ബൈഡന്‍ പ്രതീക്ഷിക്കാത്തത് നടന്നു; ഇടിച്ചുകയറി ചൈന; ത്രികക്ഷികള്‍ ഒന്നിച്ചാല്‍ ഇന്ത്യ അടവുമാറ്റും
ബീജിങ്/കാബൂള്‍: സെപ്തംബര്‍ 11നകം അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറുമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. 20 വര്‍ഷം കഴിഞ്ഞതിനാല്‍ താലിബാന് പഴയ ശക്തി കാണില്ലെന്ന് കരുതിയ ബൈഡന് തെറ്റി. അമേരിക്ക രാജ്യം വിടുന്നതിന് മുമ്പ് തന്നെ താലിബാന്‍ ദിവസങ്ങള്‍ക്കം അഫ്ഗാന്റെ ഭരണം പിടിച്ചു. അമേരിക്കയെ പിന്തുണച്ചിരുന്ന പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു.
അവസരം മുതലെടുത്ത് ചൈന ഇടിച്ചുകയറി. താലിബാനുമായി സഹകരിക്കാന്‍ അവര്‍ തീരുമാനിച്ചു. പിന്നാലെ താലിബാനെ പുകഴ്ത്തി പാകിസ്താനും രംഗത്തെത്തി. ഇന്ത്യാ വിരുദ്ധ ശക്തികള്‍ മേഖലയില്‍ ഒന്നിക്കുമ്പോള്‍ ഇന്ത്യ പുതുവഴി തേടേണ്ടി വരും. വിശദാംശങ്ങള്‍ ഇങ്ങനെ....

ചൈനയുമായും പാകിസ്താനുമായും റഷ്യയുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു താലിബാന്‍. ഒരു ഭാഗത്ത് സൈനികമായി അമേരിക്കയെ നേരിടുമ്പോള്‍ തന്നെ അവരുടെ പ്രതിനിധികള്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അമേരിക്കയെ ചെറുക്കാന്‍ താലിബാന് ആയുധങ്ങള്‍ നല്‍കിയത് ഈ രാജ്യങ്ങളാണോ എന്ന് സംശയം പ്രകടിപ്പിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്.

അടുത്തിടെ തിലാബാന്‍ നേതാക്കള്‍ റഷ്യയിലും ചൈനയിലുമെത്തി ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിയിരുന്നു. അതേ വേളയില്‍ തന്നെയാണ് താലിബാന്‍ നേതാക്കള്‍ ഖത്തറില്‍ ലോക രാജ്യങ്ങളുമായി സമാധാന ചര്‍ച്ച തുടര്‍ന്നതും. അമേരിക്കന്‍ സൈന്യം പൂര്‍ണമായും അഫ്ഗാന്‍ വിടുന്നതിന് മുമ്പ് തന്നെ താലിബാന്‍ ഭരണം പിടിക്കുമ്പോള്‍ മേഖലയിലെ സംഭവങ്ങള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈന-പാകിസ്താന്‍ ഇതര രാജ്യങ്ങളുമായി മികച്ച സൗഹൃദമാണുള്ളത്. അഫ്ഗാന്‍ ഭരണകൂടവുമായും ഇന്ത്യ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഇന്ത്യയുടെ വ്യാവസായിക നേട്ടത്തിനും ഇതു വഴി ഒരുക്കി. അഫ്ഗാന്റെ അയല്‍രാജ്യമായ ഇറാന്‍ ഇന്ത്യയുമായി നല്ല ബന്ധം തുടരുന്നുണ്ട്. എന്നാല്‍ ഇറാനിലും അഫ്ഗാനും ഭരണ മാറ്റം സംഭവിച്ചിരിക്കുകയാണിപ്പോള്‍.

ചൈനയെ സംബന്ധിച്ചിടത്തോളം അമേരിക്കക്കും ഇന്ത്യയ്ക്കുമെതിരായ നീക്കത്തിനാണ് അവസരം വന്നിരിക്കുന്നത്. അമേരിക്ക അഫ്ഗാന്‍ വിടുമ്പോള്‍ താലിബാനെ ആദ്യം അംഗീകരിച്ചത് ചൈനയാണ് എന്നതും എടുത്തുപറയേണ്ടതാണ്. തൊട്ടുപിന്നാലെ പാകിസ്താനും. എന്നാല്‍ താലിബാന്‍ പൂര്‍ണമായും ഇന്ത്യയ്‌ക്കെതിരെ തിരിയില്ലെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന താലിബാന്‍ നേതാവിന്റെ പ്രസ്താവന ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്.

അയല്‍രാജ്യങ്ങളിലെ ഒരു വിഷയത്തിലും താലിബാന്‍ ഇടപെടില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സൈനികമായി അഫ്ഗാനിലേക്ക് വന്നാല്‍ തിരിച്ചടിക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ നല്‍കുന്നു. ഈ അവസരത്തിലാണ് സഹായിക്കാനെന്ന പേരില്‍ ചൈന അടുക്കുന്നത്. താലിബാനുമായുള്ള അടുപ്പം സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ.

ചൈന ഉയ്ഗൂര്‍ മുസ്ലിങ്ങളെ സംശയത്തോടെയാണ് കാണുന്നത്. ഇവര്‍ക്ക് താലിബാന്റെ സഹായം ലഭിക്കുമോ എന്ന ആശങ്ക ചൈനയ്ക്കുണ്ട്. എന്നാല്‍ പുറത്തുള്ള ഒരു ശക്തിയെയും സഹായിക്കില്ലെന്ന് താലിബാന്‍ ചൈനയ്ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്. താലിബാന്‍ ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നത് തടയാനുള്ള തന്ത്രങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്ന് ഉറപ്പാണ്.

1996-2001 കാലത്ത് അഫ്ഗാന്‍ ഭരിച്ച വേളയില്‍ താലിബാനെ ഖത്തറും സൗദിയും അംഗീകരിച്ചിരുന്നു. ഈ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് അടുത്ത ബന്ധമാണ്. അതുകൊണ്ടുതന്നെ ചൈനയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ല. അതേസമയം, പാകിസ്താനിലൂടെ ചൈന കൊണ്ടുവരുന്ന ചരക്കുപാത ഇനി അഫ്ഗാനിലേക്കും നീങ്ങിയേക്കും. അതുവഴി വിശാലമായ വ്യാപാര നേട്ടമാണ് ചൈന സ്വപ്‌നം കാണുന്നത്.












Click it and Unblock the Notifications