പ്രസിഡന്റിന്റെ കൗണ്‍സില്‍ അംഗം; ഇന്ത്യന്‍ പതാകയേന്തിയ മലയാളി ട്രംപിന്റെ അടുത്ത അനുയായി
വാഷിങ്‌ടണ്‍: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ കഴിഞ്ഞ ദിവസം ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ട ആക്രമണം ജനാധിപത്യ രാജ്യമായ അമേരിക്കക്ക് ഏറെ നാണക്കേടുണ്ടാക്കുന്നതായിരുന്നു. കാപ്പിറ്റോളിന് പുറത്തും അകത്തും ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. കാപ്പിറ്റോളിലെ പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി എത്തിയ വിന്‍സെന്റ് പാലത്തിങ്കല്‍ എന്ന മലയാളി ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി മെമ്പറും ട്രംപ് അനുകൂലിയുമായ വിന്‍സന്റ് പാലത്തിങ്കല്‍ ആയിരുന്നു ഇന്ത്യന്‍ പതാകയുമായി പ്രക്ഷോഭത്തിനെത്തിയത്. വിന്‍സെന്റ് പാലത്തിങ്കല്‍ എന്ന അമേരിക്കന്‍ മലയാളി ആള് ചില്ലറക്കാരനല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍.
വിര്‍ജീനിയയിലെ പ്രസിഡന്റിന്റെ എക്‌സ്‌പോര്‍ട്ട് കൗണ്‍സില്‍ അംഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്‌ത് വ്യക്തിയാണ് സാക്ഷാല്‍ വിന്‍സെന്റ് പാലത്തിങ്കല്‍. 2020 സെപ്‌റ്റംബര്‍ 15ന് വൈറ്റ് ഹൗസ് ഭരണ സംബന്ധമായ തസ്‌തികകളിലേക്ക് പ്രസിഡന്റ് നിരവധി പേരെ നാമനിര്‍ദേശം ചെയ്‌തുകൊണ്ടുള്ള വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയിരുന്നു.

ടെക്‌നോളജി സംരംഭകനായ വിന്‍സെന്റ് അമരം ടെക്‌നോളജിയുടെ സ്ഥാപകനും ഇന്തോ അമേരിക്കന്‍ സെന്ററിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറുമാണ്. വിര്‍ജീനിയിയലെ മാക് ലീനിലാണ് വിന്‍സെന്റും കുടുംബവും താമസിക്കുന്നത്. 2013ലെ സ്‌മോള്‍ ബിസിനസ് എക്‌സ്‌പോര്‍ട്ടര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കരസ്‌തമാക്കിയ ആളു കൂടിയാണ് വിന്‍സന്റ്.
സമരത്തില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്താറുണ്ട്. അവരെല്ലാം സ്വന്തം രാജ്യങ്ങളുടെ പതാകകള്‍ കയ്യിലേന്താറുണ്ട്. അത്തരത്തിലാണ് താനും ഇന്ത്യന്‍ പതാകയുമായെത്തിയതെന്ന് വിന്‍സെന്റ് പ്രതികരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് അഴിമതി നിര്‍ത്തണമെന്നാവശ്യപ്പെട്ട് സമാധാനപരമായാണ് സമരം നടത്തിയതെന്ന് വിന്‍സെന്റ് പറയുന്നു. പത്ത് ലക്ഷത്തോളം ആളുകളാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. സമാധാനപരമായ സമരത്തിലേക്ക് കുറച്ച് പേര്‍ നുഴഞ്ഞ് കയറുകയായിരുന്നു. അവരാണ് അക്രമം നടത്തിയതെന്നും വിന്‍സെന്റ് ആരോപിക്കുന്നു.
എന്നാല്‍ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കിയ സംഭവമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. ശശി തരൂര്‍ എംപി, പ്രിയങ്ക ചതുര്‍വേദി എന്നിവരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications