ലോകാരോഗ്യ സംഘടനയ്ക്ക് രാജ്യത്ത് എത്തി പഠനം നടത്താം; അനുമതി നല്‍കി ചൈന
ബീജിങ്ങ്: കൊറോണ വൈറസ് മഹമാരിയെ കുറിച്ച് രാജ്യത്തിനകത്ത് എത്തി പഠനം നടത്താന്‍ ലോകാരോഗ്യ സംഘടനയ്ക്ക് അനുമതി നല്‍കി ചൈന. കൊറോണ വൈറസിന്‍റെ ഉറവിടം എവിടെ നിന്ന് എന്നതാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തിന്‍റെ പഠന വിഷയം. വൈറസ് പൊട്ടിപ്പുറപ്പെട്ട മധ്യ ചൈനയിലെ വുഹാന്‍ നഗരത്തിലടക്കം പരിശോധനയക്കും പരീക്ഷണത്തിനുമാണ് ചൈന അനുമതി നല്‍കിയിരിക്കുന്നത്. അമേരിക്ക ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും രാജ്യത്തിനകത്ത് എത്തി പഠനം നടത്താന്‍ ചൈന ആര്‍ക്കും അനുമതി നല്‍കിയിരുന്നില്ല.
എന്നാല്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക പിന്‍മാറി മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈന പുതിയ നിലപാട് അറിയിക്കുന്നത്. അമേരിക്കയുടെ പിന്മാറ്റം ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിദഗ്ധര്‍ക്ക് രാജ്യത്ത് എത്തി പഠനം നടത്താന്‍ ചൈന അനുമതി നല്‍കിയതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തെ ചൈന അപലപിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയുടെ നീക്കം കോവിഡ് മഹാമാരിക്കെതിരായ അന്താരാഷ്ട്ര നീക്കങ്ങളെ പിന്നോട്ടടിക്കുമെന്നും ഇപ്പോള്‍ ആഗോള സമൂഹം ലോകാരാഗ്യ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിക്കേണ്ട സമയമാണെന്നും ചൈനീസ് വിദേശ കാര്യ വക്താവ് സാലോ ലീജിയന്‍ അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനയെ അദ്ദേഹം വലിയ തോതില്‍ പുകഴ്ത്തുകയും ചെയ്തു.
അതേസമയം, അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. 3128080 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതിയ 30996 രോഗികളാണ് ഉണ്ടായത്. 448 മരണവും സംഭവിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 134420 ആയി. 1,620,225 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 15387 പേരുടെ സ്ഥിതി ഗുരുതരമാണ് 1,373,435 പേര്‍ക്ക് രോഗമുക്തി നേടാനായി.