ശരീരത്തിലെ 'മരങ്ങള്‍ മുറിച്ചുമാറ്റാന്‍' 16 ശസ്ത്രക്രിയകള്‍, ഒടുവില്‍ അയാള്‍ക്ക് എന്തു സംഭവിച്ചു ?
വൃക്ഷ മനുഷ്യെനെന്നു ലോകം വിളിച്ച ബംഗ്ലദേശി യുവാവ് ശസ്ത്രക്രിയക്കു വിധേയനായി. ഒരു മാസത്തിനകം ഇയാള്‍ ആശുപത്രി വിടും.
ധാക്ക: വൃക്ഷ മനുഷ്യന്‍ എന്ന് ലോകം പേരിട്ടുവിളിച്ച ബംഗ്ലാദേശുകാരനായ യുവാവിനു പുതുജന്‍മം. ശരീരത്തിന്റെ വിവിധ ഭാഗങ്ങൡ നിന്ന് മരച്ചില്ലകള്‍ പോലെ ശിഖരങ്ങള്‍ വളര്‍ന്നുവരുന്ന അപൂര്‍വ്വ രോഗത്തിന് ഉടമയായ അബുല്‍ ബജന്ദറാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നത്.
ബംഗ്ലാദേശിലെ ഒരു ആശുപത്രിയില്‍ 16 ശസ്ത്രക്രിയകള്‍ക്കൊടുവില്‍ ഇയാളുടെ ശരീരത്തിലെ വളര്‍ന്നുവന്ന ഭാഗങ്ങള്‍ വെട്ടിയൊതുക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഒരു മാസത്തിനകം തന്നെ ആശുപത്രി വിടാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

നീക്കം ചെയ്തത് അഞ്ചു കിലോയോളം
അഞ്ചു കിലോയോളം ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിട്ടുണ്ട്. ഇതിനായി 16 ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു.

മകളെ നന്നായി വളര്‍ത്തണം
അസുഖത്തെത്തുടര്‍ന്ന് മകളെ നന്നായി വളര്‍ത്താന്‍ തനിക്കു സാധിച്ചിരുന്നില്ലെന്നും ഇനി അതു പരിഹരിക്കണമെന്നും അബുല്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. രോഗാവസ്ഥയില്‍ മകളെ എടുത്തുയര്‍ത്താന്‍ പോലും തനിക്കു കഴിഞ്ഞില്ലെന്നും ഇയാള്‍ നിരാശയോടെ പറയുന്നു.

ശ്രദ്ധയില്‍പ്പെട്ടത് ഒരു വര്‍ഷം മുമ്പ്
27 കാരനായ അബുലിന്റെ കൈ, കാല്‍ എന്നിവയുള്‍പ്പെടെ ചില ഭാഗങ്ങളില്‍ ക്രമാതീതമായ വളര്‍ച്ച ഏകദേശം ഒരു വര്‍ഷം മുമ്പാണ് കണ്ടെത്തിയത്. ഇതിനു ശേഷം ഒരു വര്‍ഷമായി ഇയാളും ഭാര്യയും മകളും ആശുപത്രിയിലാണ് കഴിയുന്നത്.

ഇനി സുഖമായി ജീവിക്കണം
മുന്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന അബുല്‍ അസുഖം ഭേദമായതോടെ പുതിയ സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ച സംഭാവനകള്‍ ഉപയോഗിച്ച് ഇനിയൊരു ചെറിയ കച്ചവടം തുടങ്ങുകയാണ് ഇയാളുടെ ലക്ഷ്യം.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വരോഗം
ലോകത്തു നിലവില്‍ നാലു പേര്‍ക്കു മാത്രമേ എപ്പിഡെര്‍മോഡിസപ്ലാസിയ വെറൂസിഫോര്‍മിസ് എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ രോഗം പിടിപെട്ടതായി കണ്ടെത്തിയിട്ടുള്ളൂ.

ചരിത്രത്തിലെ നാഴികക്കല്ല്
മെഡിക്കല്‍ സയന്‍സിന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളിലൊന്നാണ് ഈ ശസ്ത്രക്രിയയെന്ന് ഇതിനു നേതൃത്വം നല്‍കിയ ധാക്ക ആശുപത്രിയിലെ ഡോക്ടര്‍ സാമന്ത ലാല്‍ സെന്‍ പറഞ്ഞു. ലോകത്ത് ആദ്യമായാണ് ഈ രോഗം ബാധിച്ച ഒരാള്‍ ഇതു ഭേദമായി തിരിച്ചുവരുന്നതെന്നും സെന്‍ അവകാശപ്പെട്ടു.

ഇതേ രോഗത്താല്‍ ഒരാള്‍ മരിച്ചു
കഴിഞ്ഞ വര്‍ഷം ഇതേ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ ഒരാള്‍ മരിച്ചിരുന്നു.












Click it and Unblock the Notifications