ബ്രിക്സ് ഉച്ചകോടി; ദക്ഷിണാഫ്രിക്കയിലെത്തി പ്രധാനമന്ത്രി..ഷി ജിങ്പിന്നുമായി കൂടിക്കാഴ്ച നടത്തിയേക്കും
ജൊഹന്നാസ്ബെർഗ്: 15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. ദക്ഷിണാഫ്രിക്കൻ ഡെപ്യൂട്ടി പ്രസിഡന്റ് പോൾ ഷിപോകോസ മഷാറ്റിൽ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. ആചാരപരമായ വരവേൽപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. 24 വരെ മോദി ദക്ഷിണാഫ്രിക്കയിലുണ്ടാകും.
ഇതാദ്യമായാണ് ബ്രിക്സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്ക വേദിയാകുന്നത്. അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ ഇന്ത്യയെ കൂടാതെ ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഉൾപ്പെടുന്നത്.

ഇന്ത്യൻ സമയം വൈകീട്ട് 7.30 നായിരിക്കും പ്രധാനമന്ത്രിയുടെ അഭിസംബോധന. തൊട്ട് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ സംസാരിക്കും. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറന്റ് ഉള്ളതിനാൽ അറസ്റ്റ് ഭയന്ന് പുടിൻ ഓൺലൈനായിട്ടായിരിക്കും ഉച്ചകോടിയിൽ പങ്കെടുക്കുക. ഉച്ചകോടിയിൽ ആഗോള സംഭവവികാസങ്ങളും ബ്രിക്‌സ് അംഗത്വ വിപുലീകരണം അടക്കമുള്ള വിഷയങ്ങളും ചർച്ചയാകും.
ലോക ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ബ്രിക്‌സ് ഗ്രൂപ്പിൽ ചേരാൻ 40-ലധികം രാജ്യങ്ങൾ താൽപ്പര്യം പ്രകടിപ്പിച്ചതായി കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കൻ നയതന്ത്രജ്ഞൻ വ്യക്തമാക്കിയിരുന്നു അർജന്റീന, ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ക്യൂബ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കൊമോറോസ്, ഗാബോൺ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് താത്പര്യം പ്രകടിപ്പിച്ചത്.
അതേസമയം ആഗോളതലത്തിലെ വികസനവും പരിഷ്കരണവും സഹകരണവും ചർച്ച ചെയ്യാനുള്ള വേദിയായി ബ്രിക്സ് മാറുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും മുൻപ് പ്രധാനമന്ത്രി പ്രതികരിച്ചു. സഹകരണത്തിന്റെ ഭാവി മേഖലകൾ തിരിച്ചറിയുന്നതിനും വ്യവസ്ഥാപിത വികസനം അവലോകനം ചെയ്യുന്നതിനും ബ്രിക്സ് വേദിയാകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ആഫ്രിക്കയും മധ്യേഷ്യയും അടക്കമുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ള തലവൻമാർ പങ്കെടുക്കും. അതേസമയം യോഗത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. ഗാൽവൻ സംഘർഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കൂടിക്കാഴ്ച നടന്നാൽ അതിർത്തി തർക്കത്തിന് ശേഷം ഇരുനേതാക്കളും നടത്തുന്ന ആദ്യ ചർച്ചയായിരിക്കും ഇത്.
വന്ദേമാതരം വിളിച്ച് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ഇന്ത്യൻ സമൂഹം
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പുമായി ഇന്ത്യൻ സമൂഹം. വന്ദേമാതരം വിളിച്ച് കൊണ്ടാണ് ഇവർ മോദിയെ സ്വീകരിച്ചത്. ചിലർ മോദിയെ കാലിൽ തൊട്ട് നമസ്കരിച്ചു. സ്ത്രീകളിൽ ചിലർ പ്രധാനമന്ത്രിയുടെ കൈയ്യിൽ രാഖി കെട്ടി. ഇതിന്റെ വീഡിയോ എഎൻഐ പങ്കുവെചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ ആര്യ സമാജ് പ്രസിഡന്റ് ആർതി നാനക്ചന്ദ് ഷാാനന്ദും ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗവും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകയുമായ ഡോ.സാരെസ് പടയാച്ചിയും ചേർന്നാണ് പ്രധാനമന്ത്രിക്ക് രാഖി കെട്ടി നൽകിയത്.'പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് സഹോദരനേക്കാൾ പിതാവിനെപ്പോലെയാണ്. ഞങ്ങളിൽ ഒരാളാണെന്ന തോന്നലാണ് അദ്ദേഹത്തിന്റെ സാന്നിധ്യം സമ്മാനിക്കുന്നത്. അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും', ആർതി പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിന് ശേഷം ഗ്രീസിലേക്കാണ് പ്രധാനമന്ത്രി പോകുക. 40 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്.












Click it and Unblock the Notifications