കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും! ജിഹാദിനോടുള്ള പ്രതികരണം തേടി; പക്ഷേ, ആ ചോദ്യത്തിന് ഉത്തരമില്ല..
കേരളത്തിലെ ജനങ്ങൾക്ക് ജിഹാദി റിക്രൂട്ട്മെന്റിനോടും, ഭീകരവാദ പ്രസ്ഥാനങ്ങളോടുമുള്ള പ്രതികരണം എന്താണെന്നാണ് കേംബ്രിഡ്ജ് അനലിറ്റിക്ക അന്വേഷിച്ചത്.
ലണ്ടൻ: ലോക വ്യാപകമായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിൽ നിന്നും വിവരം ശേഖരിച്ചിരുന്നതായി വെളിപ്പെടുത്തൽ. കേംബ്രിഡ്ജ് അനലിറ്റിക്കയിലെ മുൻ ജീവനക്കാരനായ ക്രിസ്റ്റഫർ വെയിലിയാണ് തങ്ങൾ കേരളത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നതായി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
കേരളത്തിലെ ജനങ്ങൾക്ക് ജിഹാദി റിക്രൂട്ട്മെന്റിനോടും, ഭീകരവാദ പ്രസ്ഥാനങ്ങളോടുമുള്ള പ്രതികരണം എന്താണെന്നാണ് കേംബ്രിഡ്ജ് അനലിറ്റിക്ക അന്വേഷിച്ചത്. എന്നാൽ ആർക്ക് വേണ്ടിയാണ് കേരളത്തിൽ നിന്ന് ഇത്തരത്തിലുള്ള വിവരങ്ങൾ ശേഖരിച്ചതെന്ന് ക്രിസ്റ്റഫർ വെയിലി വെളിപ്പെടുത്തിയില്ല. കേരളത്തിന് പുറമേ മറ്റ് അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും സമാനരീതിയിൽ വിവരം ശേഖരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മാതൃസ്ഥാപനമായ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ ലാബോറട്ടറീസ്(എസ്സിഎൽ) ആണ് ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്. 2003 മുതലാണ് ഇവർ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഇതിനിടെ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ നിയമസഭ തിരഞ്ഞെടുപ്പുകളിലും ഇടപെട്ടു. 2007ലാണ് കേരളം, ബംഗാൾ, അസം, ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ജിഹാദിനോടുള്ള പ്രതികരണം തേടിയത്. കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയിൽ സജീവമായി പ്രവർത്തിച്ചിരുന്നതായും, കോൺഗ്രസുമായി സഹകരിച്ചെന്നും വെയിലി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടൻ പാർലമെന്റിൽ സംസാരിക്കുന്നതിനിടെയായിരുന്നു വെയിലിയുടെ വിവാദ വെളിപ്പെടുത്തൽ.












Click it and Unblock the Notifications