ഇന്ത്യക്കാര്‍ കരുതിയിരിക്കുക, ചൈനയും പാകിസ്താനും ഒന്നിക്കുന്നു, ചൈന ചെലവിടുന്നത് കോടികള്‍
ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിക്ക് കീഴില്‍ മൂന്ന് റോഡ് നിര്‍മാണത്തിനാണ് ചൈനയുടെ നീക്കം, ഇത്രയധികം ഫണ്ട് ചൈന വിദേശരാജ്യത്ത് ഇറക്കുന്നത് ആദ്യം.
ദില്ലി: പാകിസ്താനുമായി ചൈന എന്നും നല്ല ചങ്ങാത്തത്തിലാണ്. ഇവരുടെ ബന്ധം ഊട്ടിയുറപ്പിക്കുന്ന വാര്‍ത്തകള്‍ എല്ലാ ആഴ്ചയിലും പുറത്തുവരുന്നുണ്ട്. ചൈന വന്‍തോതില്‍ പാകിസ്താനില്‍ ഫണ്ടിറക്കുന്നുവെന്നാണ് ഒടുവിലെ വാര്‍ത്ത. ഇന്ത്യാവിരുദ്ധ ശക്തികളെ സംഘടിപ്പിക്കുകയാണോ ചൈന ചെയ്യുന്നതെന്ന ആശങ്ക വര്‍ധിച്ചുവരവെയാണ് പുതിയ റിപോര്‍ട്ടുകള്‍.
ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) ക്ക് വേണ്ടിയാണ് ചൈനയുടെ പണമിറക്കല്‍. ചൈനയുടെ യുവാന്‍ ഇറക്കാനുള്ള ഒരു കുഴിയായി പാകിസ്താന്‍ മാറിയെന്ന ആരോപണം പാകിസ്താനില്‍ പ്രമുഖര്‍ ഉന്നയിച്ചിട്ടുമുണ്ട്. സിപിഇസിക്ക് കീഴില്‍ മൂന്ന് റോഡ് പദ്ധതികള്‍ക്ക് ചൈന നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് പുതിയ റിപോര്‍ട്ട്.

സിപിഇസിയുടെ ഭാഗമായി പാകിസ്താനിലെ ഗ്വാദാര്‍ നഗരത്തില്‍ ചൈന ഉരുക്ക് ഫാക്ടറി സ്ഥാപിക്കുമെന്ന് കഴിഞ്ഞാഴ്ചയാണ് പ്രഖ്യാപിച്ചത്. പുതിയ മൂന്ന് പദ്ധതികള്‍ക്ക് വേണ്ടി പാകിസ്താന് 10766 കോടി രൂപ ചൈന വായ്പ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഡോണ്‍ റിപോര്‍ട്ട് ചെയ്തു. മറ്റൊരു മൂന്ന് റോഡ് നിര്‍മാണത്തിന് വേണ്ടി 91700 കോടി രൂപ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

സാമ്പത്തിക ഇടനാഴിക്ക് വേണ്ടി ചൈന പാകിസ്താന് ഇതുവരെ നല്‍കിയത് 1.025 ലക്ഷം കോടി രൂപയാണ്. സാമ്പത്തിക ഇടനാഴി പദ്ധതി പൂര്‍ത്തിയായാല്‍ ചൈനയും പാകിസ്താനും തമ്മില്‍ വ്യാപാര ബന്ധവും ആശയവിനിമയ സംവിധാനങ്ങളും മെച്ചപ്പെടും. പദ്ധതിയുടെ ഭാഗമായി ഹൈവേ, റെയില്‍വേ, വാതക കുഴല്‍ തുടങ്ങി നിരവധി ജോലികളാണ് പുരോഗമിക്കുന്നത്. ഇതിന് പുറമെ മറ്റു അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്ക് വേണ്ടിയും ചൈന കോടികള്‍ പാകിസ്താനില്‍ ചെലവഴിക്കുന്നുണ്ട്.

ഇത്രയധികം പണം ചൈന പാകിസ്താനില്‍ ചെലവിടുന്നതിന്റെ ലക്ഷ്യമെന്താണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ചോദ്യം. ചില പാകിസ്താനി സെനറ്റര്‍മാരെ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയുടെ നടപടിയില്‍ ദുരുദ്ദേശമുണ്ടെന്ന് അവര്‍ പറയുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മാതൃകയില്‍ കച്ചവടത്തിന് വന്ന് രാജ്യം പിടിക്കാനുള്ള തന്ത്രമാണന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ബിസിനസ് കണ്ണുള്ള പാക് പ്രധാനമന്ത്രി നവാസ് ശെരീഫ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ചൈനയിലുമുണ്ട് ഈ പദ്ധതിക്കെതിരേ പ്രതിഷേധം. പാകിസ്താനില്‍ ഇത്രയധികം പണം ചെലവിട്ട് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിന്റെ സുരക്ഷയുടെ കാര്യത്തില്‍ ഉറപ്പുണ്ടോ എന്നാണ് അവരുടെ ചോദ്യം. ഇത്രയധികം പണം ചൈന വിദേശരാജ്യത്ത് ചെലവിടുന്നത് ആദ്യമാണ്. ചൈനയുടെ ഔദ്യോഗിക മാധ്യമം കഴിഞ്ഞാഴ്ച ഇക്കാര്യത്തില്‍ ചൈനീസ് ഭരണകൂടത്തെ താക്കീത് ചെയ്ത് എഡിറ്റോറിയല്‍ എഴുതിയിരുന്നു.












Click it and Unblock the Notifications