ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അര്‍ജന്റീന ടീം അംഗങ്ങള്‍ ഒപ്പിട്ട ജഴ്‌സി സമ്മാനം
ബ്യൂണസ് ഐറിസ്: ബ്രസീലില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളില്‍ റണ്ണേഴ്‌സപ്പായ അര്‍ജന്റീനന്‍ ടീമിന്റെ വക ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്‌നേഹ സമ്മാനം. ടീമിലെ എല്ലാ അംഗങ്ങളും ഒപ്പിട്ട പതിനൊന്നാം നമ്പര്‍ ജഴ്‌സിയാണ് മാര്‍പാപ്പയ്ക്ക് ടീം സമ്മാനിച്ചത്. അര്‍ജന്റീനക്കാരനായ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് ടീം ഫൈനലില്‍ വരെ എത്തിയതെന്ന് വിശ്വാസികള്‍ പറഞ്ഞിരുന്നു.
അര്‍ജന്റീനന്‍ ടീം അംഗമായിരുന്ന മാക്‌സി റോഡ്രിഗസ് തന്റെ ട്വിറ്ററിലൂടെയാണ് മാര്‍പാപ്പയ്ക്ക് സമ്മാനം നല്‍കിയ വിവരം അറിയിച്ചത്. സൂപ്പര്‍താരം ലയണല്‍ മെസ്സിക്കൊപ്പം ടീം അംഗങ്ങള്‍ ഒപ്പിട്ട ജഴ്‌സി പിടിച്ചു നില്‍ക്കുന്ന ചിത്രവും മാക്‌സി തന്റെ ട്വിറ്ററില്‍ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏതൊരു അര്‍ജന്റീനക്കാരനെയും പോലെ മാര്‍പാപ്പയും കടുത്ത ഫുട്‌ബോള്‍ ആരാധകനാണ്.

എന്നാല്‍ അര്‍ജന്റീന കളിക്കുന്നതുകൊണ്ടുതന്നെ അദ്ദേഹം ഫൈനല്‍ മത്സരം കണ്ടില്ലെന്ന് വത്തിക്കാന്‍ പ്രതിനിധി ഗില്ലെര്‍മോ ക്രാച്ചര്‍ അറിയിച്ചു. ഏതെങ്കിലും ഒരു ടീമിനായി പ്രാര്‍ത്ഥിച്ചെന്ന വിശ്വാസികളുടെ പരാതി ഉണ്ടാകാതിരിക്കാനാണത്രെ ഇത്. എന്തായാലും ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ജര്‍മനി കപ്പെടുക്കുകയും ചെയ്തു. ഏക പക്ഷീയമായ ഒരു ഗോളിനായിരുന്നു ജര്‍മനിയുടെ വിജയം.
അര്‍ജന്റീനയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബ് സാന്‍ ലോറന്‍സോയുടെ ആജീവനാന്ത അംഗത്വകാര്‍ഡിനുടമ കൂടിയാണ് ജനകീയനായ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. ലയണല്‍ മെസ്സി അടക്കം ടീമിലെ എല്ലാവരും ഒപ്പിട്ടു നല്‍കിയിരിക്കുന്ന സമ്മാനം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുമെന്ന കാര്യം ഉറപ്പാണ്.












Click it and Unblock the Notifications