറേ എന്നാണ് ആക്രോശം. അഭയാർത്ഥികളെ അടിച്ചു പുറത്താക്കിയില്ലെങ്കിൽ ബ്രിട്ടൻ തീർന്നു എന്നൊക്കെയുള്ള മുന്നറിയിപ്പുകളും ഈ 'മാന്യന്മാരായ' കുടിയേറ്റക്കാർ പ്രധാനമന്ത്രിക്ക് നൽകുന്നുണ്ട്. കൂടാതെ ചെറുബോട്ടുകൾ വാങ്ങി കടൽ കടന്നു ഇങ്ങോട്ടു വന്നോളൂ എന്നൊക്കെ ട്രോളുകളും.

ഈ ഓതറൈസ്ഡ് കുടിയേറ്റക്കാർ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. 2024 ൽ ചെറുബോട്ടുകളിൽ വന്നത് വെറും 37000 ആൾക്കാരാണ്. ഇവരിൽ നല്ലൊരു ശതമാനത്തെയും തിരികെ അയച്ചിട്ടുണ്ട്. ചിലരൊക്കെ സ്വമേധയാ, മറ്റു ചിലരെ നിർബ്ബന്ധിതമായി. ഈ വർഷം മെയ് 16 വരെ വന്നത് വെറും 11000 ആൾക്കാരാണ്.

എന്നാൽ 2024 ൽ മാത്രം ബ്രിട്ടനിലേക്ക് വന്ന ഓതറൈസ്ഡ് കുടിയേറ്റക്കാർ ഏകദേശം ഒൻപത് ലക്ഷമാണ്. അതിന് മുന്നത്തെ വർഷം പന്ത്രണ്ട് ലക്ഷം. ഇതിൽ നല്ലൊരു ഭാഗം ആളുകളും സ്ഥിരതാമസമാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് വരുന്നതും. ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട വിവരമാണിത്. ചിത്രം കാണുക.

uk

ബോട്ടിൽ കേറി വരൂ എന്നൊക്കെ നിസാരമായി അങ്ങ് പറയാം. എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ചു ഉടുത്ത തുണിയോടെ കുഞ്ഞു കുട്ടികളെയും ജീവനും കയ്യിലെടുത്തു ജനിച്ച നാടും വീടും വിട്ടു ഓടി, ഒരു ചെറുബോട്ടിൽ തിങ്ങിഞെരുങ്ങി കടൽ കടന്നു വരുന്നവർ യുകെയിൽ വന്നു അടിച്ചുപൊളിക്കാം, ഇൻസ്റ്റഗ്രാമിൽ റീലിടാം, വ്ലോഗ് ചെയ്യാം എന്നുള്ള ആഗ്രഹത്തിലൊന്നുമല്ല അങ്ങനെ ചെയ്യുന്നത്. ജീവനിൽ പേടിയില്ലാതെ കഴിയണം എന്ന ഒറ്റ ആഗ്രഹത്തിൽ വരുന്നതാണ്. വിസയെടുത്തു പ്ലെയിനിൽ കേറി വന്നു, നേരത്തെ തയ്യാറാക്കിയ അക്കോമഡേഷനിൽ കൂട്ടുകാരുടെയും ബന്ധുക്കളുടെയും സപ്പോർട്ടോടെ താമസിക്കുന്നത് പോലത്തെ പ്ലാനിങ്ങോടെയൊന്നുമല്ല അവർ വരുന്നത്. ഇങ്ങനെ കടൽ കടന്നു വരുന്നതിനിടയിൽ ബോട്ടുമുങ്ങിയും മറ്റും മരിക്കുന്നത് നിരവധി പേരാണ്.

ബോട്ടിൽ കേറി വരുന്നതിൽ കുറച്ചു കള്ളനാണയങ്ങളും കാണും. അതിപ്പോ ഓതറൈസ്ഡ് കുടിയേറ്റക്കാരിലും ഉണ്ടല്ലോ അങ്ങനെ ഉടായിപ്പ് കാണിച്ചു വന്ന ടീമുകൾ. IELTS/OET പരീക്ഷയിൽ കള്ളത്തരം കാണിച്ചു പാസായ കുറെ നേഴ്‌സുമാരെ ഈയടുത്ത ഇടയ്ക്ക് NMC പൊക്കിയിരുന്നു. കെയറർ വിസയ്ക്ക് നിയമവിരുദ്ധമായി ലക്ഷങ്ങൾ കൊടുത്തു വിസ ഒപ്പിച്ചു വന്നവരുണ്ട്. സ്റ്റുഡന്റ് വിസയിൽ വടക്കൻ ഇംഗ്ളണ്ടിലെ യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ എടുത്തിട്ട് രാജ്യത്തിൻറെ തെക്കേ അറ്റത്ത് ജോലി ചെയ്തു താമസിക്കുന്നവരും നിയമവിരുദ്ധമായി നാല്പതും അമ്പതും മണിക്കൂർ ജോലി ചെയ്യുന്ന സ്റ്റുഡന്റ് വിസക്കാരും ഈ കൂട്ടത്തിലില്ലേ? എന്ന് വെച്ച് എല്ലാ നേഴ്സുമാരെയും കെയറർമാരെയും സ്റ്റുഡന്റ്‌സിനെയും ആരെങ്കിലും അങ്ങനെ അടച്ചാക്ഷേപിക്കാറുണ്ടോ? അത്രയേ ഉണ്ടാകൂ ബോട്ടിൽ വരുന്നവരിലും കള്ളനാണയങ്ങൾ.

ഒരു വീട്ടിലേക്ക് വിരുന്നു വരുന്നവരിൽ ആരെ താമസിപ്പിക്കണം ആരെ താമസിപ്പിക്കണ്ട എന്നത് ആ വീട്ടുകാരുടെ മാത്രം തീരുമാനമാണ്. ഒരു വിരുന്നുകാരന് മറ്റൊരു വിരുന്നുകാരനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അയാളെ ഇറക്കി വിടാൻ വീട്ടുകാരനോട് പറയാൻ ആ വിരുന്നുകാരന് ഒരവകാശവുമില്ല. നിങ്ങൾക്ക് മറ്റേയാളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ സ്ഥലം വിടുക. അതേപോലെ, ഒരു രാജ്യം അവിടേക്ക് വരുന്ന അഭയാർത്ഥികളെയും കുടിയേറ്റക്കാരെയുമൊക്കെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് അവരുടെ മാത്രം തീരുമാനമാണ്. അഭയാർത്ഥികളെ ഇഷ്ടപ്പെടാത്തവർക്ക് അഭയാർത്ഥികളെ പ്രവേശിപ്പിക്കാത്ത ഏതെങ്കിലും രാജ്യത്ത് പോയി സെറ്റിലായി സന്തോഷമായി ജീവിക്കാമല്ലോ.

പുതിയ നിയമങ്ങൾ വരുന്നതിൽ നിങ്ങൾക്ക് വിഷമമുണ്ടെങ്കിൽ അത് സർക്കാരിനോട് പറയുക, അല്ലെങ്കിൽ സർക്കാരിനെ തെറിവിളിക്കുക. ബോട്ടിൽ കയറി വരുന്ന പാവപ്പെട്ട അഭയാർഥികളുടെ മേലേക്ക് കേറാതിരിക്കുക. അവർ നിങ്ങളെ ഉപദ്രവിക്കുന്നൊന്നുമില്ലല്ലോ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+