ആഴ്ച്ചകളായി കാണാനില്ല, വിദേശകാര്യ മന്ത്രിയെ മാറ്റി ചൈന, ക്വിന്‍ ഗാങ്ങ് എവിടെയാണ്? വിവരങ്ങള്‍ ഇങ്ങനെ
ബെയ്ജിങ്: ചൈനയില്‍ കാണാതായ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങിനെ മാറ്റി ചൈന. പുതിയ മന്ത്രിയെ നിയമിക്കുകയും ചെയ്തു. വാങ്ങ് യി ആണ് പുതിയ വിദേശകാര്യ മന്ത്രാലയം. ചൈനയുടെ ഉന്നതാധികാര സമിതി വോട്ടെടുപ്പിലൂടെയാണ് വാങ്ങ് യിയെ നിയമിക്കാന്‍ തീരുമാനിച്ചതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കിന്‍ ഗാങ്ങ് എവിടെയാണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ജൂണ്‍ 25നാണ് അവസാനമായി ഗാങ്ങിനെ പൊതുപരിപാടിയില്‍ കണ്ടത്. അതിന് ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. റഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം പ്രതിനിധികളുമായുള്ള ചര്‍ച്ചകളായിരുന്നു ജൂണ്‍ 25ന് നടന്നത്. അതേസമയം ആരോഗ്യ കാരണങ്ങളാലാണ് അദ്ദേഹം മാറി നില്‍ക്കുന്നതെന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി അടുത്ത ബന്ധമുണ്ടായിരുന്ന മന്ത്രിയാണ് ക്വിന്‍ ഗാങ്ങ്.

നേരത്തെ പുതുവത്സര അവധിസമയത്ത് എട്ട് ദിവസത്തോളം അദ്ദേഹത്തെ ഇതുപോലെ കാണാനില്ലായിരുന്നു. എന്നാല്‍ ഇത് ഒരു മാസത്തോളമായി അദ്ദേഹത്തെ കാണാതായിട്ട്, അതാണ് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ഇപ്പോഴും മന്ത്രി എവിടെ പോയി എന്നതിന് ചൈനീസ് സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. മന്ത്രിയുടെ തിരോധാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലാം ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്‌ബോയില്‍ നിരോധിച്ചതാണ്. വെയ്‌ബോയില്‍ ഇതേ കുറിച്ചുള്ള സെര്‍ച്ചുകള്‍ക്കും നോ റിസള്‍ട്ട് എന്ന മറുപടിയാണ് ലഭിക്കുക.
അതേസമയം ക്വിന്നിനെ എന്തുകൊണ്ട് നീക്കം ചെയ്തു എന്നതിന് യാതൊരു കാരണവും ചൈനീസ് സര്‍ക്കാര്‍ നല്‍കിയില്ല. പകരം ഷി ജിന്‍പിംഗ് ഒപ്പിട്ട പ്രസിഡന്‍ഷ്യല്‍ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തത്. 2022 ഡിസംബറിലാണ് ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യ മന്ത്രിയായി 57കാരനായ ക്വിന്‍ ഗാങ്ങ് നിയമിതനാവുന്നത്. ചൈനയില്‍ ഏറ്റവും സ്വാധീന ശക്തിയുള്ള നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.
നേരത്തെ യുഎസ്സിലെ ചൈനീസ് സ്ഥാനപതിയായും ഗാങ്ങ് ചുമതല നിര്‍വഹിച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച ഏഷ്യന്‍ ഉച്ചകോടിക്കുള്ള സംഘത്തില്‍ നിന്നും ക്വിന്നിനെ ചൈന മാറ്റിയിരുന്നു. ആരോഗ്യ പ്രശ്‌നം തന്നെയായിരുന്നു അപ്പോഴും പറഞ്ഞിരുന്നത്. ചൈനീസ് നയതന്ത്രത്തില്‍ അടിമുടി മാറ്റം കൊണ്ടുവന്നതാണ് ക്വിന്നിനെ, ഷി ജിന്‍പിംഗിന് പ്രിയങ്കരനാക്കിയത്. അഗ്രസീവായിട്ടുള്ള ശൈലിയായിരുന്നു ഇത്. അതേസമയം പല നേതാക്കളും മുമ്പ് ഇതുപോലെ മുഖ്യധാരണയില്‍ നിന്ന് കാണാതായിട്ടുണ്ട്. നിരവധി പേര്‍ ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് പിന്നീട് കോടതിയില്‍ എത്തുകയും ചെയ്തിട്ടുണ്ട്.
ഇതുപോലെ മുമ്പ് പലപ്പോഴും ക്വിന്നിനെ കാണാതായിട്ടുണ്ട്. എന്നാല്‍ ഇത്തവണ അതിനേക്കാള്‍ ഏറെ കാലം നീണ്ടതാണ് ചര്‍ച്ചകള്‍ക്ക്കാരണമായിരിക്കുന്നത്. ക്വിന്നിന് മാധ്യമപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. അതായിരിക്കാം തിരോധാനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications