ഇന്ത്യക്കാരെ യുക്രെയിനില്‍ നിന്ന് ഒഴിപ്പിക്കാന്‍ 130 ബസുകള്‍ സജ്ജമാക്കും; സുരക്ഷിതത്വം ഉറപ്പ് നല്‍കി റഷ്യ
കീവ്: യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്‌നിലെ ഖാര്‍കിവ്, സുമി നഗരങ്ങളില്‍ നിന്ന് കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും മറ്റ് വിദേശികളെയും ബെല്‍ഗൊറോഡ് മേഖലയിലേക്ക് മാറ്റാന്‍ റഷ്യ 130 ബസുകള്‍ അയയ്ക്കാന്‍ തയ്യാറാണെന്ന് റഷ്യന്‍ സൈനിക ജനറല്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിച്ച് യുക്രെയ്നിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതിന് തൊട്ടുപിന്നാലെയാണ് റഷ്യന്‍ നാഷണല്‍ ഡിഫന്‍സ് കണ്‍ട്രോള്‍ സെന്റര്‍ മേധാവി കേണല്‍ ജനറല്‍ മിഖായേല്‍ മിസിന്റ്സെവിന്റെ പരാമര്‍ശം.

ഏകദേശം 8,000 ഇന്ത്യക്കാര്‍, പ്രധാനമായും വിദ്യാര്‍ത്ഥികള്‍, ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും മറ്റ് വിദേശ സംസ്ഥാനങ്ങളിലെ പൗരന്മാരെയും രക്ഷിക്കുന്നതിനായി ഇന്ന് രാവിലെ 6 മണി മുതല്‍ ബെല്‍ഗൊറോഡ് മേഖലയിലെ നെഖോട്ടെവ്ക, സുഡ്ജ ചെക്ക്പോസ്റ്റുകളില്‍ നിന്ന് ഖാര്‍കോവ് ( ഖാര്‍കിവ് ), സുമി എന്നിവിടങ്ങളിലേക്ക് 130 ബസുകള്‍ പുറപ്പെടാന്‍ തയ്യാറാണെന്നാണ് റഷ്യന്‍ നാഷണല്‍ ഡിഫന്‍സ് കണ്‍ട്രോള്‍ സെന്റര്‍ മേധാവി കേണല്‍ ജനറല്‍ മിഖായേല്‍ മിസിന്റ്സെവ് അറിയിച്ചത്.

ചെക്ക്പോസ്റ്റുകളില്‍ താല്‍ക്കാലിക താമസത്തിനും വിശ്രമത്തിനുമുള്ള സ്ഥലങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് മിസിന്റ്സെവ് പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്ക് ചൂടുള്ള ഭക്ഷണം നല്‍കും; മരുന്നുകളുടെ ശേഖരവുമായി മൊബൈല്‍ ക്ലിനിക്കുകളും അവിടെ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാനായി റഷ്യയിലെ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ ബെല്‍ഗര്‍ഡില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, കുടിയൊഴിപ്പിക്കപ്പെട്ടവരെ റഷ്യന്‍ സൈനിക വിമാനങ്ങള്‍ ഉള്‍പ്പെടെ വിമാനമാര്‍ഗം അവരുടെ മാതൃരാജ്യത്തേക്ക് പോകുന്നതിനായി ബെല്‍ഗൊറോഡ് നഗരത്തിലേക്ക് കൊണ്ടുപോകുമെന്നാണ് റഷ്യ അറിയികുന്നത്. ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഉക്രെയ്ന്‍ വിടാന്‍ റഷ്യ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ബുധനാഴ്ച അവരുടെ ടെലിഫോണ്‍ സംഭാഷണത്തിനിടെ പ്രസിഡന്റ് പുടിന്‍ പ്രധാനമന്ത്രി മോദിക്ക് ഉറപ്പ് നല്‍കിയിരുന്നു.

ആവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ടെന്നും, ഇന്ത്യന്‍ പൗരന്മാരെ ശത്രുക്കളുടെ മേഖലയില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാനും അവരുടെ നാട്ടിലേക്ക് മടങ്ങാനും റഷ്യന്‍ സര്‍വീസ് അംഗങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പുടിന്‍ പറഞ്ഞിരുന്നു. ഖാര്‍കോവില്‍ നിന്ന് ഒരു കൂട്ടം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അടിയന്തിരമായി ഒഴിപ്പിക്കാന്‍ റഷ്യ പരമാവധി ശ്രമിക്കുന്നുണ്ടെന്നും റഷ്യ വക്താക്കള്‍ പറയുന്നു. യുക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യ, റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോള്‍ഡോവ എന്നിവയുള്‍പ്പെടെ മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യ ഫലപ്രദമായി ഏകോപനം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ പറഞ്ഞിരുന്നു.

ഫെബ്രുവരി 24 ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉക്രെയ്നില്‍ പ്രത്യേക സൈനിക ഓപ്പറേഷന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ യുക്രേനിയന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ പടിഞ്ഞാറന്‍ അയല്‍രാജ്യങ്ങളായ റൊമാനിയ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യ പ്രത്യേക വിമാനങ്ങള്‍ വഴി പൗരന്മാരെ ഒഴിപ്പിക്കുന്നു. ചൊവ്വാഴ്ച ഖാര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന് ശേഷം വിവിധ സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ സൗകര്യമൊരുക്കണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കിഴക്കന്‍ യുക്രെയ്നിലെ സംഘര്‍ഷ മേഖലകളായ ഹാര്‍കീവില്‍ 300ഉം സുമിയില്‍ 700ഉം ഇന്ത്യക്കാര്‍ അടക്കം ആകെ 1000 പേര്‍ കുടുങ്ങിക്കിടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അവരെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കാന്‍ ബസുകള്‍ ക്രമീകരിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു.












Click it and Unblock the Notifications