വാക്‌സിനെടുത്ത രേഖകളില്ല, ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോവിച്ചിന്റെ വിസ റദ്ദാക്കി
സിഡ്‌നി: ലോക ഒന്നം നമ്പര്‍ പുരുഷ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുന്നു. താരത്തിന് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാനുള്ള വിസ അധികൃതര്‍ റദ്ദാക്കിയിരിക്കുകയാണ്. വാക്‌സിനെടുത്തതിന്റെ രേഖകളില്ലാതെയാണ് താരം ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയത്.
മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയ ശേഷമാണ് താരത്തെ തടഞ്ഞത്. ജോക്കോവിച്ചിനെ ഇന്ന് തന്നെ സെര്‍ബിയയിലേക്ക് തിരിച്ചയയ്ക്കും. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടില്ലെന്നും ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ അധികൃതര്‍ തനിക്ക് ഇളവ് നല്‍കിയെന്നും ജോക്കോവിച്ച് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.
എന്നാല്‍ മെല്‍ബണിലെത്തിയതോടെ താരത്തിന് പ്രവേശനം നിഷേധിക്കുകയായിരുന്നു. ഒരാള്‍ക്ക് വേണ്ടി മാത്രം നിയമങ്ങളും ചട്ടങ്ങളും മാറ്റാന്‍ പറ്റില്ലെന്നായിരുന്നു ഇതിനോട് പ്രതികരിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതൊരു രാജ്യത്ത് എത്തിച്ചേരുമ്പോഴും മതിയായ രേഖകള്‍ ഉണ്ടായിരിക്കേണ്ടത് വ്യക്തിപരമായി യാത്രക്കാരുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഇളവുണ്ടെന്ന് പരസ്യമായി പറയുകയും ഉദ്യോഗസ്ഥര്‍ അത് പരിശോധിക്കുമ്പോള്‍ മതിയായ രേഖകളില്ലാതിരിക്കുകയും ചെയ്യുമ്പോഴുള്ള സ്വാഭാവിക നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ഒരു രാഷ്ട്രീയക്കാരനായാലും ടെന്നീസ് കളിക്കാരനായാലും ആധികാരികതയ്ക്കായി പരിശോധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ജോക്കോവിച്ചിന് ഇളവ് നല്‍കിയിട്ടുണ്ടെന്ന വാദങ്ങള്‍ ടൂര്‍ണമെന്റ് മേധാവി നിഷേധിച്ചു. മതിയായ കാരണങ്ങളില്ലാതെ ആര്‍ക്കും ഇളവ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഓസ്‌ട്രേലിയയില്‍ ജോക്കോവിച്ച് അക്ഷരാര്‍ത്ഥത്തില്‍ അപമാനിക്കപ്പെട്ടെന്ന് സെര്‍ബിയ കുറ്റപ്പെടുത്തി. സെര്‍ബിയന്‍ പ്രസിഡന്റ് ജോക്കോവിച്ചിനെ നേരില്‍ വിളിച്ച് സംസാരിച്ചു. രാജ്യം മുഴുവന്‍ അദ്ദേഹത്തിനൊപ്പമാണെന്ന് പ്രസിഡന്റ് അറിയിച്ചു.
അതേസമയം ജോക്കോവിച്ചിന്റെ മെഡിക്കല്‍ ഇളവ് സംബന്ധിച്ച വാദങ്ങള്‍ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ വിസ റദ്ദാക്കിയതെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ ജോക്കോവിച്ചിന് സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ വിസ റദ്ദാക്കിയാല്‍ രാജ്യം വിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ വാക്‌സിനേഷനെതിരെ നിലപാട് എടുത്തയാളാണ് ജ്യോക്കോവിച്ച്.
എന്നാല്‍ ഓസ്‌ട്രേലിയയുടെ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജോക്കോവിച്ചിന്റെ അഭിഭാഷകന്‍ പറഞ്ഞു. കൊവിഡിന്റെ ആരംഭകാലം മുതല്‍ ലോക്ഡൗണ്‍ ഉള്‍പ്പടെ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യമാണ് ഓസ്ട്രേലിയ.
ജനുവരി 17-നാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ ജോക്കോവിച്ചാണ് നിലവിലെ ചാമ്പ്യന്‍.












Click it and Unblock the Notifications