തന്ത്രം മെനഞ്ഞ് ഇന്ത്യ; ഇറാനുമായി ചേര്‍ന്ന് നിര്‍ണായക നീക്കം, ലക്ഷ്യം മധ്യേഷ്യയും യൂറോപ്പും
ടെഹ്‌റാന്‍: ആഗോള ചരക്ക് ഗതാഗതത്തില്‍ നിര്‍ണായക സാന്നിധ്യമാണ് ഇറാന്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. ഈ രണ്ട് മേഖലകളുമായും സൗഹൃദമുള്ള ഇന്ത്യ, യൂറോപ്പിലേക്ക് എളുപ്പവഴി വെട്ടുകയാണ്. ഇന്ത്യയും ഇറാനും തമ്മില്‍ ഇന്ന് നിര്‍ണായക കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് വിവരം. കേന്ദ്ര തുറമുഖ-കപ്പല്‍ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇറാനിലേക്ക് തിരിച്ചത് ഇതിന്റെ ഭാഗമാണ്.
ഇന്ത്യയില്‍ നിന്ന് തുടങ്ങി ഗള്‍ഫ് രാജ്യങ്ങളിലേക്കും ശേഷം പശ്ചിമേഷ്യയിലൂടെ ഇസ്രായേല്‍ വഴി യൂറോപ്പിലേക്കുമുള്ള പുതിയ സാമ്പത്തിക ഇടനാഴി കഴിഞ്ഞ സെപ്തംബറില്‍ ജി20 സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ഇറാനുമായി ചേര്‍ന്ന് മറ്റൊരു പാത. മധ്യേഷ്യന്‍ രാജ്യങ്ങളെയും യൂറോപ്പിനേയുമാണ് ഈ പാതയും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള ചാബഹാര്‍ തുറമുഖ നടത്തിപ്പില്‍ ഇന്ത്യ ഭാഗമാകുന്നതാണ് പുതിയ കരാര്‍...

ഇറാനിലെ ചാബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പില്‍ ഇറാനും ഇന്ത്യയും കൈകോര്‍ക്കുകയാണ്. അടുത്ത പത്ത് വര്‍ഷം തുറമുഖത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതില്‍ ഇന്ത്യയ്ക്ക് കൂടി പങ്കാളിത്തം നല്‍കുന്ന കരാര്‍ വലിയ നേട്ടമാകും. ഇറാനിലെ തെക്ക് കിഴക്കന്‍ തീരത്താണ് ചാബഹാര്‍ തുറമുഖം. ഇറാനിലേക്കും മധ്യേഷ്യയിലേക്കും ചരക്ക് ഗതാഗതം സുഗമമാക്കാനാണ് തുറമുഖ വികസനത്തില്‍ ഇന്ത്യയും പങ്കാളിയായത്.
അഫ്ഗാനിസ്താന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി വേഗത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന ഈ പാത പാകിസ്താനെയും ചൈനയെയും ആശ്രയിക്കാതെ ഇന്ത്യയ്ക്ക് മുന്നോട്ട് പോകാന്‍ സഹായിക്കും. ഒമാന്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള ചാബഹാര്‍ തുറമുഖം മധ്യേഷ്യയിലേക്ക് മാത്രമല്ല എളുപ്പവഴി ഒരുക്കുന്നത്. കാസ്പിയന്‍ കടലിലൂടെ റഷ്യയിലേക്കും യൂറോപ്പിലേക്കും വഴിയൊരുക്കുന്നുണ്ട്.
ചൈന സിന്‍ജിയാങില്‍ നിന്ന് പാകിസ്താനിലെ കറാച്ചി തുറമുഖത്തേക്ക് സില്‍ക്ക് റോഡ് നിര്‍മിക്കുന്നുണ്ട്. തുടര്‍ന്ന് മധ്യേഷ്യന്‍ വിപണിയിലേക്ക് ചരക്ക് എത്തിക്കാനാണ് ചൈനയുടെ പദ്ധതി. ഇതിനെ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കുന്നതാണ് ചാബഹാര്‍ തുറമുഖം. ഇവിടെ ഇന്ത്യ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും അമേരിക്കയുടെ ഉപരോധമാണ് എല്ലാം വൈകിപ്പിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ സന്ദര്‍ശിച്ച് പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചാബഹാര്‍ തുറമുഖ പദ്ധതി വേഗത്തില്‍ തീര്‍ക്കാന്‍ ധാരണയാകുകയും ചെയ്തു. മറ്റു ചില കരാര്‍ സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നത്. എങ്ങനെയാണ് ഇതുവഴി യൂറോപ്പിലേക്ക് എത്തുക എന്ന് പറയാം...
സ്വതന്ത്ര കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്ക് (സിഐഎസ്) എത്താനുള്ള എളുപ്പ മാര്‍ഗമാണ് ചാബഹാര്‍ തുറമുഖം. അന്താരാഷ്ട്ര നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോറിന്റെ (ഐഎന്‍എസ്ടിസി) ഭാഗമായിട്ടാണ് തുറമുഖം വികസിപ്പിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പേര്‍ഷ്യന്‍ ഗള്‍ഫിലേക്കും കാസ്പിയന്‍ കടലിലൂടെ റഷ്യ വഴി യൂറോപ്പിലേക്കുമാണ് പാത.
മുംബൈയിലെ തുറമുഖത്ത് നിന്ന് പുറപ്പെടുന്ന ചരക്കുകള്‍ കടല്‍ വഴി ചാബഹാര്‍ തുറമുഖത്തെത്തും. തുടര്‍ന്ന് കാസ്പിയന്‍ കടലിലെ ഇറാന്‍ തുറമുഖമായ ബാന്തറെ അന്‍സാലിയിലേക്ക് റോഡ് വഴി ചരക്കെത്തിക്കും. അവിടെ നിന്ന് റഷ്യന്‍ ഫെഡറേഷന്റെ ഭാഗമായുള്ള കാസ്പിയന്‍ തുറമുഖമായ അസ്ട്രഖാനിലേക്ക് എത്തും. ശേഷം റഷ്യയുടെ മറ്റു ഭാഗങ്ങളിലേക്കും റെയില്‍വെ വഴി യൂറോപ്പിലേക്കുമാണ് ചരക്ക് എത്തുക.












Click it and Unblock the Notifications