കാബൂളിൽ വ്യോമാക്രമണം:ലക്ഷ്യമിട്ടത് ചാവേറുകളെയെന്ന് യുഎസ് സൈന്യം, സ്ഫോടക വസ്തുക്കൾ നശിപ്പിച്ചു
കാബൂൾ: അഫ്ഗാനിലെ രക്ഷാദൌത്യം അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോൾ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വ്യോമാക്രമണം. ഞായറാഴ്ച വൈകിട്ട് കാബൂളിലെ പതിനൊന്നാം സെക്യൂരിറ്റി ജില്ലയിൽ വിമാനത്താവളത്തിനടുത്തുള്ള ഖാജി ബാഗ്‌റയിലെ ഗുലൈ പ്രദേശത്തെ ഒരു കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായിട്ടുള്ളത്. ഡ്രോൺ ഇടിച്ചിറക്കുകയായിരുന്നു. വിമാനത്താവളത്തിന് സമീപത്തെ ജനവാസ പ്രദേശത്ത് നിർത്തിയിട്ടിരുന്ന സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്കിലേക്ക് ഡ്രോൺ ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് സൂചന.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റോക്കറ്റ് ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടതായി അസോസിയേറ്റ് പ്രസ് പ്രസ് റിപ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ആൾനാശം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. താലിബാനും യുഎസ് സൈന്യവും മിനിറ്റുകൾക്കകം സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.

യുഎസ് സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാദൌത്യം പുരോഗമിക്കുന്നതിനിടെ കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വടക്ക് പടിഞ്ഞാറ് ദിശയിലുള്ള ഒരു കെട്ടിടത്തിന് നേരെയാണ് റോക്കറ്റ് ആക്രമണമുണ്ടായതെന്നാണ് അഫ്ഗാൻ പോലീസ് നൽകുന്ന വിവരം. ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. അതേ സമയം കാബൂളിൽ ഐസിസ് ഖൊറോസാൻ ഭീകരരെ ലക്ഷ്യം വെച്ച് യുഎസ് സൈന്യമാണ് ആക്രമണം നടത്തിയതെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് യുഎസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

യുഎസ് സൈന്യത്തിന്റെ രക്ഷാദൌത്യം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ കാബൂളിൽ ഞായറാഴ്ച മറ്റൊരു സ്ഫോടനമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് സ്ഫോടനമുണ്ടായിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം ഏകദേശം 114,000 ആളുകളാണ് യുഎസ് നേതൃത്വത്തിലുള്ള രക്ഷാദൌത്യം വഴി രാജ്യം വിട്ടിട്ടുള്ളത്.

വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിന് സമീപത്ത് ഐസിസിന്റെ അഫ്ഗാനിസ്ഥാൻ പതിപ്പായ ഐസിസ് ഖൊറാസാൻ നടത്തിയ ഇരട്ട സ്ഫോടനങ്ങളിൽ നൂറിലധികം പേർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കകമാണ് രണ്ടാമത്തെ സ്ഫോടനം. 13 യുഎസ് സൈനികരും രാജ്യം വിടാൻ വിമാനത്താവളം ലക്ഷ്യംവെച്ച് നീങ്ങിക്കൊണ്ടിരുന്ന അഫ്ഗാൻ പൌരന്മാരുമാണ് വ്യാഴാഴ്ച
ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പ്രാദേശിക ചാപ്റ്ററിൽ നിന്നുള്ള ചാവേർ ബോംബർ എയർപോർട്ടിലേക്ക് വൻ ജനക്കൂട്ടത്തെ തടയുന്ന യുഎസ് സൈനികരെ ലക്ഷ്യമിട്ട് വ്യാഴാഴ്ച അരാജകവും നിരാശാജനകവുമായ പ്രവർത്തനം വ്യാഴാഴ്ച രക്തരൂക്ഷിതമായി.

