ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാറിനെ ഫ്ലാറ്റിലെത്തിച്ചത് ഹണി ട്രാപ്പിലൂടെ; യുവതി കസ്റ്റഡിയിൽ
ഡൽഹി: ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാറിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്. ബംഗ്ലാദേശ് സ്വദേശിയും മുഖ്യപ്രതി അക്തറുസ്സമാൻ ഷാഹിൻ്റെ കാമുകിയായ ശിലന്തി റഹ്മാൻ ആണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യു എസ് പൗരനാണ് അക്തറുസ്മാൻ. കൊൽക്കത്ത ന്യൂടൺ ഏരിയയിലുള്ള ഇയാളുടെ വാടക വീട്ടിലാണ് എംപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അൻവാറുൾ കൊല്ലപ്പെടുമ്പോൾ ശിലാന്തി കൊൽക്കത്തയിൽ ഉണ്ടായിരുന്നു. ഇവർ മെയ് 15 നാണ് ധാക്കയിലേക്ക് മടങ്ങിയതെന്നാണ് വിവരം. വാടക കൊലയാളിയായ അമാനുല്ല അമനുമൊത്താണ് ഇവർ മടങ്ങിയതെന്നും വാർത്തകൾ ഉണ്ട്. അൻവാറുൽ അസിംനെ ബംഗ്ലാദേശിൽ നിന്ന് കൊൽക്കത്തയിലേക്ക് കൊണ്ടുവരാൻ ശിലാന്തിയെ ഉപയോഗിച്ച് ഹണിട്രാപ് നടത്തുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന. അക്തറുസ്സമാൻ ഷാഹിൻ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്ക് അഞ്ച് കോടി രൂപ നൽകിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ ബംഗാൾ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് ഖുൽന ജില്ലയിലെ ബരക്‌പൂർ സ്വദേശിയും വാടകക്കൊലയാളിയായ ജിഹാദ് ഹവൽദാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ മുംബൈയിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നു. രണ്ട് മാസം മുമ്പാണ് ഇയാൾ കൊൽക്കത്തയിൽ എത്തിയതെന്ന് സിഐഡി വൃത്തങ്ങൾ അറിയിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമതിച്ചിട്ടുണ്ട്. കൊലപാതകത്തിൽ 4 പേർ കൂടി ഉൾപ്പെട്ടതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ, അക്തറുസ്സമാൻ്റെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ സമ്മതിച്ചു.
എംപിയെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി നുറുക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സി ഐ ഡി വൃത്തങ്ങൾ അറിയിക്കുന്ന്. എല്ലുകൾ കഷ്ണങ്ങളാക്കി നിരവധി പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി. പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
ബംഗ്ലാദേശിലെ ഭരണക്ഷിയായ അവാമി ലീദ് എംപിയാണ് കൊല്ലപ്പെട്ട അൻവാറുൽ അസിം. മേയ് 12-നാണ് അസിം അനാർ കൊൽക്കത്തയിലെത്തിയത്. ബരാനഗറിലുള്ള ഗോപാൽ ബിശ്വാസ് എന്ന സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇദ്ദേഹം താമസിച്ചത്. 13 ന് വൈദ്യപരിശോധനയ്ക്കായിപ്പോയ എംപിയെ പിന്നീട് കുടുംബത്തിന് ബന്ധപ്പെടാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ന്യൂടൗണിലുള്ള ഫ്ളാറ്റിൽ വെച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയെന്ന വിവരം പോലീസ് കണ്ടെത്തിയത്.












Click it and Unblock the Notifications