സുനകിന്റെ ഭരണത്തിന് അന്ത്യം കുറിക്കുമോ? വോട്ട് ചെയ്ത് ബ്രിട്ടന്‍, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം
ലണ്ടന്‍: ബ്രിട്ടന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് യുകെയിലുടനീളമുള്ള ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് പ്രാദേശിക സമയം പത്ത് മണിക്കാണ് അവസാനിക്കുക. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ ഒമ്പത് മണിക്ക് ഫലം പുറത്തുവരും. പ്രധാനമന്ത്രി ഋഷി സുനക്കിന്റെയും അദ്ദേഹത്തിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണിത്.
നേരത്തെ തപാല്‍ വോട്ടിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ 650 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കേവല ഭൂരിപക്ഷത്തിന് 326. സീറ്റാണ് വേണ്ടത്. പ്രധാന യുകെ ബ്രോഡ്കാസ്റ്റര്‍മാര്‍ കമ്മീഷന്‍ ചെയ്ത ഒരു എക്‌സിറ്റ് പോള്‍ വോട്ടെടുപ്പ് അവസാനിച്ചാലുടന്‍ പ്രസിദ്ധീകരിക്കും.

ഹൗസ് ഓഫ് കോമണ്‍സിലേക്കുള്ള തരഞ്ഞെടുപ്പില്‍ 46 ദശലക്ഷത്തിലേറെ പേര്‍ക്കാണ് സമ്മതിദാനാവകാശമുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 40000 ത്തോളം പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. കോമണ്‍വെല്‍ത്ത് രാജ്യമെന്ന നിലയില്‍ ഇന്ത്യക്കാരും തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുക.
ഋഷി സുനക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തുടര്‍ ഭരണം ലക്ഷ്യമിടുമ്പോള്‍ കെയര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി വന്‍ വിജയാമണ് പ്രതീക്ഷിക്കുന്നത്. സുനക്കും ഭാര്യ അക്ഷത മൂര്‍ത്തിയും യോര്‍ക്ക്‌ഷെയറിലെ റിച്ച്മണ്ട്, നോര്‍ത്താളര്‍ട്ടണ്‍ മണ്ഡലത്തിലെ അവരുടെ പ്രാദേശിക പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. കെയര്‍ സ്റ്റാര്‍മറും ഭാര്യ വിക്ടോറിയയും വടക്കന്‍ ലണ്ടനിലെ കാംഡനിലുള്ള പോളിംഗ് സ്റ്റേഷനിലെത്തിയും സമ്മതിദാനാവകാശം വിനിയോഗിച്ചു.
കണ്‍സര്‍വേറ്റീവിന് കീഴില്‍ അഞ്ച് വര്‍ഷം കൂടി താങ്ങാനാവില്ല എന്നും മാറ്റത്തിനായി ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം മെയ് 30 ന് നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. രണ്ട് പ്രധാന പാര്‍ട്ടികളെ കൂടാതെ, ലിബറല്‍ ഡെമോക്രാറ്റുകള്‍, ഗ്രീന്‍ പാര്‍ട്ടി, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, എസ്ഡിഎല്‍പി, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി, സിന്‍ ഫിയന്‍, പ്ലെയ്ഡ് സിമ്രു, എന്നിവരും മത്സരിക്കുന്നുണ്ട്.
ഈ തിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് പുറത്തുവന്ന മിക്ക അഭിപ്രായ സര്‍വേകളും സൂചിപ്പിക്കുന്നത്. സുനക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് ഋഷി സുനക് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications