സാം ആള്‍ട്ട്മാന്‍ വീണ്ടും ഓപ്പണ്‍എഐയില്‍; പുതിയ ബോര്‍ഡ് അംഗങ്ങളെ നിയമിക്കുമെന്ന് കമ്പനി
ന്യൂയോര്‍ക്ക്: ഓപ്പണ്‍എഐയിലേക്ക് തിരികെ എത്തി മുന്‍ സി ഇ ഒ സാം ആള്‍ട്ട്മാന്‍. സാം ആള്‍ട്ട്മാനെ സിഇഒ ആയി തിരികെ കൊണ്ടുവരാനും പുതിയ ബോര്‍ഡ് അംഗങ്ങളെ നിയമിക്കാനും ധാരണയിലെത്തിയതായി ഓപ്പണ്‍എഐ അറിയിച്ചു. ബ്രറ്റ് ടെയ്‌ലര്‍, ലാറി സമ്മേഴ്‌സ്, ആദം ഡി ആഞ്ചലോ എന്നിവര്‍ അടങ്ങുന്നതായിരിക്കും ഡയറക്ടര്‍ ബോര്‍ഡ്. സാം ആള്‍ട്ട്മാനുമായി തത്വത്തില്‍ ഒരു കരാറില്‍ എത്തിയിട്ടുണ്ട് എന്ന് കമ്പനി അറിയിച്ചു.
ഓപ്പണ്‍എഐയിലേക്ക് മടങ്ങിവരാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് സാം ആള്‍ട്ട്മാനും പറഞ്ഞു. ഓപ്പണ്‍എഐയെ തനിക്ക് ഇഷ്ടമാണെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താന്‍ ചെയ്തതെല്ലാം ഈ ടീമിനെയും അതിന്റെ ദൗത്യത്തെയും ഒരുമിച്ച് നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളായിരുന്നു എന്നും സാം ആള്‍ട്ട്മാന്‍ എക്സില്‍ കുറിച്ചു. ഓപ്പണ്‍എഐയിലേക്ക് മടങ്ങാനും മൈക്രോസോഫ്റ്റുയുമായുള്ള പങ്കാളിത്തം കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പണ്‍എഐ സിഇഒ ആയി മടങ്ങിവരാനുള്ള തീരുമാനം സാം ആള്‍ട്ട്മാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ സുസ്ഥിരതയും ഫലപ്രദമായ നടത്തിപ്പും ആവശ്യമായതിനാല്‍ ഇത് അനിവാര്യമാണ് എന്നും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പറഞ്ഞു. നേരത്തെ സാം ആള്‍ട്ട്മാന്‍ ഓപ്പണ്‍എഐ വിട്ടതിന് പിന്നാലെ അദ്ദേഹത്തെ സത്യ നദെല്ലെ മൈക്രോസോഫ്റ്റിലേക്ക് ക്ഷണിച്ചിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്ര വേഗത്തില്‍ വികസിപ്പിക്കാമെന്നും ധനസമ്പാദനം നടത്താമെന്നും ഉള്ളത് സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് ഓപ്പണ്‍എഐയുടെ ബോര്‍ഡ് ആള്‍ട്ട്മാനെ പുറത്താക്കിയത്. ആള്‍ട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ കമ്പനിയില്‍ നിന്ന് ബോര്‍ഡ് അംഗങ്ങളില്‍ പലരും രാജിവെക്കാനൊരുങ്ങിയിരുന്നു. ഇതോടെ തിരിച്ചുവരാന്‍ കമ്പനി ആള്‍ട്ട്മാനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ചാറ്റ്ജിപിടിയുടെ സമാരംഭത്തോടെയാണ് ആള്‍ട്ട്മാന്‍ പ്രശസ്തി നേടിയത്. ഇത് എഐ ഗവേഷണത്തിനും വികസനത്തിനും ഒപ്പം ഈ മേഖലയില്‍ കോടിക്കണക്കിന് നിക്ഷേപം നടത്തുന്നതിനുള്ള ശ്രമങ്ങളുടെ കൂടി തുടക്കമാകുകയായിരുന്നു. ലോകത്തെ വിസ്മയിപ്പിച്ചെത്തിയ എഐ ചാറ്റ്സംവിധാനമായ ചാറ്റ്ജിപിറ്റിക്ക് ശോഭനമായ ഭാവിയായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ അതിനിടെയാണ് സാം ആള്‍ട്ട്മാനെ അപ്രതീക്ഷിതമായി കമ്പനി പുറത്താക്കിയത്. ഓപ്പണ്‍എഐയില്‍ വന്‍തോതില്‍ മുതല്‍ മുടക്കിയിരിക്കുന്ന കമ്പനികളിലൊന്നായിരുന്നു മൈക്രോസോഫ്റ്റ്. അതിനാല്‍ മൈക്രോസോഫ്റ്റിലേക്ക് സാം ആള്‍ട്ട്മാന്‍ പോകുന്നതിലെ വെല്ലുവിളികള്‍ കമ്പനി തിരിച്ചറിഞ്ഞതായിരിക്കാം പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് മാത്രം 10 ബില്ല്യന്‍ ഡോളറിലേറെ ഓപ്പണ്‍എഐയില്‍ നിക്ഷേപിച്ചിട്ടുണ്ട്.












Click it and Unblock the Notifications