ഡൊണാൾഡ് ട്രംപിന് നേരെ ആക്രമണ ശ്രമം; അക്രമി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപിന് നേരെ ആക്രമണ ശ്രമം. പെൻസിൽവേനിയയിൽ ബട്ട്ലർ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിൽ കാണികളിലൊരാൾ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്.
ട്രംപിന്റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമി എന്ന് സംശയിക്കുന്ന ആൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയതായും വിവരമുണ്ട്. ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല. അക്രമണം ഉണ്ടായ ഉടൻ സ്ക്രീട്ട് സർവീസ് സുരക്ഷാ സേന ട്രംപിന് സുരക്ഷാ വലയം തീർത്തു. ട്രംപ് നിലവിൽ സുരക്ഷിതനാണ് എന്ന് സുരക്ഷാ സേന അറിയിച്ചു.

സംഭവത്തിന്റെ പ്രാഥമിക വിവരങ്ങൾ പ്രസിഡന്റ് ഡോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ജോ ബൈഡൻ അക്രമത്തെ അപലപിച്ചു, "അമേരിക്കയിൽ ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് സ്ഥാനമില്ല" എന്ന് പറയുകയും ട്രംപ് സുരക്ഷിതനാണെന്ന് പറയുകയും ചെയ്തു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി പരിശോധിച്ചു എന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്റെ വക്താവ് അറിയിച്ചു.
ഗാലറിയിൽ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ട്രംപിന് നേരെയുണ്ടായത് വധ ശ്രമം ആണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്. "ഈ നികൃഷ്ടമായ പ്രവർത്തിയിൽ പെട്ടെന്ന് നടപടി സ്വീകരിച്ചതിന് നിയമപാലകരോടും ആദ്യം പ്രതികരിച്ചവരോടും പ്രസിഡൻ്റ് ട്രംപ് നന്ദി പറയുന്നു. അദ്ദേഹം സുഖമായിരിക്കുന്നു, ഒരു പ്രാദേശിക മെഡിക്കൽ സ്ഥാപനത്തിൽ പരിശോധിക്കുന്നു," എന്നാണ് വക്താവ് സ്റ്റീവൻ ച്യൂങ് പ്രസ്താവനയിൽ പറഞ്ഞത്.
ജനാധിപത്യത്തിൽ രാഷ്ട്രീയ അക്രമങ്ങൾക്ക് സ്ഥാനമില്ലെന്ന് മുൻ പ്രസിഡൻ്റ് ബരാക് ഒബാമ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെങ്കിലും മുൻ പ്രസിഡൻറ് ട്രംപിന് കാര്യമായ പരുക്ക് പറ്റിയില്ല എന്നതിൽ നമ്മൾ എല്ലാവരും ആശ്വസിക്കണം, ഒബാമ പറഞ്ഞു.
അടുത്തയാഴ്ച മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനു മുമ്പായി ട്രംപ് തൻ്റെ അവസാന പ്രചാരണ റാലിയിൽ പ്രസംഗിക്കാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വെടിവെപ്പുണ്ടായത്.












Click it and Unblock the Notifications