യുഎഇ റെഡി!! ആദ്യ ഇടപാട് നടന്നു... ഇന്ത്യന്‍ രൂപ ഇനി കുതിക്കും, സൗദിയും ഇറാഖും വന്നേക്കും
ദുബായ്: ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുന്നത് റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. എല്ലാവരുമായും ഇതുവരെയുള്ള ഇടപാട് അമേരിക്കന്‍ ഡോളറിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് വലിയ ബാധ്യത വരുത്തിവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇടപാട് രൂപയിലേക്ക് മാറ്റണമെന്നാണ് ഇന്ത്യയുടെ താല്‍പ്പര്യം.
ഇതിനോട് ആദ്യമായി അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ് യുഎഇ. അടുത്തിടെ യുഎഇയില്‍ നിന്ന് വാങ്ങിയ എണ്ണയ്ക്ക് ഇന്ത്യ നല്‍കിയത് രൂപയാണ്. ഇന്ത്യയ്ക്ക് വലിയ നേട്ടമാകുന്ന ഇടപാടാണിത്. ഇന്ത്യന്‍ രൂപ ആഗോളതലത്തില്‍ മൂല്യം ഉയര്‍ത്താനുള്ള സാധ്യത ഇതോടെ തെളിഞ്ഞുകഴിഞ്ഞു. കൂടുതല്‍ രാജ്യങ്ങളുമായി രൂപയില്‍ ഇടപാട് നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. അറിയാം വിശദ വിവരങ്ങള്‍...

യുഎഇയില്‍ നിന്ന് വാങ്ങിയ അസംസ്‌കൃത എണ്ണയ്ക്ക് പകരം ഇന്ത്യ രൂപ നല്‍കിയത് വലിയ നേട്ടമായിട്ടാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. രൂപയില്‍ ഇടപാട് നടത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫലം കണ്ടിരുന്നില്ല. പ്രാദേശിക കറന്‍സികളില്‍ ഇടപാട് നടത്താമെന്ന നിര്‍ദേശം ഇന്ത്യ എണ്ണ രാജ്യങ്ങളുമായി പങ്കുവച്ചിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ വിദേശ നാണയ ശേഖരം ചോരുന്നത് പ്രധാനമായും എണ്ണ ഇടപാടിലൂടെയാണ്. എണ്ണയ്ക്ക് പകരം യുഎസ് ഡോളറാണ് ഇതുവരെ നല്‍കിയിരുന്നത്. യുഎഇയുമായി രൂപയില്‍ ഇടപാട് നടത്താന്‍ സാധിച്ചത് ഈ സാഹചര്യത്തിലാണ് നേട്ടമാകുക. സമാനമായ രീതിയില്‍ മറ്റു രാജ്യങ്ങളുമായും രൂപയില്‍ ഇടപാട് നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
എണ്ണ വാങ്ങുന്ന എല്ലാ രാജ്യങ്ങളുമായും രൂപയില്‍ ഇടപാട് നടത്താന്‍ വേഗത്തില്‍ സാധിക്കില്ലെന്ന് ഇന്ത്യ മനസിലാക്കുന്നു. എങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ചെലവ് കുറഞ്ഞ രീതിയല്‍ എണ്ണ സ്വന്തമാക്കുക, വ്യത്യസ്ത മേഖലകളെ ആശ്രയിക്കുക തുടങ്ങിയ രീതിയാണ് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ സ്വീകരിച്ചുവരുന്നത്.
യുക്രൈന്‍ യുദ്ധ വേളയില്‍ പ്രതിസന്ധിയിലായ റഷ്യ വില കുറച്ച് എണ്ണ വില്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ അവസരം മുതലെടുത്തിരുന്നു. കഴിഞ്ഞ മാസംവരെ ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങിയത് റഷ്യയില്‍ നിന്നാണ്. ഇറാഖും സൗദി അറേബ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാലാം സ്ഥാനത്താണ് യുഎഇ. എന്നാല്‍ യുഎഇയുമായി മാത്രമേ രൂപയില്‍ ഇടപാട് നടത്താന്‍ തയ്യാറായിട്ടുള്ളൂ.
കഴിഞ്ഞ ജൂലൈയിലാണ് രൂപയില്‍ ഇടപാട് നടത്താന്‍ യുഎഇയുമായി ധാരണയായത്. തുടര്‍ന്ന് അഡ്‌നോകില്‍ നിന്ന് വാങ്ങിയ പത്ത് ലക്ഷം ബാരല്‍ എണ്ണയ്ക്ക് പകരം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ രൂപയാണ് നല്‍കിയത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയ ചില വേളയില്‍ രൂപയില്‍ ഇടപാട് നടന്നുവെന്നും പിടിഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഡോളറിലുള്ള ഇടപാട് ചെലവേറുന്ന സാഹചര്യത്തില്‍ 18 രാജ്യങ്ങളുമായി രൂപയില്‍ ഇടപാട് നടത്താന്‍ തിരഞ്ഞെടുത്ത ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. രൂപയുടെ മൂല്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. യുഎഇയുമായി ഇടപാട് നടന്ന സാഹചര്യത്തില്‍ സൗദിയും ഇറാഖുമെല്ലാം രൂപയിലുള്ള ഇടപാടിന് തയ്യാറായേക്കും. അങ്ങനെ സംഭവിച്ചാല്‍ രൂപയുടെ മൂല്യം കുത്തനെ വര്‍ധിക്കും.












Click it and Unblock the Notifications