പുടിന്റെ 'കാമുകി' അലീന കബേവ, രഹസ്യ വിവാഹം കഴിഞ്ഞെന്ന്, രാജ്യം വിട്ട് ഒളിവിൽ, 'പുറത്താക്കണം'
റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ പുടിന്റെ ജീവിതം രഹസ്യങ്ങളും നിഗൂഢതകളും നിറഞ്ഞതാണ്. പുടിന്റെ ബാല്യകാലത്തെ കുറിച്ചടക്കം പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും സത്യാവസ്ഥ എന്താണെന്നത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമാണ്. യുക്രൈന്‍-റഷ്യ യുദ്ധത്തോടെയാണ് പുടിന്റെ വ്യക്തി ജീവിതവും ചര്‍ച്ചയാകുന്നത്.
അലീന കബേവ എന്ന പേര് റഷ്യക്കാര്‍ ഏറെ പരിചയമുളളതാണ്. അറിയപ്പെടുന്ന ജിംനാസ്റ്റിക് താരമാണ് അലീന എന്നത് മാത്രമല്ല ഈ പ്രശസ്തിക്ക് കാരണം. അലീന റഷ്യന്‍ പ്രസിഡണ്ടിന്റെ കാമുകി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ പുടിന് എതിരെയുളള നീക്കങ്ങള്‍ അലീനയ്ക്ക് നേരെയും തിരിയുകയാണ്.

2013ലാണ് വ്‌ളാഡമിര്‍ പുടിനും ഭാര്യ ല്യൂഡ്മില ഷ്‌ക്രബ്‌നേവയും വിവാഹ മോചിതരായത്. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. വിവാഹിതനായിരിക്കേ തന്നെയാണ് 2008ല്‍ അലീന കബേവയുമായി പുടിന്‍ അടുപ്പത്തിലായത് എന്നാണ് കരുതുന്നത്. ഈ അടുപ്പം അധികനാള്‍ രഹസ്യമായി തുടര്‍ന്നില്ല. ഒരു മുന്‍ കെജിബി ചാരന്റെ പത്രത്തിലൂടെ ഈ പ്രണയം പുറംലോകം അറിഞ്ഞു. എന്നാല്‍ പുടിന്‍ ഇതുവരെ ഈ പ്രണയം പരസ്യമായി അംഗീകരിച്ചിട്ടില്ല.

വിവാഹ മോചനം നേടിയതിന് ശേഷം പുടിന്‍ അലീനയെ വിവാഹം ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പരസ്യമായി അത്തരമൊരു വിവാഹം നടന്നിട്ടില്ല. അതേസമയം ഇരുവരും രഹസ്യ വിവാഹം നടത്തിയെന്നും ഈ ബന്ധത്തില്‍ രണ്ട് ഇരട്ടക്കുട്ടികള്‍ പിറന്നുവെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. യുക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയതിന് ശേഷം രാജ്യ്ം വിട്ടുവെന്ന് കരുതുന്ന അലീന നിലവില്‍ സ്വിറ്റ്‌സര്‍ലണ്ടിലാണ് ഉളളത്.

റഷ്യയ്ക്കും വ്‌ളാഡമിര്‍ പുടിനുമായി ബന്ധപ്പെട്ടവര്‍ക്കും മേല്‍ നടപ്പിലാക്കുന്ന ഉപരോധങ്ങള്‍ക്ക് അലീനയേയും വിധേയമാക്കണം എന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. change.org ല്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയില്‍ റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നും ബെലാറുസില്‍ നിന്നുമുളള നിരവധി പേരാണ് അലീന മൂന്ന് മക്കളുമായി സ്വിറ്റ്‌സര്‍ലണ്ടിലെ ഒരു ആഢംബര വില്ലയില്‍ ഒളിച്ച് കഴിയുകയാണെന്നും ഇവരെ പുറത്താക്കണം എന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്

ഏകദേശം അന്‍പതിനായിരത്തിലധികം പേരാണ് അലീന കസേബയെ സ്വിറ്റ്‌സര്‍ലന്‍ഡ് പുറത്താക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുളള അപേക്ഷയില്‍ ഒപ്പ് വെച്ചിരിക്കുന്നത് 38കാരിയായ അലീന ഒളിമ്പിക്‌സ് ഗോള്‍ഡ് മെഡല്‍ ജേതാവ് കൂടിയാണ്. ഇവരുടെ മെഡലുകളും തിരിച്ചെടുക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ജെര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലായി പ്രസിദ്ധീകരിച്ചിരിക്കുന്ന അപേക്ഷയില്‍ രൂക്ഷമായ വാക്കുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

റഷ്യ യുക്രൈന് മേല്‍ യുദ്ധം നടത്തുന്നു എന്ന സാഹചര്യം നിലനില്‍ക്കെയാണ് പുടിന്റെ അടുത്ത ആള്‍ക്ക് സ്വിറ്റ്‌സര്‍ലന്റ് അഭയമൊരുക്കിയിരിക്കുന്നത് എന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. സ്വിസ് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ഉയര്‍ത്താന്‍ റഷ്യയിലെയും യുക്രൈനിലേയും ബെലാറുസിലേയും ആളുകളെ തങ്ങള്‍ ഒരുമിപ്പിക്കുകയാണെന്ന് change.org പറയുന്നു. ചരിത്രത്തില്‍ ആദ്യമായി സ്വിറ്റ്‌സര്‍ലന്റ് തങ്ങളുടെ നിഷ്പക്ഷ നിലപാട് വെടിഞ്ഞിരിക്കുകയാണ് എന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

പുടിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ആറ് വര്‍ഷക്കാലം അലീന പാര്‍ലമെന്റ് അംഗമായിരുന്നു. സര്‍ക്കാര്‍ അനുകൂല മാധ്യമ ഗ്രൂപ്പായ നാഷണല്‍ മീഡിയ ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായി ഏഴ് വര്‍ഷത്തോളവും അലീന പ്രവര്‍ത്തിച്ചിരുന്നു. ഒരു വര്‍ഷം 8 മില്യണ്‍ പൗണ്ട് ആണ് ശമ്പളമായി ഇവര്‍ കൈപ്പറ്റിയിരുന്നത് എന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021 ഡിസംബറില്‍ ഡിവൈന്‍ ഗ്രൈസ് റിഥമിക് ജിംനാസ്റ്റിക് ടൂര്‍ണമെന്റിലാണ് അലീന അവസാനമായി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.












Click it and Unblock the Notifications