ബോക്കോഹറാം തീവ്രവാദികളുടെ പിടിയില്‍ നിന്നും 60 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു
അബുദ: നൈജീരയയിലെ ബോക്കോഹറാം ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളില്‍ നിന്നും 60 പേര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. നെജീരിയയിലെ ഒരു പ്രമുഖ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബോര്‍ണോ സ്‌റ്റേറ്റിലെ ബൊംബാവോയില്‍ നിന്നാണ് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിക്കപ്പെട്ടില്ല.
300 പെണ്‍കുട്ടികളെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നത്. വന്‍ സുരക്ഷയാണ് ഇവര്‍ രക്ഷപ്പെടാതിരിക്കാന്‍ തീവ്രവാദികള്‍ സജ്ജീകരിച്ചത്. പെണ്‍കുട്ടികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയതിനാല്‍ സൈന്യം പ്രദേശം വളഞ്ഞിരുന്നു. ഇതോടെ സൈന്യത്തെ നേരിടുന്നതിനായി ഒരു വിഭാഗം തീവ്രവാദികളെ പെണ്‍കുട്ടികളുടെ കാവല്‍ ജോലിയില്‍ നിന്നും പിന്‍വലിക്കേണ്ടിവന്നു.

ഈ അവസരം വിനിയോഗിച്ചാണ് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതെന്നാണ് വിവരം. പെണ്‍കുട്ടികളെ ചോദ്യം ചെയ്യുന്നതോടെ തീവ്രവാദികളുടെ ഉദ്ദേശത്തെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൈന്യം. ശേഷിക്കുന്നവരെ കൂടി രക്ഷപ്പെടുത്തി പുറത്തെത്തിക്കുവാനുള്ള ശ്രമം തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു.
തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികളെ തീവ്രവാദികള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി അവകാശപ്പെട്ടിരുന്നു. ഇവരില്‍ പലരെയും ബലാത്സംഗത്തിനിരയാക്കിയെന്നും ഗര്‍ഭിണികളാക്കുകയാണ് ഉദ്ദേശമെന്നും തീവ്രവാദികള്‍ ഒരു സന്ദേശത്തില്‍ പുറത്തുവിട്ടിരുന്നു. പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍ മതവിശ്വാസത്തില്‍ പെട്ടവരാണ്. തങ്ങള്‍ക്ക് വഴങ്ങാത്തവരെ വിറ്റു കാശാക്കുമെന്നാണ് തീവ്രവാദികളുടെ ഭീഷണി.












Click it and Unblock the Notifications