കാബൂൾ ദൌത്യം: കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ്, സഹായംതേടി 51 പേർ.. സംഘത്തിൽ സ്ത്രീകളും
തിരുവനന്തപുരം: താലിബാൻ അധികാരമേറ്റെടുത്തതോടെ അഫ്ഗാനിസ്താനിൽ നിന്ന് രക്ഷപ്പെടാൻ നോർക്കയെ സമീപിച്ച് മലയാളികൾ. 51 മലയാളികളാണ് നോർക്കയെ സമീപിച്ചിട്ടുള്ളത്. വടക്കേ ഇന്ത്യയിൽ നിന്നുള്ള കുറച്ച് ആളുകളും നോർക്കയെ സമീപിച്ചിട്ടുണ്ട്. കാബൂളിലെ ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാരാണ് ഇവരെല്ലാവരും.

അഫ്ഗാനിസ്ഥാനിലെ മറ്റ് പ്രദേശങ്ങളിൽ എത്ര മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം.

കണ്ണൂർ സ്വദേശിയായ ഒരാളാണ് കഴിഞ്ഞ ആഴ്ച സഹായം അഭ്യർത്ഥിച്ചുകൊണ്ട് നോർക്കയെ സമീപിക്കുന്നത്. ഇമെയിൽ വഴി ബന്ധപ്പെട്ട ഇയാളിൽ നിന്ന് നോർക്ക അധികൃതർ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നമ്പർ ലഭിച്ചതോടെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇതോടെ നിരവധി മലയാളി ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നതെന്നും ഇവരുടെ സ്ഥിതി ഗുരുതരമാണെന്നുമുള്ള വിവരങ്ങളാണ് ലഭിച്ചത്. ഇതിനിടെ കാബൂളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് പരസ്പരം ബന്ധപ്പെടുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ഗ്രൂപ്പ് വഴി പേര്, പാസ്പോർട്ട് വിവരങ്ങൾ എന്നിവ നോർക്ക ശേഖരിച്ച ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരും നോർക്ക ഉദ്യോഗസ്ഥരും ഇന്ത്യയിലേക്ക് മടങ്ങാൻ സഹായം ആവശ്യപ്പെട്ടവരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇവർക്കുള്ള നിർദേശങ്ങൾ വാട്സ്ആപ്പ് വഴിയാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഓരോ രണ്ട് മണിക്കൂർ ഇടവേളകളിലും ഇവരുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ഇവരിൽ നിന്ന് ലഭിക്കുന്ന ഓരോ വിവരങ്ങളും കൃത്യമായി വിദേശകാര്യമന്ത്രാലയത്തെ അറിയിക്കും. പ്രതിസന്ധി ഘട്ടത്തിൽ അഫ്ഗാനിസ്ഥാനിലുള്ളവരെ നാട്ടിലെത്തിക്കാൻ അഫ്ഗാൻ സെല്ലാണ് തീരുമാനമെടുക്കുന്നത്.

ഇക്കൂട്ടത്തിൽ മൂന്ന് മലയാളി വനിതകളുണ്ടെന്നാണ് നോർക്ക അധികൃതർ നൽകുന്ന വിവരം. താലിബാൻ രാജ്യത്ത് അധികാരം പിടിച്ചെടുത്തതോടെ താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങാൻ കഴിയാതെ സാഹചര്യത്തിലാണ് ഇവരിൽ ഓരോരുത്തരും കഴിയുന്നത്. കാബൂളിൽ പലമേഖലകളിലും അക്രമ സംഭവങ്ങളും താലിബാൻ ഭീകരരുടെ സാന്നിധ്യവുമുള്ളതിനാൽ വിമാനത്താവളത്തിലേക്ക് എത്തുന്നത് വെല്ലുവിളിയാണ്. ഇന്ത്യക്കാർ കഴിയുന്ന താമസസ്ഥലങ്ങൾ രഹസ്യമായി സൂക്ഷിച്ച് ഇവരെ സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് എത്തിക്കാനാണ് നീക്കം.

യുഎസ് അടക്കമുള്ള രാജ്യങ്ങളിലെ നിരവധി കമ്പനികളാണ് അഫ്ഗാനിസ്ഥാനിൽ നിരവധി പദ്ധതികളുടെ കരാറുകൾ ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് ജോലിക്കായി എത്തിയവ ഉദ്യോഗസ്ഥരാണ് ഇവരിൽ പലരും. താലിബാൻ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ വൈകുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇതാണ് ഇന്ത്യയുടെ രക്ഷാദൌത്യം വൈകിപ്പിച്ചത്. അതേ സമയം കാണ്ടഹാർ അടക്കമുള്ള മേഖലകളിലുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications