ഇറാനും തുര്‍ക്കിയും പ്രശ്‌നക്കാര്‍; മുസ്ലിം രാജ്യങ്ങള്‍ ഒന്നിക്കും! ദമ്മാം യോഗത്തില്‍ മുഖ്യചര്‍ച്ച

  • Written By:
Subscribe to Oneindia Malayalam

ദമ്മാം: മുസ്ലിം രാജ്യങ്ങളുടെ ശത്രുക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. കുറച്ചുകാലം മുമ്പ് എല്ലാ മുസ്ലിം രാജ്യങ്ങളും ഒരുപോലെ ശത്രുസ്ഥാനത്ത് നിര്‍ത്തിയിരുന്ന രാജ്യം ഒന്നേയുണ്ടായിന്നുള്ളൂ, ഇസ്രായേല്‍. എന്നാല്‍ ഇന്ന് ഇതില്‍ മാറ്റം വന്നിരിക്കുന്നു. മിക്ക മുസ്ലിം രാജ്യങ്ങള്‍ക്കും ഇസ്രായേലുമായി പഴയ ശത്രുതയില്ല. പകരം മറ്റു ചില രാജ്യങ്ങള്‍ ഈ സ്ഥാനത്തേക്ക് വരികയാണ്.
ഇറാനെയാണ് പാകിസ്താന്‍ ഒഴികെയുള്ള എല്ലാ മുസ്ലിം രാജ്യങ്ങളും ശത്രുസ്ഥാനത്ത് കാണുന്നത്.

ഇതിന് കാരണം സൗദി അറേബ്യയാണ്. ഇറാനെ മുഖ്യ എതിരാളിയായി പ്രഖ്യാപിച്ചിരിക്കുന്നത് സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തുമാണ്. ഈ രാജ്യങ്ങളുടെ നിലപാടുകള്‍ക്ക് മേല്‍ക്കോയ്മ കിട്ടുകയാണ് മുസ്ലിം രാജ്യങ്ങളുടെ പ്രധാന യോഗങ്ങളില്‍. ദമ്മാമില്‍ ചേരുന്ന അടുത്ത യോഗത്തിലും ഇറാനെതിരായ നീക്കം പ്രധാന ചര്‍ച്ചയാണ്. കൂടെ തുര്‍ക്കിയെയും ഒറ്റപ്പെടുത്താന്‍ ആലോചന നടക്കും...

മുസ്ലിം ലോകത്തിന് ഭീഷണി

മുസ്ലിം ലോകത്തിന് ഭീഷണി

ഇറാനും തുര്‍ക്കിയും മുസ്ലിം ലോകത്തിന് ഭീഷണിയാണെന്നാണ് സൗദി സഖ്യരാജ്യങ്ങളുടെ പ്രചാരണം. അതുകൊണ്ടുതന്നെയാണ് ഇറാനും തുര്‍ക്കിക്കുമെതിരെ ചര്‍ച്ചകള്‍ നടക്കുന്നതും. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗിന്റെ 29ാം വാര്‍ഷിക ഉച്ചകോടി ദമ്മാമിലാണ് നടക്കാന്‍ പോകുന്നത്. ഞായറാഴ്ച നടക്കുന്ന യോഗം. അറബ് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഇറാനും തുര്‍ക്കിയും ഗൂഢാലോചന നടത്തുന്നുവെന്നാണ് ആക്ഷേപം. ഈ വിഷയം പ്രധാന ചര്‍ച്ചയാണ് ദമ്മാമിലെ യോഗത്തില്‍. അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കും.

പങ്കെടുക്കുന്ന പ്രമുഖര്‍

പങ്കെടുക്കുന്ന പ്രമുഖര്‍

അറബ് രാജ്യങ്ങളിലെ രാജാക്കന്‍മാര്‍, രാജകുമാരന്‍മാന്‍, രാഷ്ട്രത്തലവന്‍മാര്‍, പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍ എന്നിവരാണ് ഞായറാഴ്ചയിലെ യോഗത്തില്‍ പങ്കെടുക്കുക. സൗദി അറേബ്യന്‍ രാജാവ് സല്‍മാന്‍ ദമ്മാമില്‍ എത്തിയിട്ടുണ്ട്. നിരവധി വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെങ്കിലും ഇറാനും തുര്‍ക്കിക്കുമെതിരെ ശക്തമായ താക്കീത് നല്‍കുന്ന പ്രഖ്യാപനങ്ങള്‍ യോഗത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഫലസ്തീന്‍, സിറിയ, ലിബിയ, യമന്‍, ഭീകരതക്കെതിരായ യുദ്ധം തുടങ്ങിയ കാര്യങ്ങളും ദമ്മാം യോഗം ചര്‍ച്ച ചെയ്യും. വ്യാഴാഴ്ച മുതല്‍ മന്ത്രിതല യോഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഖത്തര്‍ പങ്കെടുക്കുമോ

ഖത്തര്‍ പങ്കെടുക്കുമോ

അറബ് ലീഗ് രാഷ്ട്ര നേതാക്കളുടെ യോഗത്തിന് മുന്നോടിയായി നിരവധി ആലോചനാ യോഗങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് വേണ്ടി അറബ് ലീഗ് പ്രതിനിധികള്‍ റിയാദിലെത്തി. അറബ് ലീഗില്‍ അംഗങ്ങളായ എല്ലാ മുസ്ലിം രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഈ സംഘത്തിലുണ്ടെന്ന് അറബ് ലീഗ് സെക്രട്ടറി ജനറലിന്റെ വക്താവ് മഹ്മൂദ് അഫീഫി പറഞ്ഞു. അറബ് രാജ്യങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഈ ഘട്ടത്തില്‍ ചേരുന്ന യോഗത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. ഖത്തറിന്റെ സാന്നിധ്യം യോഗത്തിലുണ്ടാകുമോ എന്നതാണ് ആശങ്ക. ഇക്കാര്യത്തില്‍ അറബ് ലീഗ് പ്രതിനധികള്‍ നിലപാട് വ്യക്തമാക്കി.

ഉപരോധത്തിന് ശേഷം ആദ്യ ഉച്ചകോടി

ഉപരോധത്തിന് ശേഷം ആദ്യ ഉച്ചകോടി

ഖത്തറിനെ യോഗത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്ന് അറബ് ലീഗ് പ്രതിനിധികള്‍ അറിയിച്ചു. ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച ശേഷം നടക്കുന്ന ആദ്യ അറബ് ലീഗ് വാര്‍ഷിക ഉച്ചകോടിയാണിത്. അതുകൊണ്ടുതന്നെയാണ് ഖത്തര്‍ പങ്കെടുക്കുമോ എന്ന ആശങ്ക ഉയര്‍ന്നത്. ഖത്തര്‍ പ്രതിനിധി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറബ് ലീഗ് നേതാക്കള്‍ അറിയിച്ചു. സൗദിയിലേക്ക് വരുന്നതിന് ഖത്തര്‍ പ്രതിനിധികള്‍ക്ക് വിലക്കുണ്ട്. അറബ് ലീഗ് നേതാക്കളുടെ അഭ്യര്‍ഥന പരിഗണിച്ച് യോഗത്തിനെത്തുന്ന ഖത്തര്‍ പ്രതിനിധികള്‍ക്ക് സൗദി ഇളവ് നല്‍കിയേക്കും.

തുര്‍ക്കിയുടെ പ്രശ്‌നം

തുര്‍ക്കിയുടെ പ്രശ്‌നം

തുര്‍ക്കി സൈന്യം സിറിയയിലും ഇറാഖിലും ഇടപെടുന്നത് സംബന്ധിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം ദമ്മാം യോഗം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ പ്രതികരിച്ചത്. ഒരു രാജ്യത്തിന്റെ സുരക്ഷക്ക് വിഘാതമാകുന്ന പ്രവര്‍ത്തനം മറ്റൊരു രാജ്യം ചെയ്യുന്നത് അറബ് ലീഗ് പ്രോല്‍സാഹിപ്പിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഇസ്രായേല്‍ വിഷയവും അറബ് ലീഗ് യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തീരുമാനിച്ചിരുന്നു. ഈ വിഷയവും ഗസക്ക് നേരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണവുമാണ് യോഗം ചര്‍ച്ച ചെയ്യുക.

കുഴപ്പക്കാരാകാന്‍ കാരണം ഇതാണ്

കുഴപ്പക്കാരാകാന്‍ കാരണം ഇതാണ്

ഇറാനും തുര്‍ക്കിയുമാണ് യോഗത്തിന്റെ മുഖ്യ അജണ്ടയെന്ന് അറബ് ലീഗ് വക്താവ് അഫീഫി വ്യക്തമാക്കി. അറബ് രാജ്യങ്ങളെല്ലാം ഈ രണ്ട് രാജ്യങ്ങളെ കുറിച്ച് പരാതിപ്പെടുന്നുണ്ട്. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നാണ് ആരോപണം. അതുകൊണ്ടാണ് ഇവരുടെ വിഷയം യോഗം കാര്യമായി എടുക്കുന്നത്. സൗദിയിലേക്ക് മിസൈല്‍ ആക്രമണം നടത്തുന്ന യമനിലെ ഹൂഥികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നുവെന്നാണ് ആക്ഷേപം. സൗദി അറേബ്യ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. മാത്രമല്ല, ലബ്‌നാന്‍, ഈജിപ്ത്, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങളും ലിബിയയും ഈ പരാതി ഉന്നയിച്ചിട്ടുണ്ട്. ഷിയാക്കള്‍ക്ക് എല്ലാ സഹായവും നല്‍കി മിക്ക രാജ്യങ്ങളിലും ആഭ്യന്തര കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് ഇറാനാണെന്നാണ് ആരോപണം. ഇറാനെതിരെ ചില കടുത്ത തീരുമാനങ്ങള്‍ ദമ്മാം യോഗത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.

ഖത്തറിന് സര്‍വ സഹായം

ഖത്തറിന് സര്‍വ സഹായം

ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ എല്ലാ പിന്തുണയും നല്‍കിയത് ഇറാനും തുര്‍ക്കിയുമായിരുന്നു. സൗദി ഉപരോധം ഖത്തറിനെ കാര്യമായി ബാധിക്കാതിരുന്നതും ഈ രണ്ട രാജ്യങ്ങളുടെ സഹായം കൊണ്ടാണ്. ഖത്തറില്‍ തുര്‍ക്കിയുടെ സൈന്യം തമ്പടിച്ചിട്ടുണ്ട്. ഉപരോധം പിന്‍വലിക്കണമെങ്കില്‍ തുര്‍ക്കി സൈന്യത്തെ പുറത്താക്കണമെന്നായിരുന്നു സൗദി സഖ്യം മുന്നോട്ട് വച്ച നിബന്ധനകളിലൊന്ന്. ഈ നിബന്ധന ഖത്തര്‍ അംഗീകരിച്ചിട്ടില്ല. ഉച്ചകോടിക്ക് മുന്നോടിയായുള്ള മന്ത്രിതല യോഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 22 രാജ്യങ്ങളിലെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Arab League Summit Kicks off Sunday in Dammam With Iranian, Turkish Fray Top of Agenda

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്