ഇതിന് പിന്നാലെ തിരിച്ചടി നൽകുമെന്ന് വ്യക്തമാക്കിയ യുഎസ് കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഐസിസ് ഭീകരരെ ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന് പെന്റഗൺ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതേ സംഘം രാജ്യത്ത് കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ബിഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലെ സ്ഥിതി അതീവ അപകടകരമാണ്, വിമാനത്താവളത്തിൽ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നു ബിഡൻ പറഞ്ഞിരുന്നു. അടുത്ത 24-36 മണിക്കൂറിനുള്ളിൽ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് കമാൻഡർമാർ തന്നെ അറിയിച്ചുവെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.

കാബൂളിൽ ഞായറാഴ്ച ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കെതിരെ അമേരിക്ക മിസൈൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അഫ്ഗാനിസ്ഥാനിലെ രണ്ട് പതിറ്റാണ്ടിന് ശേഷം സൈനിക പിന്മാറ്റത്തിന്റെ അവസാന ഘട്ടത്തിലാണ് നാറ്റോ സൈന്യം. യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയായി രക്ഷാ ദൌത്യം പുരോഗമിച്ച് വരികയാണ്. യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തിന് മുമ്പ് അഫ്ഗാൻ വിടാനുള്ള നീക്കത്തിലാണ് രാജ്യങ്ങളെ നല്ലൊരു ശതമാനം ജനങ്ങൾ. ഈ പ്രക്രിയ അവസാനിച്ചുകഴിഞ്ഞാൽ സേന പുറത്തേക്ക് പറക്കാൻ തുടങ്ങുമെന്നാണ് യുഎസ് സൈനിക ഉദ്യോഗസ്ഥൻ പറയുന്നത്.

നിലവിലെ ധാരണ അനുസരിച്ച് ആഗസ്റ്റ് 31നകം അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കും. ഈ സമയപരിധി പാലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. നിലവിൽ നാലായിരത്തിൽ താഴെ സൈനികരാണ് രാജ്യത്ത് അവശേഷിക്കുന്നത്. യുഎസ് സൈന്യം പിന്മാറുന്നതോടെ കാബൂൾ വിമാനത്താവളത്തിന്റെ ചുമതല ഏറ്റെടുക്കാൻ താലിബാന് എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും തയ്യാറാണെന്ന് താലിബാനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കൻ സൈന്യത്തിന്റെ രക്ഷാദൌത്യം ലക്ഷ്യംവെച്ച് കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ആക്രമണം നടത്താൻ ഐസിസ് ചാവേറിന്റെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതെന്നാണ് താലിബാൻ വക്താവ് റോക്കറ്റ് ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്. 180 ഓളം പേർ കൊല്ലപ്പെട്ട കാബൂൾ വിമാനത്താവളത്തിന് സമീപം ഐസിസ്-കെ യുടെ ചാവേർ ബോംബ് ആക്രമണത്തിന്റെ പ്രതികാരമായി ജലജാബാദിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഐസിസ് ഭീകരരെ വധിച്ചെന്ന് പെന്റഗൺ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം.

സ്ഫോടനം നടന്നയുടൻ തന്നെ തിരക്കേറിയ ജനവാസ മേഖലയിൽ നിന്ന് പുക ഉയരുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. വ്യാഴാഴ്ച നടന്ന സ്ഫോടനത്തിൽ നിന്ന് ഞായറാഴ്ചത്തെ സ്ഫോടനം വ്യത്യസ്തമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിൽ റോക്കറ്റ് പതിച്ചു.

അഫ്ഗാനിസ്ഥാനിലെ ഹമീദ് കർസായി വിമാനത്താവളത്തിന് സമീപച്ച് ഭീഷണിയുയർത്തിയ ഐസിസ് കെ ഭീകരനെ വധിച്ചതായി യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവത്തിനടുത്ത് നിർത്തിയിട്ടിരുന്ന സ്ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിന് നേരെയാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് യുഎസ് സൈനിക വക്താവ് ബിൽ അർബനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലക്ഷ്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതായും ഈ വാഹനത്തിൽ ഗണ്യമായ തോതിൽ സ്ഫോടന വസ്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും വക്താവ് വ്യക്തമാക്കി. അതേ സമയം തന്നെ സ്ഫോടനത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അർബൻ പറഞ്ഞു. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications