അബദ്ധത്തില്‍ അതിർത്തി കടന്ന ബിഎസ്എഫ് കസ്റ്റഡിയിലെടുത്ത് പാക് സേന: മോചനത്തിനായി ചർച്ചകള്‍
ഡല്‍ഹി: ഇന്ത്യ - പാകിസ്താന്‍ ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ജവാനെ കസ്റ്റഡിയിലെടുത്ത് പാക് സേന. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തി അബദ്ധത്തില്‍ കടന്ന ബി എസ് എഫ് ജവാനെയാണ് പാകിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത്. 182-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ പി കെ സിംഗ് ആണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പാകിസ്താന്‍ സേന കസ്റ്റഡിയില്‍ എടുത്തതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
പാക് സേനയുടെ പിടിയില്‍ അകപ്പെട്ട പികെ സിംഗിന്റെ ചിത്രങ്ങളും പാക് മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. കോൺസ്റ്റബിൾ സിംഗ് യൂണിഫോമിൽ സർവീസ് റൈഫിളുമായി അതിർത്തിയിലെ കൃഷിഭൂമിയിൽ കർഷകരെ സഹായിക്കുന്നതിനിടെ വിശ്രമിക്കാനായി തണലിലേക്ക് നീങ്ങിയപ്പോൾ അബദ്ധവശാൽ അതിർത്തി കടക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരം അബദ്ധങ്ങൾ അതിർത്തിയിൽ അപൂർവമല്ലെന്നും, സൈനിക ചർച്ചകളിലൂടെ സാധാരണയായി ഇവ പരിഹരിക്കാറുണ്ടെന്നും ബി എസ് എഫ് അധികൃതർ അറിയിച്ചു. എന്നാല്‍ ഇത്തവണ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായ നയതന്ത്ര തിരിച്ചടികള്‍ നല്‍കിയ സാഹചര്യത്തില്‍ ഇപ്പോഴത്തെ സംഭവം പാകിസ്താന്‍ കൂടുതല്‍ വഷളാക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
നിലവിൽ, ജവാന്റെ സുരക്ഷിതമായ മോചനത്തിനായി ബി എസ് എഫും പാകിസ്ഥാൻ റേഞ്ചേഴ്സും തമ്മിൽ അട്ടാരി-വാഗാ അതിർത്തിയിൽ ഫ്ലാഗ് മീറ്റിംഗ് നടന്നുവരികയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക പ്രോട്ടോക്കോളുകൾ പാലിച്ച് വേഗത്തിൽ പരിഹാരം കാണാൻ ശ്രമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനു മുമ്പ് 2022-ൽ പഞ്ചാബിലെ അബോഹർ സെക്ടറിൽ സമാനമായ ഒരു സംഭവത്തിൽ, ഒരു ബിഎസ്എഫ് ജവാൻ അബദ്ധവശാൽ അതിർത്തി കടന്നപ്പോൾ, ഫ്ലാഗ് മീറ്റിംഗിനു ശേഷം 30 മണിക്കൂറിനുള്ളിൽ പാകിസ്താന്‍ റേഞ്ചേഴ്സ് സൈനികനെ തിരികെ അയച്ചിരുന്നു. സമാനമായ രീതിയില്‍ നിലവിലെ ഫ്ലാഗ് മീറ്റിംഗ് വിജയകരമായി പൂർത്തിയാകുമെന്നും കോൺസ്റ്റബിൾ പി കെ സിംഗിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ കഴിയുമെന്നും ബി എസ് എഫ് ഉദ്യോഗസ്ഥർ പ്രത്യാശ പ്രകടിപ്പിക്കുന്നു.
ജവാനെ പാക് സേന വിട്ടുനല്‍കുകയാണെങ്കില്‍ പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിലെ പിരിമുറുക്കങ്ങൾക്കിടയിലും, അതിർത്തിയിൽ സൈനിക സഹകരണത്തിന്റെ ഒരു നല്ല ഉദാഹരണമായി മാറിയേക്കാമെന്നും നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്താന്‍ ബന്ധം അതീവ സങ്കീർണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.












Click it and Unblock the Notifications