യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 67,000 പലസ്തീനികള്‍; സമാധാന ചര്‍ച്ചയ്ക്കായി യുഎസ്-ഇസ്രായേല്‍ സംഘം ഈജിപ്റ്റില്‍
ഗാസ: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 67,000-ത്തിലധികം പലസ്തീനികളെന്ന് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മരിച്ചവരില്‍ പകുതിയോളം സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബാക്രമണം നിര്‍ത്താന്‍ ഇസ്രായേലിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം ഉണ്ടായിട്ടും ഗാസ മുനമ്പിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയ ആക്രമണങ്ങളില്‍ 70 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് വര്‍ഷമായി നീണ്ടു നില്‍ക്കുന്ന ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് ഹമാസ് ബന്ദികളാക്കിയവരെ തിരികെ നാട്ടിലേക്കു കൊണ്ടുവരാനുള്ള പദ്ധതിയുടെ ആദ്യ ഘട്ട ഒരുക്കങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ട്രംപ് മുന്നോട്ടു വെച്ച ഗാസ സമാധാന കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഇസ്രായേലില്‍ നിന്നുള്ള സംഘം ഈജിപ്റ്റിലേക്ക് പോകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

ബന്ദികളെ മോചിപ്പിക്കുന്ന തീരുമാനം അന്തിമമാക്കാന്‍ ട്രംപിന്റെ മരുമകനും ഒരു യുഎസ് പ്രതിനിധിയും ഈജിപ്തിലേക്ക് പോയി. ഇസ്രായേലുമായുള്ള സമാധാന പദ്ധതി നടപ്പാക്കുന്നതില്‍ ഹമാസ് വരുത്തുന്ന കാലതാമസം താന്‍ സഹിക്കില്ലെന്ന് ട്രംപ് സമൂഹ മാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്‍കി.
മേഖലയില്‍ സമാധാനത്തിനുള്ള ട്രംപിന്റെ പദ്ധതി ചില നിബന്ധനകളോടെയാണ് ഹമാസ് അംഗീകരിച്ചത്. ഇതേതുടര്‍ന്നാണ് ഗാസയില്‍ ബോംബാക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്രായേലിനോട് നിര്‍ദേശിച്ചത്. ശാശ്വതമായ സമാധാനത്തിന് ഹമാസ് തയ്യാറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ട്രംപ് ഹമാസിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു.
അടിയന്തര വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ ഘട്ടംഘട്ടമായി പിന്‍വലിക്കല്‍ എന്നിവയാണ് ട്രംപ് മുന്നോട്ട് വച്ച പദ്ധതിയിലെ പ്രസക്ത ഭാഗങ്ങള്‍. ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാനും ഗാസയുടെ ഭരണം പലസ്തീനികളുടെ നേതൃത്വത്തിലുള്ള ടെക്‌നോക്രാറ്റുകള്‍ക്ക് കൈമാറാനും ഹമാസ് സമ്മതിച്ചു. ഇസ്രായേലിന്റെ തടങ്കലില്‍ കഴിയുന്ന നൂറുകണക്കിന് പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 67,000 കവിഞ്ഞതായി ശനിയാഴ്ചയാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. പട്ടികയില്‍ പുതുതായി 700-ലധികം പേരുകള്‍ ചേര്‍ത്തതോടെ മരണസംഖ്യ കുതിച്ചുയര്‍ന്നു. ഈ പട്ടികയില്‍ എത്ര പേരാണ് സാധാരണക്കാരെന്നോ പോരാളികളെന്നോ ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നില്ല. മരിച്ചവരില്‍ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്.












Click it and Unblock the Notifications